രാജ്യത്ത് മൊത്തം വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി
രാജ്യത്ത് നിലവിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഔദ്യോഗിക കണക്കനുസരിച്ചു കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളു.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. വാർത്ത സമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. രോഗ വ്യാപനം ഇല്ലാതാകുന്ന രീതിയിൽ ആളുകൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നു രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂന്ന് സുപ്രധാന ഇടങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചതിന് പിന്നാലെയാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വാക്സിൻ അടിയന്തരമായി നൽകേണ്ടവരുടെ പട്ടിക കേന്ദ്രം നേരത്തെ തയ്യാറാക്കിയിരുന്നു. ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, സായുധ സേന, അമ്പത് വയസിന് മുകളിലുളളവർ, അമ്പത് വയസിൽ താഴെ മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
'ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുമ്പ്, അതിനെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ അറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് നല്ലതാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു. രാജ്യത്ത് മൊത്തം കുത്തിവെപ്പ് നൽകുന്നതിനെപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല', ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. നിർണായക ജനവിഭാഗത്തിന് വാക്സിൻ നൽകി കൊവിഡ് വ്യാപനം ഇല്ലാതാക്കാൻ സാധിച്ചാൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ടി വരില്ലെന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി. കൊവിഡ് നേരത്തെ സ്ഥിരീകരിച്ചവർക്ക് വാക്സിൻ നൽകേണ്ടതുണ്ടോ എന്നതു ലോകമെങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യത്ത് ഇതുവരെയും ഹെർഡ് ഇമ്മ്യൂണിറ്റി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് നിലവിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഔദ്യോഗിക കണക്കനുസരിച്ചു കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. എന്നാൽ ഓഗസ്റ്റ് വരെ മാത്രം രാജ്യത്തെ പത്തു വയസിന് മുകളിലുള്ള ഏഴ് ശതമാനത്തോളം പേർക്ക് രോഗം ബാധിച്ചിരുന്നതായി ഐസിഎംആർ നടത്തിയ രണ്ടാം സെറോ സർവേയിൽ പറയുന്നു. മുംബൈയിൽ അടുത്തയിടെ നടത്തിയ സെറോ സർവേയിൽ 75 ശതമാനം പേർക്കും വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായും ഡൽഹിയിൽ നാലിലൊരാളുടെ ശരീരത്തിൽ ആന്റിബോഡി ഉള്ളതായും കണ്ടെത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!