ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ 'ഹാഗിയ സോഫിയ' മ്യൂസിയം ഇന്ന് മുതൽ ഇസ്ലാം മതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കും. യുനെസ്കോ, റഷ്യ, യുഎസ് തുടങ്ങിയവരുടെ എതിര്‍പ്പ് മറികടന്നാണ് ക്രിസ്ത്യന്‍ ദേവാലയം കൂടെയായിരുന്ന ഹാഗിയ സോഫിയയെ ഉർദുഗാൻ മുസ്ലിം പള്ളിയാക്കി മാറ്റിയത്.
ഇസ്താംബുളിലെ ലോക പ്രശസ്ത മ്യൂസിയം ഹാഗിയ സോഫിയയിൽ ഇന്ന് മുതൽ മുസ്ലിം പ്രാർത്ഥനകൾ മുഴങ്ങും. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതി വിധി വന്നതിന് പിന്നാലെയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാൻ അതിനെ മുസ്ലിം പള്ളിയാക്കി പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങളുടെയും യുനെസ്കോ ഉൾപ്പെടെയുള്ള സംഘടനകളുടെയും സമ്മർദ്ധങ്ങളും എതിർപ്പും മറികടന്നാണ് അയ സോഫിയ എന്നും ഹാഗിയ സോഫിയ എന്നും അറിയപ്പെടുന്ന മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയത്. ആ നിർമിതി ആറാം നൂറ്റാണ്ടിൽ ക്രൈസ്തവ ദേവാലയം ആയിട്ടാണ് നിർമിച്ചത് എന്ന് ചൂണ്ടിക്കാട്ടി നടപടിയെ മാർപാപ്പയും, ക്രൈസ്തവ സംഘടനകളും വിമർശിച്ചിരുന്നു.

യുനെസ്കോ നൽകുന്ന നിർദേശങ്ങൾ വഴിയല്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ല എന്ന് യുനെസ്കോയുടെ സാംസ്കാരിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഏണസ്റ്റോ ഒട്ടോണി റാമിറസ് വ്യക്തമാക്കിയിരുന്നു. യുനെസ്കോയുടെ അംഗീകാരം ഇല്ലാതെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് സാംസ്കാരിക മന്ത്രി ലിനാ മെൺഡോണിയും പറഞ്ഞിരുന്നു.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ നിർമിച്ച, ‘ഹാഗിയ സോഫിയ, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മുസ്ലിം പള്ളിയാക്കി മാറ്റിയത്. ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള പ്രസിഡന്റ് ഉര്ദുഗാൻ മതേതരത്തെ നശിപ്പിക്കുകയാണ് എന്ന് പ്രശസ്ത തുർക്കി എഴുത്തുകാരനായ ഒർഹാൻ പാമുക് അഭിപ്രായപ്പെട്ടിരുന്നു.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!