അമേരിക്കയുടെ 45 മത്തെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് 2016 ൽ അധികാരത്തിൽ വന്നത് വാഗ്ദാനങ്ങളുടെ വലിയ ലിസ്റ്റുമായിട്ടാണ്. നാല് വർഷത്തിനുശേഷം, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ "നൽകിയ വാഗ്ദാനങ്ങൾ, പാലിച്ച വാഗ്ദാനങ്ങൾ" എന്ന് മുദ്രാവാക്യം വിളിക്കുന്നു. വാസ്തവത്തിൽ ട്രംപ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം പാലിച്ചിട്ടുണ്ട്?
പാലിച്ച വാഗ്ദാനങ്ങൾ:
1. വരുമാന നികുതി നിരക്കും, കോർപ്പറേറ്റ് നികുതി നിരക്കും കുറക്കുമെന്നായിരുന്നു വാഗ്ദാനം. 2017 ലെ റിപ്പബ്ലിക്കൻ നികുതി പദ്ധതി വഴി കോർപ്പറേറ്റ് നികുതി 35% നിന്ന് 21 % ആക്കി (15 % ആക്കുമെന്നായിരുന്നു വാദ്ഗാനം) സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള പൗരന്മാർക്കാണ് വരുമാന നികുതി കുറഞ്ഞതുകൊണ്ടുള്ള ഗുണം ലഭിച്ചത്. .
2. കാലാവസ്ഥാ വ്യതിയാനം ചൈനയുടെ തട്ടിപ്പാണെന്നും, പാരീസ് ഉടമ്പടി അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. പറഞ്ഞപോലെ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുകയും ചെയ്തു.
3. ജുഡീഷ്യറി ഉടച്ച് വാർക്കുമെന്ന പ്രഖ്യാപനവും ട്രംപ് നടപ്പാക്കി. കൺസെർവേറ്റീവ് നീതി ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് നീൽ ഗോർസിച്ച്, ബ്രെറ്റ് കാവന എന്നീ ജഡ്ജിമാരെ നിയമിച്ചു. സുപ്രീം കോടതിയിലേക്കുള്ള മൂന്നാമത്തെ ജഡ്ജിയായി ഏമി കോണി ബാരറ്റിനെയും നാമനിർദേശം ചെയ്തു. ഇതിന് പുറമെ താഴെയുള്ള ഫെഡറൽ കോടതികളിലേക്ക് 200 ഓളം കൺസർവേറ്റീവ് ജഡ്ജിമാരെ ട്രംപ് നിയമിച്ചു.
4. ഇസ്ലാമിക് സ്റ്റേറ്റിനെ ബോംബ് ഇട്ട് തകർക്കും എന്ന് ട്രംപിന്റെ പ്രഖ്യാപനം അണികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അമേരിക്ക അവരുടെ ഏറ്റവും വലിയ ആണവ ഇതര ബോംബ് അഫ്ഗാനിസ്ഥാനിലെ ഐ.എസ് ശക്തികേന്ദ്രത്തിൽ ഇട്ടുവെന്ന് വാർത്ത വന്നിരുന്നു. ഇറാഖിന്റെയും സിറിയയുടെയും ഭാഗങ്ങളിൽ നിന്ന് ഐഎസിനെ ഓടിച്ചതിന് പിന്നിൽ താനാണെന്ന് ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം യുഎസ് കമാൻഡോകൾ നടത്തിയ റെയ്ഡിനിടെ ഐഎസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദി ആത്മഹത്യ ചെയ്തു.
5. ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് എംബസി മാറ്റുമെന്ന് ട്രംപ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു . 2017 ൽ അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ചു. യുഎസ് എംബസി അങ്ങോട്ടേക്ക് മാറ്റാനും അനുമതി നൽകി. ഇസ്രായേലിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് 2018 മെയ് മാസത്തിലാണ് ഇത് തുറന്നത്.
6. മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നായിരുന്നു അടുത്ത വാദ്ഗാനം. 2013 ൽ പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറച്ച പ്രസിഡന്റ് ബരാക് ഒബാമയുടെ നീക്കം പിൻവലിക്കുമെന്നും ആരും ചോദ്യം ചെയ്യാത്ത വിധം അമേരിക്കൻ പട്ടാളത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒബാമ ഭരണത്തിന്റെ ആദ്യ വർഷങ്ങളേക്കാൾ പ്രതിരോധ ചെലവ് കുറവായിരുന്നുവെങ്കിലും, ട്രംപ് ഭരിച്ച കാലത്ത് പ്രതിരോധ ചെലവുകൾ ക്രമാനുഗതമായി ഉയർന്നു.
7. യുഎസ് ഫെഡറൽ ചട്ടങ്ങളുടെ 70% വെട്ടിക്കുറയ്ക്കമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ചെറുകിട ഇടത്തരം ബിസിനിനെ വളർത്തുമെന്നും അവകാശപ്പെട്ടു. അധികാരത്തിൽ വന്നപ്പോൾ ട്രംപ് പരിസ്ഥിതി, തൊഴിൽ അടക്കം ഒട്ടേറെ ചട്ടങ്ങൾ വെട്ടിക്കുറച്ചു. 2020ൽ യുഎസ് തണ്ണീർത്തടങ്ങൾക്കുള്ള സംരക്ഷണം റദ്ദാക്കി. ദേശീയ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.

പാലിക്കാത്ത വാഗ്ദാനങ്ങൾ:
1. ഒബാമകെയർ പിൻവലിക്കുമെന്ന പ്രഖ്യാപനം എവിടെയും എത്തിയില്ല. ആ ബിൽ റദ്ദാക്കാനോ പരിഷ്കരിക്കാനോ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞില്ല.
2. മെക്സികോയുമായുള്ള അതിർത്തിയിൽ ട്രംപിന്റെ മതിൽ ഉയർന്നില്ല. മതിൽ പണിയാൻ മെക്സിക്കോ കാശ് കൊടുത്തതുമില്ല. മതിൽ പണിയാൻ 21.5 ബില്യൺ ഡോളർ ചെലവ് വരുമെന്നിരിക്കെ അതിനായി അഞ്ച് ബില്യൺ ഡോളർ വേണമെന്ന ട്രംപിന്റെ ആവശ്യത്തെ ഡെമോക്രാറ്റുകൾ എതിർത്തു. 2018 ഡിസംബറിൽ യുഎസ് സർക്കാർ ഷട്ട് ഡൗൺ ചെയ്തു . കുറച്ച് ദുരം മാത്രമേ നിർമ്മാണം നടന്നിട്ടുള്ളൂ.
3. എട്ട് വർഷത്തെ കാലയളവിൽ രാജ്യത്തിന്റെ 19 ട്രില്യൺ ദേശീയ കടം തീർക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ മാസം ആ കടം 27 ട്രില്യൺ ആയി. കൊവിഡ് പ്രതിസന്ധിക്കിടെ കടം ഇനിയും കൂടും.
4. രേഖകൾ ഇല്ലാത്ത 11.3 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിച്ച സംഖ്യ രണ്ട് മുതൽ മൂന്ന് ദശലക്ഷം ആയി ചുരുങ്ങി. 2019 ലെ കണക്ക് നോക്കിയാൽ ട്രംപിനെക്കാൾ കൂടുതൽ കുടിയേറ്റക്കാരെ പുറത്താക്കിയത് ഒബാമയാണ്. കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്ന ഡിഎസിഎ നയം പിൻവലിക്കാൻ നോക്കിയത് സുപ്രീം കോടതി തടഞ്ഞു.
5. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും, റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എന്നിവ നന്നാക്കുമെന്നുമുള്ള വാദ്ഗാനം എവിടെയും എത്തിയില്ല. ട്രംപ് ഇതിനായി 1.5 ട്രില്യൺ ഡോളർ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് 21 ബില്യൺ ഡോളർ മാത്രമാണ് അനുവദിച്ചത്.

പൂർണമായി പാലിക്കാത്ത വാഗ്ദാനങ്ങൾ:
1. മിഡിൽ ഈസ്റ്റിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും ആ പൈസ അമേരിക്കക്ക് വേണ്ടി ചെലവാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സിറിയൻ യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും പറഞ്ഞിരുന്നു. എന്നാൽ 2017 ൽ അഫ്ഗാനിസ്ഥാനിലേക്ക് 3,000 സൈനികരെ കൂടി വിന്യസിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സിറിയയിൽ നിന്ന് പൂർണമായി പിന്മാറാൻ സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന് അകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
2. നാഫ്ത, ടിപിപി വ്യാപാര ഉടമ്പടികൾ ദുരന്തമാണെന്ന് പറഞ്ഞ ട്രംപ്, ചൈനയുമായുള്ള വ്യാപാരക്കമ്മി പരിഹരിക്കുമെന്നും ഉറപ്പ് നൽകി. ടിപിപി (Trans Pacific Partnership) ൽ നിന്ന് ട്രംപ് പിൻവാങ്ങി. നാഫ്തക്ക് പകരമായി യുഎസ്-മെക്സിക്കോ-കാനഡ കരാറിൽ ഒപ്പുവച്ചു, എന്നാൽ ചൈനയുമായുള്ള വ്യാപാര കരാർ തർക്കം യുദ്ധസമാനമായി.
3. മുസ് ലിങ്ങൾ യുഎസിൽ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് പറഞ്ഞ ട്രംപ് പ്രസിഡന്റ് സ്ഥാനാർഥി ആയതോടെ കർശനമായി പരിശോധിച്ച് പ്രവേശനം നിയന്ത്രിക്കുമെന്ന് പറഞ്ഞു. രണ്ട് തവണയായി ചില രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര വിലക്കുകൾ കൊണ്ടുവന്നു. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, വെനിസ്വേല, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിച്ചു. നൈജീരിയ, എറിത്രിയ, സുഡാൻ, ടാൻസാനിയ, കിർഗിസ്ഥാൻ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ചിലതരം വിസകൾ ലഭിക്കുന്നതിൽ നിന്ന് തടഞ്ഞു.
4. നയതന്ത്ര ബന്ധം വീണ്ടും ആരംഭിക്കുന്നതിനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനുമായി പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായി ഒപ്പുവെച്ച കരാർ പിൻവലിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 2017ൽ ട്രംപ് വ്യാപാര, യാത്രാ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. ഹവാനയിലെ എംബസി അടച്ചിട്ടില്ലെങ്കിലും അംബാസിഡറെ അയച്ചിട്ടില്ല.
5. ചൈനയുടെ "നിയമവിരുദ്ധ സാമ്പത്തിക പദ്ധതികൾ" വെളിച്ചത്ത് കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2019 ൽ ട്രംപ് ഭരണകൂടം ചൈനയെ ഔദ്യോഗികമായി "കറൻസി മാനിപ്പുലേറ്റർ" എന്ന് വിളിച്ചു. യുഎസ് ചരക്കുകളുമായുള്ള കയറ്റുമതി മത്സരത്തിൽ ലാഭം കൊയ്യാൻ ചൈന യുവാന്റെ മൂല്യത്തിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചു. ചൈനയുമായി പിന്നീട് ധാരണയിൽ എത്തിയപ്പോൾ നടപടികൾ പിൻവലിച്ചു.

ഉപേക്ഷിച്ച വാഗ്ദാനങ്ങൾ
1. നാറ്റോ സഖ്യം കലഹരണപെട്ടതാണെന്ന് പറഞ്ഞിരുന്നെങ്കിലും അതിൽ തന്നെ തുടരാൻ തീരുമാനിച്ചു
2. അന്വേഷണ ഏജൻസികൾക്ക് ചോദ്യം ചെയ്യുമ്പോൾ കൂടുതൽ പീഡന മുറകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു പക്ഷെ പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചു
3. ഹിലരി ക്ലിന്റണെ ജയിലിൽ അടക്കുമെന്നായിരുന്നു മറ്റൊരു പ്രമുഖ പ്രഖ്യാപനം. എന്നാൽ പിന്നീട് ആ പ്രഖ്യാപനം ഉപേക്ഷിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!