ഹത്രാസ് കേസിൽ അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി
കേസ് അന്വേഷണത്തിൻ്റെ റിപ്പോർട്ട് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും അഭിഭാഷക കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു
ഹത്രാസ് കേസിൽ അലഹബാദ് ഹൈക്കോടതി അന്വേഷണ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസിലെ വിചാരണ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലെ ഒരു കോടതിയിലേക്ക് മാറ്റണമെന്നു പെൺകുട്ടിയുടെ കുടുംബത്തിനായി ഹാജരായ അഭിഭാഷക സീമ കുശ്വാഹ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിൻ്റെ റിപ്പോർട്ട് നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും അഭിഭാഷക കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കേസ് പൂർണമായും ഹൈക്കോടതി കൈകാര്യം ചെയ്യുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 'ഹൈക്കോടതി ഇത് കൈകാര്യം ചെയ്യട്ടെ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ ഇവിടെയുണ്ട്', ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻ്റെയും പെൺകുട്ടിയുടെ കുടുംബത്തിൻ്റെയും കുറ്റാരോപിതരുടേയും വാദങ്ങൾ കേട്ടതാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കാൻ താല്പര്യപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ മേൽനോട്ട സമിതിയാണ് സുപ്രീം കോടതിയെന്നും ചൂണ്ടിക്കാട്ടി.
കേസിൻ്റെ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സംസ്ഥാന സർക്കാറിൻ്റെ ഉദ്യോഗസ്ഥർ മുഖേനയല്ലാതെ നേരിട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്ന വാദം ഉത്തർ പ്രദേശ് സർക്കാർ അംഗീകരിച്ചു.
പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിൽ മനുഷ്യാവകാശ ലംഘനം നടന്നതായി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ക്രമസമാധാനത്തിൻ്റെ പേരിലാണെങ്കിലും അർധ രാത്രിയിൽ മൃതദേഹം സംസ്കരിച്ച നടപടി പ്രഥമ ദൃഷ്ടിയിൽ പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി വിലയിരുത്തിയിരുന്നു. ഏറ്റവും കുറഞ്ഞ പക്ഷം മാന്യമായ സംസ്കാരത്തിനെങ്കിലും പെൺകുട്ടിയ്ക്ക് അർഹതയുണ്ടെന്നു നിരീക്ഷിച്ച കോടതി പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന മുന്നറിയിപ്പും നൽകി.
സെപ്റ്റംബർ പതിനാലിന് യുപിയിലെ ഹത്രാസ് ഗ്രാമത്തിൽ വെച്ചാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ 19 വയസുള്ള പെൺകുട്ടിയെ കാണാതായത്. സവർണ ജാതിയിൽപ്പെട്ട നാല് പേർ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കുകയായിരുന്നു. നിർഭയ കേസിന് സമാനമായി അതിക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സെപ്റ്റംബർ 29 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!