കൊടും പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഇന്ത്യ, പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി 94ാം റാങ്ക്
ലോകത്തെ 107 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഗ്ലോബൽ ഹംഗർ ഇൻഡക്സ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും മോശമായി തുടരുന്നത്. കഴിഞ്ഞവർഷവും ഇന്ത്യയുടെ റാങ്കിങ് താഴെയായിരുന്നു.കഴിഞ്ഞ പത്ത് വർഷം പരിശോധിച്ചാൽ ആദ്യത്തെ അഞ്ച് വർഷം ഇന്ത്യ പട്ടിണിനിരക്ക് കുറച്ച് കൊണ്ടുവന്നുവെങ്കിൽ പിന്നീടുള്ള അഞ്ച് വർഷം ഇന്ത്യ കൊടും പട്ടിണിയുടെ പിടിയിൽ അമരുകയാണ് എന്നാണ് വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവും ഗുരുതരമായ പട്ടിണിയുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെന്ന് ആഗോള പട്ടിണി സൂചിക. കഴിഞ്ഞ ഏതാനുംവർഷങ്ങളായി ആഗോള പട്ടിണി സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം കൊടും പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ്.
ആഗോള പട്ടിണി സൂചിക (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) 2020 പ്രകാരം 107 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യയുടെസ്ഥാനം 94 ആണ്. 13 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മോശമായ അവസ്ഥയിലുള്ളതെന്നാണ് ഇത് വെളിവാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനത്തിന് പിന്നിൽ 15 രാജ്യങ്ങളുണ്ടായിരുന്നു. അന്ന് 117 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നു.
പോഷകാഹാരക്കുറവ്, വളർച്ചാമുരടിപ്പ്, ഭാരക്കുറവ്, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്, ശിശുമരണ നിരക്ക്, മാതൃആരോഗ്യം എന്നിങ്ങനെയുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് രേഖപ്പെടുന്നത്.
ഏറ്റവും മികച്ച സ്കോർ പൂജ്യവും ഏറ്റവും മോശം സ്കോർ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 30.3 ആണ്. റാങ്കിങ് പട്ടികയിൽ 94 ആം സ്ഥാനത്താണ് ഇത് വരുന്നത്. ഇതപ്രകാരം കൊടുംപട്ടിണി അനുഭവക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 14 ശതമാനം പേർക്കും പോഷകാഹാരം ലഭിക്കുന്നില്ല. 37.4 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പും 17.3 ശതമാനം കുട്ടികൾ ഭാരക്കുറവും നേരിടുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികലുടെ മരണനിരക്ക് 3.7 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയോട് ചേർന്ന് കിടക്കുന്ന മറ്റ് ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട റാങ്കിങ് ഇക്കാര്യത്തിൽ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കൊപ്പം കൊടും പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അയൽ രാജ്യങ്ങളായ ബംഗ്ലാദേശും മ്യാൻമറും പാകിസ്ഥാനും എങ്കിലും അവരുടെ റാങ്കിങ് ഇന്ത്യയേക്കാൾ വളരെ മുകളിലാണ്. അതായത് ഇന്ത്യയുടെ അത്ര മോശമല്ല ആ രാജ്യത്തെ അവസ്ഥ എന്നാണ് റാങ്കിങ് രേഖപ്പെടുത്തുന്നത്.
ആഗോള പട്ടിണി സൂചികയിൽ ബംഗ്ലാദേശ് 75 ആം സ്ഥാനത്തും മ്യാൻമർ 78 ആം സ്ഥാനത്തും പാകിസ്ഥാൻ 88 ആം സ്ഥാനത്തുമാണ് നിലവിലെ റാങ്കിങ് പ്രകാരം നിൽക്കുന്നത്. നേപ്പാളും ശ്രീലങ്കയും ഇന്ത്യയേക്കാളും വളരെ മെച്ചപ്പെട്ട നിലയിലാണ്. ഈ രണ്ട് അയൽ രാജ്യങ്ങളും ഗുരുരതമായ ദാരിദ്ര്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല. മോഡറ്റേറ്റ് വിഭാഗത്തിലാണ് അവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ശ്രീലങ്ക 63 ആം സ്ഥാനത്തും നേപ്പാൾ 73 ആം സ്ഥാനത്തുമാണ് ജി എച്ച് ഐ പട്ടികയിൽ ഉള്ളത്. ചൈന, ബെലാറസ്, യുക്രൈൻ, തുർക്കി, ക്യൂബ, കുവൈത്ത്, എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് റാങ്ക് നേടിയ 17 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
2015 മുതലാണ് ഇന്ത്യയുടെ റാങ്കിങ് ഇത്രയധികം താഴേക്ക് വരാൻ തുടങ്ങിയതെന്നാണ് മുൻകാല റിപ്പോർട്ടുകൾ പറയുന്നത്. 2014 ഇന്ത്യയുടെ റാങ്ക് 55 ഉം സ്കോർ 17.8 ഉം ആയിരുന്നു. 2014ൽ ഇന്ത്യയ്ക്ക് താഴെയായിരുന്നു ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി. ഈ രണ്ട് രാജ്യങ്ങളും 19.1 എന്ന സ്കോറോടെ 57 ആം റാങ്കിലായിരുന്നു. 2015ൽ ഇന്ത്യയുടെ റാങ്കിങ് 80 ഉം ആയി താഴ്ന്നു. 2016 ൽ 97 വീണ്ടും കുത്തനെ ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞു. 2017ൽ അത് 100ആയി. 2018 ൽ ഇന്ത്യയുടെ റാങ്കിങ് 103 ആയി.
കഴിഞ്ഞ പത്ത് വർഷത്തെ ആഗോള പട്ടിണി സൂചികയെടുത്ത് പരിശോധിച്ചാൽ വ്യക്തമായും മനസിലാകുന്ന ഒരുകാര്യം ആദ്യ അഞ്ച് വർഷം ഇന്ത്യാ രാജ്യം കുറച്ച് കൊണ്ടുവന്ന പട്ടിണി നിരക്ക് പിന്നീട് കുത്തനെ വർധിക്കുന്നവെന്നാണ്. അതായത് 2015 ന് ശേഷം വർധനവാണ് ഈ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. 2010 ൽ ഇന്ത്യയുടെ റാങ്കിങ് 67 ആയിരുന്നു അവിടെ നിന്നു ക്രമാനുഗതമായാണ് ഇന്ത്യ നില മെച്ചപ്പെടുത്തി 2014 ആയപ്പോൾ 55 ആം സ്ഥാനത്ത് എത്തിയത്. 2014 മെയ് മാസത്തോടെ ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുന്നത്. ഇതിന് ശേഷം ഇന്ത്യയുടെ പട്ടിണിനിരക്കിൽ ക്രമാനുഗതമായ വർധനവാണ് കാണിക്കുന്നത്. 2015 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാവുകയും ചെയ്യുന്നുണ്ട്.
1991 മുതൽ 2014 വരെയുള്ള ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ കുട്ടികളുടെ വരൾച്ചാ മുരടിപ്പിന് കാരണം മാതൃവിദ്യാഭ്യാസത്തിലെ കുറവ്, വീടുകളിൽ നിലനിൽക്കുന്ന ദാരിദ്ര്യം, മോശമായ ആഹാരം, തുടങ്ങി നിരവധി കാര്യങ്ങളുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നതായും പഠനം പറയുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ബ്രിക്സ് രാജ്യങ്ങൾ എന്നിവയുടെ പട്ടിക എടുത്താലും ഇന്ത്യയുടെ റാങ്ക് പിന്നിലാണ്. ഉഗാണ്ട, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഹെയ്ത്തി, യമൻ, ലൈബീരിയ, തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. കുട്ടികളുടെ പട്ടിണിയിൽ രണ്ടുപതിറ്റാണ്ടിന് മുന്പുള്ളതിനേക്കാൾ മോശം സ്ഥിതിയാണ് ഇപ്പോൾ നേരിടുന്നതെന്നും പഠനം പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!