Explained: ഇന്ത്യ-യുഎസ് ബന്ധം; ഐസന്‍ഹോവര്‍ മുതല്‍ ട്രംപ് വരെ
ഹൂസ്റ്റണില്‍ ഹൗഡി മോദി ഇവന്റ് നടത്തി മോദി ട്രംപിന് മുന്നില്‍ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും കാണിക്കാത്ത പ്രകടനം നടത്തി. സമാനമായ ഷോയാണ് അഹമ്മദാബാദിലെ നമസ്തെ ട്രംപ് ഷോയും.
ഡൈ്വറ്റ് ഡി ഐസന്‍ഹോവറാണ് ഇന്ത്യയിലെത്തിയ ആദ്യ യുഎസ് പ്രസിഡന്റ്. 1959 ഡിസംബറില്‍ ഡല്‍ഹിയില്‍ എത്തിയ ഐസന്‍ഹോവറിന് പ്രധാനമന്ത്രി ജവഹര്‍ലാലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഉജ്വല വരവേല്‍പ്പ് നല്കി. രണ്ടാം ലോക മഹായുദ്ധം ജയിച്ച സൈന്യാധിപന് എന്നത് ഐസനോവിറിന്റെ ഖ്യാതിയായിരുന്നു.
1947 മുതല്‍ 2000 വരെ മൂന്ന് യുഎസ് പ്രസിഡന്റുമാര്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. 1959ല്‍ ഐസനോവര്‍, 1969ല്‍ റിച്ചാര്‍ഡ് നിക്സണ്, 1978ല്‍ ജിമ്മി കാര്‍ട്ടര്‍. ഒരോ പതിറ്റാണ്ടിന്റെ ഇടവേളയില്‍ മൂന്ന് പ്രസിഡന്റുമാര്‍ ഇന്ത്യയിലെത്തി.
2000ന് ശേഷം രണ്ട് പതിറ്റാണ്ടില്‍ മൂന്ന് യുഎസ് പ്രസിഡന്റുമാര്‍ അഞ്ച് തവണ ഇന്ത്യയിലെത്തി. 2000ല്‍ ബില്‍ ക്ലിന്റന്, 2006 ജോര്‍ജ് ഡബ്യൂ ബുഷ് ജൂനിയര്‍, 2010ലും 2015ലും ബരാക് ഒബാമ. അഞ്ചാമനായി 2020ല്‍ ഡൊണാള്‍ഡ് ട്രംപ്. മറ്റെല്ലാ പ്രസിഡന്റുമാരും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മാത്രമായി വരുന്ന യുഎസ് പ്രസിഡന്റാണ് ട്രംപ്.

തന്ത്രപരമായ പങ്കാളിത്തം
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തതിലേക്ക് ഇന്ത്യ മാറുന്നത്. വിദേശ നയത്തിലെ കാതലായ മാറ്റാമായിരുന്നു അത്. 2008ല്‍ ഇന്തോ-യുഎസ് ആണവ കരാറിലൂടെ ഇത് കൂടുതല്‍ ദൃഢമായി. മന്‍മോഹന്‍സിങ് സര്‍ക്കാരും ബുഷ് ഭരണകൂടവും നടത്തിയ നിരന്തര ചര്‍ച്ചകളിലൂടെയായിരുന്നു ചരിത്രപ്രധാനമായ 123 ആണവ കരാര്‍. സിടിബിടിയില്‍ ഒപ്പുവെക്കാത്ത രാജ്യത്തിന് ആണവ റിയാക്ടറുകള്‍ കൈമാറാം എന്ന സുപ്രാധന നയം, അമേരിക്കയുടെ വിദേശ നയത്തില്‍ മാറ്റം വരുത്തിയാണ് ഇന്ത്യ ആ കരാര്‍ ഒപ്പുവെച്ചത്. 123 കരാര്‍ ഒപ്പുവെക്കുന്നതിനെതിരെ ഇന്ത്യയില്‍ വലിയ എതിര്‍പ്പുണ്ടായി. ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ ആ കരാറിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കരാറില്‍ ഒപ്പിടുന്നതില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുന്നോട്ടുപോയി.
ഒബാമ ഭരണത്തിലും ഈ ബന്ധം ഉലയാതെ തുടര്‍ന്നു. 2010ലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതിന് പിന്തുണയ്ക്കാമെന്ന് ഒബാമ ഉറപ്പുനല്‍കി. ഒബാമയുടെ രണ്ടാം സന്ദര്‍ശനം നരേന്ദ്രമോദി പ്രധാനമന്ത്രിയായിതിന് ശേഷം 2015ലായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു അന്ന് ഒബാമ.

2016ല്‍ ട്രംപ് അധികാരത്തില്‍ വന്നു. പ്രവചചനാതീതമായി നിലപാട് എടുക്കുന്ന പ്രസിഡന്റ് എന്നതാണ് ട്രംപിന്റെ പ്രത്യേകത. യുഎസുകാരെ പോലും അത് അത്ഭുതപ്പെടുത്തുന്നു. പരിഭ്രമപ്പെടുത്തുന്നു. തീവ്ര ദേശീയതയില്‍ ഊന്നിയാണ് ട്രംപ് അധികാരത്തില്‍ വന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോദിയും ഇന്ത്യാ ഗവണ്മെന്റും യുഎസ് ബന്ധം ദൃഢമാക്കുന്നതിന് ആക്കം കൂട്ടി. 2017ല്‍ മോദി ട്രംപിനെ കാണാന്‍ യുഎസിലെത്തി. 2109ല്‍ വീണ്ടും മോദി യുഎസിലെത്തി. ഹൂസ്റ്റണില്‍ ഹൗഡി മോദി ഇവന്റ് നടത്തി മോദി ട്രംപിന് മുന്നില്‍ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും കാണിക്കാത്ത പ്രകടനം നടത്തി. സമാനമായ ഷോയാണ് അഹമ്മദാബാദിലെ നമസ്തെ ട്രംപ് ഷോയും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. കോക്കസിനും പ്രൈമറിക്കും ഇടയിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. കാലവാധി പൂര്‍ത്തിയാക്കാന്‍ പോകുന്ന ഭരണകൂടം ഇന്ത്യയുമായി സുപ്രധാന ഉടമ്പടികള്‍ ഒപ്പുവമെക്കുമോ?
ചേരിചേര നയയും തുല്യപങ്കാളിത്തവും
നെഹ്റുവിന്റെ കാലത്തെ ഇന്ത്യയുടെ വിദേശ നയത്തിന്റെ സത്ത ചേരിചേരാ നയമായിരുന്നു. ആ ഘട്ടത്തില്‍ പാകിസ്താന് അനുകൂല നിലപാടായിരുന്നു യുഎസ് സ്വീകരിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ശീതയുദ്ധത്തിന് വിരാമമായതോടെ ചേരിചേരാ നയത്തില്‍ ഇന്ത്യ പ്രകടമായ മാറ്റം വരുത്തി. യുഎസുമായുള്ള തന്ത്രപരമായ സഹകരണത്തിലേക്ക് ഇന്ത്യ നീങ്ങിയത് ഇതിലൂടെയാണ്. അമേരിക്കയ്ക്ക് കീഴ്പ്പെടുകയല്ല, ഇന്ത്യയ്ക്കും തുല്യസ്ഥാനം എന്നത് തന്ത്രപരമായ കരാറിലേര്പ്പെടുമ്പുഴും ഇന്ത്യ സ്വീകരിക്കുന്ന വിദേശ നയത്തിലെ അടിസ്ഥാന ഘടകമായിരുന്നു. ട്രംപില്‍ ഉറ്റ സൗഹൃദം ഉറപ്പിക്കുന്ന മോദി തുല്യതാസങ്കല്പത്തിലും വിട്ടുവീഴ്ച്ച ചെയ്യുന്ന എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ട്രംപും യുഎസ് ഭരണകൂടവും അതീവതാല്പര്യം പ്രകടിപ്പിക്കുന്നതും ഇടപെടുന്നതും ഈ ഇന്ത്യാ-യുഎസ് ബന്ധത്തെ പുതിയ തലത്തില്‍ എത്തിച്ചിരിക്കുന്നു. മോദിയുമായി നടത്തുന്ന ഈ കൂടിക്കാഴ്ചയതില് ഇന്ത്യയിലെ മതസൗഹാര്‍ദം, ജമ്മുകശ്മീര്‍, പൗരത്വ നിയമം തുടങ്ങി ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ അമേരിക്ക ചര്‍ച്ച ചെയ്യും എന്ന സൂചനകള്‍ വന്നിട്ടുണ്ട്.
ഭീകരതയ്ക്കെതിരായ പിന്തുണ
ആശ്രിതരാജ്യമായി കണ്ട് പാകിസ്താനെ സഹായിക്കുന്നതാണ് യുഎസ് നിലപാട്. ഒസാമ ബിന്‍ലാദനെ അബോട്ടാബാദില്‍ വധിച്ചപ്പോഴും അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കും പാകിസ്താനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ യുഎസിന് കഴിഞ്ഞു. ട്രംപ് വിമര്‍ശിച്ചും തലോടിയും പാകിസ്താനെ സമീപിച്ചു. ട്രംപിന്റെ പാക് വിമര്‍ശനത്തിലാണ് മോദി സര്‍ക്കാരിന്റെ നോട്ടം. പുല്‍വാമ ആക്രമണം, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ പരിമിതമായ കാര്യങ്ങളില്‍ ഇന്ത്യന്‍ നിലപാടിനൊപ്പം ട്രംപ് നിലകൊണ്ടു. പക്ഷെ, ജമ്മുകശ്മീരില്‍ ഇടപെടാനുള്ള യുഎസ് താല്പര്യം ട്രംപ് പലകുറി ആവര്‍ത്തിച്ചു. ഇന്ത്യയുടെ എതിര്‍പ്പുകളെ അവഗണിച്ച് യുഎസിന്റെ മുഖ്യതാല്പര്യ വിഷയങ്ങളില്‍ ഒന്നായി ട്രംപ് ജമ്മുകശ്മീരിനെ നിലനിര്‍ത്തി. കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഇടപെടാം എന്ന വാദ്ഗാനം ട്രംപ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രശ്നപരിഹാരത്തിന് മോദി തന്റെ സഹായം തേടിയിരുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തെ നിഷേധിച്ചിരുന്നു.
ദേശസുരക്ഷ എന്നത് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയമാകാനിടയുണ്ട്. ഭീകരയും ദേശവിരുദ്ധതയും ചര്‍ച്ചയാകുമ്പോള്‍ ട്രംപും മോദിയും എത്തിച്ചേരുന്ന ധാരണകള്‍ക്ക് പ്രസക്തിയേറെയുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ഫെബ്രുവരി 29ന് യുഎസ് കാരറില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൈവരുന്നതിള്ള സാധ്യത ഈ കരാറിലൂടെ പ്രതീക്ഷിക്കപ്പെടുന്നു. യുഎസ് സേനയുടെ പിന്മാറ്റം ഇതിലൂടെ പൂര്‍ണമാകും എന്നാണ് കരുതുന്നത്. താലിബാനുമായി യുഎസ് സമാധാന ഉടമ്പടിയിലെത്തുമ്പോള് ഇന്ത്യയുടെ സുരക്ഷയെന്തെന്ന ചോദ്യം കോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. കാണ്ഡഹാര്‍ വിമാനറാഞ്ചലും ജെയ്ഷെ മഹുഹമ്മദ്, മസൂദ് അസര്‍ തുടങ്ങിയ കാര്യങ്ങളില്‍ എന്ത് ഉറപ്പ് പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റില്നിന്ന സ്വന്തമാക്കും എന്നതാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
പ്രതിരോധം ഊര്‍ജം; ഇന്ത്യ ലക്ഷ്യം വെക്കുന്ന മേഖലകള്‍
പ്രതിരോധ രംഗത്ത് യുഎസുമായി കൈകോര്‍ക്കുകയെന്നത് ഇന്ത്യയുടെ ഇപ്പോഴത്തെ താല്പര്യങ്ങളില് ഒന്നാണ്. തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായുള്ള സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ ഇപ്പോള്‍ തുടരുന്നുണ്ട്. അതിനപ്പറും യുഎസില്‍നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങുകയെന്ന കരാറുകള്‍ക്കാണ് പ്രധാന്യം. ഊര്‍ജമേഖലയിലെ ബന്ധം ശക്തിപ്പെടുത്തുകയെന്നത് യുഎസില്‍നിന്നുള്ള ഇറക്കുമതി കൂട്ടിക്കൊടുക്കുക എന്നതാണ്. ക്രൂഡും എല്‍എന്‍ജിയും 2017 മുതല്‍ ഇന്ത്യ യുഎസ്സില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സാധ്യത വിരളമാണെന്ന സൂചന വന്നിട്ടുണ്ട്. പക്ഷെ, ഇന്തോ-യുഎസ് നയതന്ത്ര ബന്ധത്തില്‍ കാതലായ മാറ്റത്തിന് ഒരുപക്ഷെ കാരണമാകുന്നതാതാകും ട്രംപിന്റെ 36 മണിക്കൂര്‍ ദൗര്‍ഘ്യമുള്ള ഇന്ത്യാ സന്ദര്‍ശനം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!