45 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച തെളിവുള്ള ചിത്രങ്ങള്‍; ചൈനയുടെ കുന്തമുനയൊടിക്കല് ഇനി പുതിയ ദൗത്യം
ലോഹദണ്ഡുകളും കുന്തങ്ങളും തോക്കുമേന്തി ചൈനീസ് സൈന്യം ഇന്ത്യ നിലയുറപ്പിച്ചിരുന്ന മുഖ്പരി പ്രദേശത്തിന് സമീപം നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതിർത്തിയിൽ ചൈനീസ് സൈന്യത്തിൻ്റെ പ്രകോപനപരമായ നീക്കങ്ങൾ സംഘർഷാവസ്ഥ രൂക്ഷമാക്കുന്നു. പ്രശ്ന പരിഹാരത്തിനായി സൈനിക-നയതന്ത്ര-രാഷ്ട്രീയ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച പുരോഗമിക്കുമ്പോഴാണ് പാങ്കോംഗ് തടാകത്തിനു സമീപം പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ലോഹദണ്ഡുകളും കുന്തങ്ങളും തോക്കുമേന്തി ചൈനീസ് സൈന്യം ഇന്ത്യ നിലയുറപ്പിച്ചിരുന്ന മുഖ്പരി പ്രദേശത്തിന് സമീപം നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗാൽവാൻ താഴ്വരയിൽ കഴിഞ്ഞ ജൂൺ 15 ന് നടന്ന സംഘർഷത്തിന് സമാനമായിരുന്നിത്. അന്ന് ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് കേണല്‍ ബികെ സന്തോഷ് ബാബു അടക്കം 20 ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു സൈന്യം ഏറ്റുമുട്ടിയത്. ഇതിന് ശേഷമാണ് ചൈനയുടെ സമാന രീതിയിലുള്ള പുതിയ പ്രകോപനം.

പാങ്കോംഗ് തടാകത്തിൻ്റെ തെക്കൻ തീരത്തിന് അടുത്തുള്ള ഇന്ത്യൻ പോസ്റ്റിലേക്ക് സമീപിക്കാൻ ശ്രമിച്ച ചൈനീസ് സംഘത്തെ ഇന്ത്യൻ സൈന്യം തടയുകയായിരുന്നു. ആയുധധാരികളായ സൈനികർ മുഖ്പരിക്ക് അടുത്തുള്ള ഇന്ത്യൻ പോസ്റ്റിൽ വന്നതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ചൈനീസ് നീക്കത്തെ തടയുന്നതിനായി ആക്രോശിച്ചു ആയുധം ഉയർത്തിക്കാട്ടി. നിയന്ത്രണരേഖ ലംഘിച്ചാൽ വെടിവെപ്പ് നടത്തുമെന്നു മുന്നറിയിപ്പും നൽകി. ഇതേ തുടർന്ന് ചൈനീസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തശേഷം പിൻവാങ്ങി. സെപ്റ്റംബർ ഏഴിന് ചൈനീസ് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപം എത്തിയതായും ആകാശത്തേക്ക് വെടിയുതിർത്തതായും കരസേന കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്ത്യ നിയന്ത്രരേഖ ലംഘിച്ചു വെടിയുതിർത്തെന്ന ചൈനീസ് വാദം തള്ളിയ കരസേന അന്താരാഷ്ട്ര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു.

ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്ന് അതിർത്തിയിൽ വെടിയുതിർത്തെന്ന് ചൈനീസ് സേനാ ഔദ്യോഗിക വക്താവ് ഷാങ് ഷൂയിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. അതിർത്തിയിൽ ഇന്ത്യയാണ് ആദ്യം വെടിവെച്ചത്. ഇന്ത്യൻ സൈന്യം യഥാർഥ നിയന്ത്രണ രേഖ (എൽഎസി) മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നാണ് ചൈനയുടെ ആരോപണം. ഇതിനെ പ്രതിരോധിക്കാനായി തിരിച്ച് ആക്രമിച്ചെന്നും ചൈന പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി പാങ്കോംഗ് തടാകത്തിനു സമീപം നടത്തിയ കടന്നുകയറ്റ ശ്രമങ്ങൾക്ക് പിന്നാലെ ചൈന പുതിയ പ്രകോപനം സൃഷ്ടിക്കുകയാണെന്നു ഇന്ത്യ തിരിച്ചടിച്ചു. 'ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനം പാലിക്കുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്തു', കരസേന പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!