ഇന്ത്യയില്‍ കൊവിഡ് മെയ് ആദ്യവാരം ഉയര്‍ന്ന തോതിലാകുമെന്ന് മുന്നറിയിപ്പ്; പിടിച്ചുനിര്‍ത്തുക ലോക്ഡൗണ്‍ എന്ന് സര്‍ക്കാര്‍
പ്രധാനമന്ത്രി ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിന് ശേഷവും കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം മെയ് ആദ്യവാരം ഏറ്റവും ഉയര്‍ന്ന തോതിലാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്താലയത്തിന്റെ വിലയിരുത്തല്‍. ഇതിന് ശേഷം മാത്രമേ എണ്ണത്തില്‍ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇപ്പോഴത്തെ രോഗവ്യാപന സ്വഭാവം വിലയിരുത്തിയാണ് മന്ത്രാലയത്തിന്റെ നിഗമനം.. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പേ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ രോഗവ്യാപന തോത് കുറഞ്ഞതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ലോക്ഡൗണ്‍ വഴി രോഗവ്യാപനം പ്രതിരോധിക്കാന്‍ കഴിയുന്നു എന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.
രാജസ്ഥാന്, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെ രോഗവ്യാപന കുതിപ്പ് തടയാന്‍ സാധിച്ചു. ഭാഗിക നിയന്ത്രണമോ, നിയന്ത്രണങ്ങള്‍ വരുത്താന്‍ വൈകുകയോ ചെയ്ത ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. രോഗവ്യാപന തോത് ഈ സംസ്ഥാനങ്ങളില്‍ കൂടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ആഴ്ച ഇന്ത്യയ്ക്ക് നിര്‍ണായകമായിരിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. പരിശോധന കൂടുതല്‍ വിപുലമാക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നേരിയ ലക്ഷണങ്ങള്‍ പോലും കാണിക്കുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.
അടുത്ത ഏതാനും ദിവസം കൂടി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും എന്നാണ് വിലയിരുത്തല്‍. നിരീക്ഷണത്തില്‍ വെക്കുന്നവരുടെയും ഐസൊലേഷനില്‍ കഴിയുന്നവരുടെയും എണ്ണവും ഈ ദിവസങ്ങളില്‍ കൂടും.
പ്രധാനമന്ത്രി ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിന് ശേഷവും കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13,387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വെള്ളിയാഴ്ച രാവിലെ കേന്ദ്രആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. 437 പേര് മരിക്കുകയും ചെയ്തു. ഈ വിവരം പുറത്തുവിടുന്നതിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനിടയില്‍ 1000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ നിരക്ക് തൊട്ടുമുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്. 800ന് മേലെയാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം.
Also Read: 24 മണിക്കൂറിൽ 1000 ലേറെ രോഗികൾ; രാജ്യത്ത് 13,387 പേർക്ക് കൊവിഡ് 19 ; 437 മരണം
വ്യാഴാഴ്ച വരയെുള്ള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേരെ രാജ്യത്തെ വീടുകളില്‍ നീരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. 36,000 പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഓരോ ദിവസവും പരിശോധിക്കുന്നവരുടെ എണ്ണം കൂട്ടുന്നതിനുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ വരുത്തുന്നത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം രാജസ്ഥാന് ആയിരുന്നു. ഇവിടെ വ്യാഴ്ചവ വരെ 1076 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 7448 ആളുകളെയാണ് ഐസൊലേഷനിലാക്കിയത്. പഞ്ചാബില്‍ 188 പേര്‍ക്ക് രോഗം വന്നു. 13 പേര് മരിച്ചു. 11,000 പേരെ ഐസൊലേഷനിലാക്കി. ബിഹാറില്‍ 72 കേസുകള്‍ പോസറ്റീവ് ആയി. 12,000 പേരെ ഐസൊലേഷനിലാക്കി.
Also Read: FAQ: എന്താണ് ഡബ്ല്യൂഎച്ച്ഒ; ധനസഹായം നിര്‍ത്താനായി ട്രംപ് വിമര്‍ശിച്ചതുപോലെ പരാജയമാണോ?
ഇതേ ഘട്ടത്തില്‍ മഹാരാഷ്ട്ര വളരെ വൈകിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം ഉണ്ടായതും മഹാരാഷ്ട്രയിലാണ്. 3000ലേറെ പേര്‍ക്ക് വ്യാഴാഴ്ച വരെ രോഗം സ്ഥിരീകരിച്ചു. 75,000 പേരെ ഐസൊലേഷനിലാക്കി. ഏറ്റവും കൂടുതല്‍ മരണം ഉണ്ടായതും മഹാരാഷ്ട്രയിലാണ്-187.
ഉത്തര്‍പ്രദേശില്‍ 15 ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു ആദ്യം ചെയ്തത്. 727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 11 മരണവും. 37,223 പേരെ ഐസൊലേഷനിലാക്കി. ഗുജറാത്തില്‍ 766 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 33 പേര് മരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!