ഒളിംപിക്സ് : ഇന്ത്യന്‍ സ്വപ്നങ്ങളുടെ ഫിനിഷിങ് പോയിന്റ്
ഒരു ഒളിംപ്ക്സ് കൂടെ പടിവാതില്ക്കല് എത്തി നില്ക്കുന്നു. ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ പൂവണിയുമോ. നിലവിലെ എത്രപേര്‍ക്ക് പോഡിയം ഫിനിഷില്‍ എത്താന്‍ സാധിക്കും. ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ പ്രതീക്ഷളെ കുറിച്ച് വസന്ത് കമല്‍ എഴുതുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് കണ്ട് ഏഷ്യന്‍ ഗെയിംസ് കൊതിക്കരുത്, ഏഷ്യന്‍ ഗെയിംസ് കണ്ട് ഒളിംപിക്സും കൊതിക്കരുത്, അതാണ് അനുഭവം, അതാണ് ചരിത്രം. 2008ല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യമായൊരു വ്യക്തിഗത ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുണ്ടാകുന്നത്- അഭിനവ് ബിന്ദ്രയായിരുന്നു അത്. ഗുസ്തിയില്‍ സുശീല്‍ കുമാറും ബോക്സിങ്ങില്‍ വിജേന്ദര്‍ സിങ്ങും നേടിയ വെങ്കല മെഡലുകള്‍ കൂടിയായപ്പോള്‍ ദീര്‍ഘകാലത്തിന് ശേഷം ഇന്ത്യന്‍ പതാക ലോക കായികവേദിയില്‍ ഉയര്‍ന്നു പാറി.
ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയ ബീജിങ് ഒളിംപിക്സിന് ശേഷം നാലു വര്‍ഷം കഴിഞ്ഞ് ലണ്ടനിലെത്തിയപ്പോള്‍ മെഡല്‍ ടാലി ആറായി. എന്നാല്‍, 2016ല്‍ റിയൊ ഡി ജെനീറോ ഒളിംപിക് വേദിയായപ്പോള്‍ വീണ്ടും പിന്നോട്ട്, മെഡല്‍ നേട്ടം രണ്ടിലേക്കൊതുങ്ങി- പി.വി. സിന്ധുവിന്റെ വെള്ളിയും സാക്ഷി മാലിക്കിന്റെ വെങ്കലവുമായിരുന്നു അത്. അടുത്ത ഒളിംപിക്സ് നടക്കാനിരിക്കുന്നത് ജപ്പാനിലെ ടോക്യോയിലാണ്. അതിനിനി ഒരു വര്‍ഷം തികച്ചില്ല. ഉദയ സൂര്യന്റെ നാട്ടില്‍ ലോകത്തെ ഏറ്റവും വലിയ കായികമേളയ്ക്കു പതാക ഉയരാന്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ എവിടെ വരെ :
ട്രാക്ക് & ഫീല്‍ഡ്
ഏഷ്യന്‍ നിലവാരത്തിന് മുകളിലേക്ക് ഇന്ത്യന്‍ അത്ലറ്റുകള് ഉയരുന്നത് ഇന്നും അപൂര്‍വമാണ്. ടോക്യോയിലെത്തുമ്പോള്‍ ട്രാക്കില്‍ ഹിമ ദാസും ഫീല്‍ഡില്‍ നീരജ് ചോപ്രയും മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതീക്ഷയ്ക്ക് വകയുള്ളവര്‍. ജാവലിന്‍ ത്രോയില്‍ ലോക നാലാം നമ്പറായ നീരജ് ചോപ്ര, കൈമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് മത്സരക്ഷമത വീണ്ടെടുത്തിട്ടില്ല. ഏഷ്യാഡിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ചരിത്രമെഴുതിയ കഴിഞ്ഞ വര്‍ഷത്തെ ഫോമിലേക്കുയര്‍ന്നാല്‍ നീരജിന് ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി പുതു ചരിത്രം കുറിക്കാം.
അതേസമയം, മൂന്നാഴ്ചയ്ക്കിടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ രാജ്യത്തെത്തിച്ച് കായികപ്രേമികളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ ഹിമ പക്ഷേ ഇതിലൊരു മീറ്റില്‍ പോലും 200 മീറ്ററിലെയോ 400 മീറ്ററിലെയോ വ്യക്തിഗത റെക്കോഡ് മെച്ചപ്പെടുത്തിയിട്ടില്ല. ഈ മത്സരങ്ങളില്‍ നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് കരുത്തുള്ള എതിരാളികളെ തന്നെ ഹിമ ടോക്യോയില്‍ പ്രതീക്ഷിക്കണം. 400 മീറ്ററിലെ ലോക യൂത്ത് ചാംപ്യന്‍ ഒളിംപിക് മെഡല്‍ തൊടാന്‍ ഈ ഒരു വര്‍ഷം ഇനിയുമേറെ അധ്വാനിക്കേണ്ടി വരും.
ബാഡ്മിന്റണ്‍
ലണ്ടനില്‍ വെങ്കലം നേടിയ സൈന നെവാളും റിയോയില്‍ വെള്ളി നേടിയ പി.വി. സിന്ധുവും തന്നെയാണ് ടോക്യോയിലെ ഷട്ടില്‍ കോര്‍ട്ടിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഇപ്പോള്‍ ലോക ചാംപ്യന്‍ഷിപ്പ് കൂടി സ്വന്തമാക്കിയ സിന്ധു കരിയറിന്റെ ഉത്തുംഗങ്ങളില്‍ നില്‍ക്കുകയാണ്. ആതിഥേയരുടെ നൊസോമി ഒകുഹാരയും അകാനെ യമാഗുച്ചിയും അടക്കം കടുത്ത വെല്ലുവിളികള്‍ തന്നെ ഇന്ത്യന്‍ താരങ്ങളെ ടോക്യോയില്‍ കാത്തിരിക്കുന്നുണ്ട്. സൈന സമീപ കാലത്ത് നിറംമങ്ങിയത് ആശങ്കയാണെങ്കിലും സിന്ധു ഫൈനല്‍ തോല്‍വികള്‍ പഴങ്കഥയാക്കിയത് പ്രതീക്ഷ പകരുന്നു. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്തിന് സ്ഥിരതയില്ലായ്മ മറികടക്കാന്‍ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. എച്ച്.എസ്. പ്രണോയിയും സായ് പ്രണീതും മികച്ച പ്രകടനങ്ങളിലൂടെ ശ്രീകാന്തിനെക്കാള്‍ പ്രതീക്ഷയുണര്ത്തുന്നുണ്ടിപ്പോള്. അടുത്ത വര്‍ഷം മേയില്‍ മാത്രമേ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന് അന്തിമ രൂപമാകൂ.
ഷൂട്ടിങ്
2004ലെ ഏഥന്‍സ് ഒളിംപിക്സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയതു മുതല്‍ ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ലോകവേദിയിലെ പ്രിയപ്പെട്ട ഇനമാണ് ഷൂട്ടിങ്. തൊട്ടടുത്ത ഗെയിംസില്‍ അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ നേടിയ സ്വര്‍ണം ഷൂട്ടിങ് റേഞ്ചിലെ പ്രതീക്ഷളുടെ റേഞ്ച് വര്‍ധിപ്പിച്ചു. ലണ്ടനില്‍ വിജയ് കുമാര്‍ വെള്ളിയും ഗഗന് നാരംഗ് വെങ്കലവും നേടി. ഈ നേട്ടങ്ങള്‍ ടോക്യോയിലേക്കു പോകുന്ന ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് മേല്‍ വയ്ക്കുന്ന പ്രതീക്ഷകളുടെ ഭാരം വലുതാണ്. ഇതുവരെ ടോക്യോ ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മത്സരിക്കാന്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു - സൗരഭ് ചൗധരി, അഞ്ജും മൗദ്ഗില്‍, അപൂര്‍വി ഛന്ദേല, അഭിഷേക് വര്‍മ, ദിവ്യാംശ് സിങ് പന്‍വര്‍, രാഹി സര്‍നോബത്, മനു ഭാകര്‍ എന്നിവര്‍.
ബോക്സിങ്
ബീജിങ് ഒളിംപിക് ബോക്സിങ്ങിലെ 75 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു വിജേന്ദര്‍ സിങ്. ലണ്ടനില്‍ 51 കിലോഗ്രാം വിഭാഗത്തില്‍ എം.സി. മേരി കോമും ഇതേ നേട്ടം ആവര്‍ത്തിച്ചു. എന്നാല്‍, പിന്നീടിങ്ങോട്ട് സമാന പ്രകടനങ്ങള്‍ അധികമുണ്ടായില്ല. സെപ്റ്റംബര്‍ ഏഴിന് റഷ്യയിലെ ഏകാതരിന്ബര്ഗില് ആരംഭിക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ ഈയിനത്തിലെ ഇന്ത്യന്‍ മെഡല്‍ സാധ്യതകള്‍ കൂടുതല്‍ വ്യക്തമാകും.
ഗുസ്തി
ബീജിങ്ങില്‍ വെങ്കലം നേടിയിരുന്നു സുശീല്‍ കുമാര്‍. ലണ്ടനില്‍ സുശീല്‍ വെള്ളി നേടിയപ്പോള്‍ യോഗേശ്വര്‍ ദത്ത് വെങ്കലവും നേടി. റിയോയില്‍ സാക്ഷി മാലിക്ക് വെങ്കലമണിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബജ്രംഗ് പൂനിയയാണ് ഗുസ്തിയില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 65 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ പൂനിയ, ഏഷ്യാഡിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും നേടിയിരുന്നു.
ഹോക്കി
ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഒളിംപിക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. നവംബറില്‍ നടക്കാനിരിക്കുന്ന യോഗ്യതാ ടൂര്‍ണമെന്റോടെ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകും. യോഗ്യത നേടിയാലും ഇപ്പോഴത്തെ ഫോമും എതിരാളികളുടെ കരുത്തും കണക്കിലെടുക്കുമ്പോള്‍ പോഡിയം ഫിനിഷിന് അദ്ഭുതങ്ങള്‍ സംഭവിക്കണം.
ആര്‍ച്ചറി
അതാനു ദാസും തരുണ്‍ദീപ് റായിയും പ്രവീണ്‍ ജാദവും ഉള്‍പ്പെട്ട പുരുഷ വിഭാഗം റിക്കര്‍വ് ടീം കഴിഞ്ഞ മാസം ഒളിംപിക് യോഗ്യത നേടി. ലോക ചാംപ്യന്‍ഷിപ്പില്‍ നേടിയ രണ്ടാം സ്ഥാനത്തിലൂടെയായിരുന്നു ഇത്. വനിതാ വിഭാഗത്തില്‍ ആര്‍ക്കും ഇതുവരെ യോഗ്യത ലഭിച്ചിട്ടില്ലെങ്കിലും, നവംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഇനിയും അവസരമുണ്ട്.
ജിംനാസ്റ്റിക്സ്
ഇന്ത്യന്‍ കായികമേഖലയില്‍ തീരെ അപ്രസക്തമായിരുന്ന ഒരു ഇനത്തെയാണ് റിയൊ ഒളിംപിക്സിലെ നാലാം സ്ഥാനത്തിലൂടെ ദിപ കര്‍മാകര്‍ ജനപ്രിയമാക്കിയെടുത്തത്. നേരിയ വ്യത്യാസത്തില്‍ മെഡല്‍ പട്ടികയില്‍നിന്നു പിന്തള്ളപ്പെട്ടെങ്കിലും ദിപയുടെ നാലാം സ്ഥാനം ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് സുവര്‍ണ ശോഭയുള്ളതായിരുന്നു. എന്നാല്‍, പിന്നീടിങ്ങോട്ട് നിരന്തരം പരിക്കുകള്‍ വേട്ടയാടിയ ഈ ത്രിപുരക്കാരിക്ക് ടോക്യോയില്‍ മത്സരിക്കാന്‍ കഴിയുമോ എന്നു പോലും ഉറപ്പില്ലാത്ത അവസ്ഥയാണിപ്പോള്‍.