ആരോഗ്യ മന്ത്രിയുടെ പരാമർശം ശാസ്ത്രവിരുദ്ധം; അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഐഎംഐ
സംസ്ഥാനത്ത് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗബാധ കുറവാണെന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊവിഡിനെതിരെ ഹോമിയോ മരുന്ന് നല്ലതാണെന്ന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ രംഗത്ത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രവിരുദ്ധമാണെന്നു ഐഎംഐ വ്യക്തമാക്കി. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടിയ ഐഎംഐ ആരോഗ്യപ്രവര്‍ത്തകരെ ഇത്തരത്തിൽ അവഹേളിക്കരുതെന്നും പറഞ്ഞു.
സംസ്ഥാനത്ത് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗബാധ കുറവാണെന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുന്ന് കഴിച്ചവരില്‍ രോഗം വന്നവര്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ ഫലം നെഗറ്റീവാകുകയും ചെയ്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് പോസിറ്റീവായവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല, കാരണം അതിന് ഐസിഎംആറിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പക്ഷെ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം വിതരണം ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. പ്രതിരോധ മരുന്ന് കഴിച്ച ആളുകള്‍ക്ക് കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു, വന്നവരില്‍ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവായി മാറുന്ന അവസ്ഥയുണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ട ഡിഎംഒയും സംവിധായകനുമായ ഡോ. ബിജുവാണ് ഇതിനെക്കുറിച്ച് നടത്തിയ പഠനങ്ങളും അതിന്റെ ഫലവും തന്നെക്കാണിച്ചതെന്നും ആരോഗ്യമന്ത്രി വിശദമാക്കിയിരുന്നു.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ അലോപ്പതി ഡോക്ടർമാരടക്കമുള്ളവർ വിമർശനമുയർത്തിയിരുന്നു. പ്രതിരോധ മരുന്നായി ആര്‍സനിക്കം ആല്‍ബം 30 സിയാണ് നൽകിയതെന്നും പലതവണ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നില്‍ ഔഷധത്തിന്റെ ഒരു തന്മാത്ര പോലും ഇല്ലെന്നും ഐഎംഐ ചൂണ്ടിക്കാട്ടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!