ഇന്ത്യൻ ഓയിൽ പെട്രോൾ കമ്പനിയിലെ ജീവനക്കാരുടെ ഔദ്യോഗിക ഡ്രെസ് കോഡാണ് ഇന്ത്യൻ ടീം അനുകരിച്ചതെന്ന് ചിലർ ചിത്രം സഹിതം വ്യക്തമാക്കുന്നുണ്ട്
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക പുതിയ ജഴ്സിയിൽ. ഇതിനകം തന്നെ പുതിയ ജഴ്സിയുടെ നിറത്തെക്കുറിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ജഴ്സി നിർമാതാക്കളായ നൈക്കി ഔദ്യോഗികമായി ഇന്ത്യൻ താരങ്ങൾ പുതിയ ജഴ്സി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്. സ്ഥിരമായി ധരിക്കാറുള്ള നീലയ്ക്ക് പകരം ഓറഞ്ച് നിറവും കടും നീല നിറയുമാണ് ജഴ്സിയുടെ നിറം.
ജഴ്സിയുടെ നിറത്തെ സംബന്ധിച്ച് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരുന്നു. ഓറഞ്ച് നിറം തിരഞ്ഞെടുത്തത് ബി സി സി ഐയെയും ഇന്ത്യൻ കായികമേഖലയേയും കാവിവത്ക്കരിക്കാനുള്ള ബി ജെ പി ശ്രമമായി പ്രതിപക്ഷകക്ഷികൾ ആരോപിച്ചിരുന്നു.
ഐ സി സി വൃത്തങ്ങൾ പ്രകാരം വിവിധ നിറങ്ങളിൽ ഒന്ന് സെലക്ട് ചെയ്യാൻ ബി സി സി ഐയോട് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ ടി 20 ജഴ്സി കിറ്റിൽ ഓറഞ്ച് നിറം ഉൾപ്പെട്ടതിനാൽ ബി സി സി ഐ ഓറഞ്ച് നിറം തിരഞ്ഞെടുക്കുകയായിരുന്നു. ഐ സി സി നിർദേശമനുസരിച്ചാണ് ലോകകപ്പിൽ ഹോം, എവേ എന്നിങ്ങനെ ഫുട്ബോളിലേതു പോലെ വ്യത്യസ്ത ജഴ്സികൾ ഉപയോഗിക്കാനുള്ള തീരുമാനം നിർബന്ധമാക്കിയത്.
ഇതിനകം തന്നെ പുതിയ ജഴ്സിയെക്കുറിച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു, ഇതെന്തോന്നടേ ഹോർലിക്സ് കുപ്പിയോ? എന്നു ചോദിക്കുന്ന ട്രോളാണ് ഏറെ ഷെയർ ചെയ്യപ്പെടുന്നത്. പുതിയ ജഴ്സിയും ഹോർലിക്സിന്റെ കുപ്പിയുടെ ഡിസൈനും തമ്മിൽ നല്ല സാദൃശ്യമുണ്ട്.
ഇതിനൊപ്പം തന്നെ ജഴ്സിക്ക് പിറകിൽ ജയ് ശ്രീറാം എഴുതിയ ട്രോളുകളും വ്യാപകമാണ്. താരങ്ങളുടെ പേരിനൊപ്പം യോഗി ചേർത്തുള്ള ജഴ്സി നാമവും ഉണ്ട്. യോഗി ധോണി, യോഗി വിരാട് എന്നിങ്ങനെ.
ഇന്ത്യൻ ഓയിൽ പെട്രോൾ കമ്പനിയിലെ ജീവനക്കാരുടെ ഔദ്യോഗിക ഡ്രെസ് കോഡാണ് ഇന്ത്യൻ ടീം അനുകരിച്ചതെന്ന് ചിലർ ചിത്രം സഹിതം വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ വേഷത്തിൽ യുവസ്പിന്നർ ചാഹൽ നിൽക്കുന്ന പടവും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ജഴ്സിയിലെ പല പേരുകളിൽ ടീം ഇന്ത്യ എന്നതിനൊപ്പം ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാൻഡിന്റെ പേരുള്ള ജഴ്സിയും ട്വിറ്ററിൽ തരംഗമാണ്.