നടുവിരല്‍ മടക്കിയുള്ള സെഞ്ച്വറി ആഘോഷം; ക്രൈസ്റ്റ് ചർച്ചിൽ വെച്ച് സീനിയർ സ്റ്റോക്സ് മകനെയോർത്ത് അഭിമാനിക്കുകയാവും ഇപ്പോൾ
സ്റ്റോക്സിന്റെ പിതാവും മുൻ ന്യൂസിലാൻഡ് അന്താരാഷ്ട്ര റഗ്ബി കളിക്കാരനുമായ ജെഡ് അസുഖബാധിതനായതിനാൽ ഈ ഐ പി എല്ലിന്റെ ആദ്യമത്സരങ്ങൾ കളിക്കാൻ സ്റ്റോക്സിന് കഴിഞ്ഞിരുന്നില്ല. അച്ഛനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി നാട്ടിലായിരുന്നു സ്റ്റോക്സ്.
ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ വെച്ച് രാജസ്ഥാൻ റോയൽസ് മുംബൈയെ തകർത്തുവിട്ടപ്പോൾ അത് രാജസ്ഥാനും ഒരു മടങ്ങിവരവായിരുന്നു. താരസമ്പുഷ്മാണെങ്കിലും വിജയം മാത്രം കനിയാതെ നിന്ന ടീമായിരുന്നു രാജസ്ഥാൻ. അവരുടെ വിജയത്തിന് ചുക്കാൻ പിടിച്ചതാവട്ടെ ഇംഗ്ലീഷ് സൂപ്പർ സ്റ്റാറും ലോകകപ്പ് ഹീറോയുമായ ബെൻ സ്റ്റോക്സും.
തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ രാജസ്ഥാന് റോയൽസ് പക്ഷേ, ഇത്തവണ എന്തോ മനസിലുറപ്പിച്ചു തന്നെയായിരുന്നു കളത്തിലിറങ്ങിയത്. വമ്പന്‍ റണ്‍ചേസ് നടത്തി പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈയുടെ കഥ കഴിക്കുമ്പോൾ അത് ഗോലിയാത്തിനെ മലർത്തിയടിച്ച ദാവീദിന്റെ കഥ പോലെയായി. ഇതോടെ ടൂർണമെന്റിൽ ഇനിയും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനും രാജസ്ഥാന് കഴിഞ്ഞു.
59 പന്തുകളിലാണ് സ്റ്റോക്സ് ഈ സീസണില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സ്കോര്‍ 60 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്സറുമടക്കമാണ് സ്റ്റോക്സ് ടീമിന്റെ അമരക്കാരനായത്.
മത്സരശേഷം സ്റ്റോക്സ് മത്സരത്തിനു മുമ്പ് താനനുഭവിച്ച കഠിന നിമിഷങ്ങളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമല്ലാം മനസു തുറന്നു. സത്യസന്ദമായി പറയുകയാണെങ്കിൽ ഈ മത്സരത്തിനു മുമ്പ് ഞാനൽപം കഠിനമായി തന്നെ പരിശീലനത്തിലായിരുന്നു. കുറച്ചേറെ ആത്മവിശ്വാസവുമായാണ് ഞാൻ കളിക്കിറങ്ങിയത്. ഞങ്ങളുടെ താളം തിരിച്ചുകിട്ടിയെന്നാണ് തോന്നുന്നത്. ഇങ്ങനെയൊരു മത്സരഫലം ഞങ്ങൾക്ക് അത്യാവശ്യമായിരുന്നു. സ്റ്റോക്സ് പറയുന്നു.
സ്റ്റോക്സിന്റെ പിതാവും മുൻ ന്യൂസിലാൻഡ് അന്താരാഷ്ട്ര റഗ്ബി കളിക്കാരനുമായ ജെഡ് അസുഖബാധിതനായതിനാൽ ഈ ഐ പി എല്ലിന്റെ ആദ്യമത്സരങ്ങൾ കളിക്കാൻ സ്റ്റോക്സിന് കഴിഞ്ഞിരുന്നില്ല. അച്ഛനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി നാട്ടിലായിരുന്നു സ്റ്റോക്സ്. ശസ്ത്രക്രിയ അടക്കം കഴിഞ്ഞിരിക്കുന്നതിനാല്‍ കുടുംബത്തോടൊപ്പം നില്ക്കാന് പാകിസ്താന് പരമ്പരക്കിടെ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ഐപിഎല്ലിലും സ്റ്റോക്സ് കളിക്കില്ലെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും ടൂര്‍ണമെന്റിന്റെ പാതി വഴിയിലാണ് രാജസ്ഥാന് ടീമിനൊപ്പം ചേര്‍ന്നത്. കുടുംബത്തോടൊപ്പം നാട്ടില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും പിതാവിന്റെ നിര്‍ബന്ധ പ്രകാരം വീണ്ടും ക്രിക്കറ്റിലേക്ക് എത്തുകയായിരുന്നുവെന്ന് സ്റ്റോക്സ് വ്യക്തമാക്കിയിരുന്നു.
107 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച സ്റ്റോക്സ് തന്റെ സെഞ്ച്വറി ആഘോഷിച്ചത് നടുവിരല്‍ മടക്കി കൈകള്‍ ഉയര്‍ത്തിയാണ്. തന്റെ സെഞ്ച്വറി നേട്ടം തന്റെ രോഗബാധിതനായ പിതാവിന് സമര്‍പ്പിക്കുന്നതിനാണ് അത്തരമൊരു ആഘോഷം നടത്തിയത്. സ്റ്റോക്സിന്റെ പിതാവിന് മുമ്പ് മത്സരത്തിനിടെ തന്റെ നടുവിരല്‍ നഷ്ടമായതാണ്. ഇതാണ് നടുവിരല്‍ മടക്കി സ്റ്റോക്സ് സെഞ്ച്വറി നേട്ടം ആഘോഷിച്ചതിന്റെ കാരണം. നേരത്തെ ഇംഗ്ലണ്ടിനൊപ്പം കളിക്കുമ്പോഴും സമാനമായ രീതിയില്‍ നടുവില്‍ വിരല്‍ മടക്കി തന്റെ നേട്ടങ്ങള്‍ അദ്ദേഹം പിതാവിന് സമര്‍പ്പിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!