ധോണി അന്ന് പറഞ്ഞു, ഈ കപ്പലിൽ ഒരു പാട് ദ്വാരങ്ങളുണ്ട്; അവസാനം ആ ടൈറ്റാനിക് മുങ്ങുകയും ചെയ്തു
ഇനി ഐ പി എൽ പതിമൂന്നാം സീസണിൽ സി എസ് കെയ്ക്ക് അവശേഷിക്കുന്നത് ഏതാനും ചടങ്ങുകൾ മാത്രമാണ്. ഏതാണ്ട് ഫലത്തിൽ ടീം പുറത്തായിക്കഴിഞ്ഞു.
ചെന്നൈയെ ടെസ്റ്റ് കിങ്സ് എന്ന് പറഞ്ഞ് കളിയാക്കിയത് നാലാമതും തോൽവിയായതോടെ മുൻ ഇന്ത്യൻ ഓപണറായ സേവാഗ് ആയിരുന്നു. അവരുടെ ഈ ഐ പി എല്ലിലെ ഇഴഞ്ഞുനീങ്ങുന്ന ബാറ്റിങ് പ്രകടനം കണ്ടാൽ ആരും അങ്ങനെ വിളിച്ചുപോവുമെന്നത് സത്യം.
ഇനി ഐ പി എൽ പതിമൂന്നാം സീസണിൽ സി എസ് കെയ്ക്ക് അവശേഷിക്കുന്നത് ഏതാനും ചടങ്ങുകൾ മാത്രമാണ്. ഏതാണ്ട് ഫലത്തിൽ ടീം പുറത്തായിക്കഴിഞ്ഞു. പത്ത് മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമാണ് ധോണിയ്ക്കും സംഘത്തിനും സ്വന്തമാക്കാനായത്.
കാണെക്കാണെ ചെന്നൈ സൂപ്പർ കിങ്സ് എന്ന വൻമരം ഭൂമിയിലേക്ക് പതിച്ചു എന്നു തന്നെ പറയാം. ഐ പി എല്ലിലെ ഏറ്റവും വലിയ വിജയറെക്കോർഡുള്ള ടീം എന്ന ഖ്യാതിയുള്ള ധോണിയുടെ ടീം ഇന്ന് ഏത് വഴിയേ പോവുന്ന ടീമിനും തോൽപിക്കാൻ പറ്റും വിധം ദുർബലമായിരിക്കുന്നു എന്നതാണ് ഐ പി എൽ പതിമൂന്നാം സീസണിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടുകൊണ്ടിരിക്കുന്ന പ്രധാന സത്യങ്ങളിലൊന്ന്. ടെസ്റ്റ് കളിക്കുന്നു, വയസൻ പട, ജയിക്കാൻ തൃഷ്ണയില്ലാത്തവർ തുടങ്ങി ടീമിനെതിരെ ഉയരുന്ന രോഷം ഓരോ മത്സരം കഴിയുമ്പോഴും കൊടുമ്പിരി കൊണ്ട് തുടരുകയാണ്..
ആദ്യമത്സരത്തിൽ ജയിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കിതക്കുകയായിരുന്നു സി എസ് കെ. ധോണിയുടെ പ്രായാധിക്യം വന്ന ശരീരഭാഷ തന്നെ ഒരു തോറ്റ പടനായകന്റേതായിരുന്നു എന്നതായിരുന്നു ഓരോ കളി കഴിയുമ്പോഴും ആരാധകർ തിരിച്ചറിഞ്ഞ സത്യം. പഴയ റിഫ്ലക്സുകളും പവർ ഹിറ്റിങ്ങുകളും കൈമോശം വരികയാണെന്ന തിരിച്ചറിവിൽ ഒരു ആരാധകൻ ധോണിയുടെ സഹതാപാർഹമായ പവലിയനിലേക്ക് മടങ്ങുന്ന മുഖം കണ്ട് കുറിച്ചതിങ്ങനെ; 2014 ലെ ധോണിയായിരുന്നെങ്കിൽ 2020 ലെ ഈ ധോണിയെ 2017 ലേ ടീമിൽ നിന്ന് പുറത്താക്കിയേനെ!
ഞാനെപ്പോഴും എന്റെ കളിക്കാരോട് പറയാറുള്ള ഓരോ കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. കഴിഞ്ഞ കളിയിലെ തോൽവികളെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് നിങ്ങളിൽ എക്സ്ട്രസമ്മർദമുണ്ടാക്കും. ഈ കപ്പലിൽ ഒരുപാട് ദ്വാരങ്ങൾ വീണുകഴിഞ്ഞു. ഒരു ദ്വാരമടക്കാൻ ശ്രമിക്കുമ്പോഴേക്കും മറ്റൊരു ദ്വാരത്തിലൂടെ വെള്ളമകത്തു കടക്കുന്നു. എല്ലാവരും ഒന്നിച്ച് ശ്രമിച്ചാലേ കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ട് പോവാനാവൂ. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തോറ്റതിനു ശേഷം ധോണിയുടെ പ്രസന്റേഷൻ സമയത്തെ സംസാരത്തിലും ആ നിരാശയും ആത്മവിശ്വാസക്കുറവും ദൈന്യതയും പ്രകടമായിരുന്നു.
പക്ഷേ, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കപ്പൽ മുന്നോട്ടും പോയില്ല. ദ്വാരങ്ങളിൽ കൂടി വെള്ളം കയറി ആ ടൈറ്റാനിക് മുങ്ങുകയും ചെയ്തു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം. ചെന്നൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ വിജയറൺസ് കുറിച്ചു. അർധസെഞ്ചുറി നേടിയ ജോസ് ബട്ലറുടെ മികവിലാണു രാജസ്ഥാന് ആനായാസം വിജയം സ്വന്തമാക്കിയത്.
നാലാം ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയില് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 10 കളികളിൽനിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങൾ തോറ്റ ചെന്നൈ സൂപ്പർ കിങ്സ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈ ബാറ്റ്സ്മാൻമാരെ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാൻ രാജസ്ഥാൻ അനുവദിച്ചില്ല. 30 പന്തിൽ 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണു ചെന്നൈയുടെ ടോപ് സ്കോറർ. എം.എസ്.ധോണി (28പന്തിൽ 28), സാം കറൻ (25 പന്തില് 22) എന്നിവരാണ് മറ്റ് സ്കോറർമാർ. സാധാരണ ഗതിയിൽ ഇപ്പോൾ ഏകദിനങ്ങളിൽ പോലും ഒരു പന്തിൽ ഒരു റൺസ് എന്ന സ്ഥിതി വിട്ട സമയത്താണ് ചെന്നൈ ബാറ്റ്സ്മാൻമാരുടെ ഈ പ്രകടനമെന്നോർക്കണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!