അതായിരുന്നു ടേണിങ് പോയിന്റ്; വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ അനുഭവസമ്പന്നരെ അയ്യർ ഏൽപിക്കണമായിരുന്നു
ഗെയിൽ ക്രീസിലെത്തിയതോടെയാണ് ഡൽഹിയുടെ ക്യാപ്റ്റൻ അയ്യർ തന്റെ പുതുമുഖ പേസ് ബോളറായ തുഷാർ ദേഷ്പാണ്ഡെയുടെ കൈയ്യിൽ പന്തേൽപിക്കുന്നത്. ഒരു പക്ഷേ, ഈ മത്സരത്തിലെ ഏറ്റവും മോശം തീരുമാനവുമായിരുന്നു അത്.
4 ഓവറിൽ 24 റൺസായിരുന്നു അപ്പോൾ. ഡൽഹിക്കെതിരെ പഞ്ചാബിന്റെ ചേസ് താരതമ്യേന മന്ദഗതിയിലായിരുന്നു. ക്രീസിലേക്ക് ക്യാപ്റ്റൻ രാഹുൽ ഔട്ടായതിനു ശേഷം എത്തിയത് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലായിരുന്നു. പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും അയാളിലുണ്ടോ എന്ന സംശയത്തിൽ ടീം മാനേജ്മെന്റ് തന്നെ ആ മനുഷ്യനെ ടൂർണമെന്റിലെ ആദ്യപാദത്തിൽ മുഴുവനായും തന്നെ പുറത്തിരുത്തിയിരുന്നു.
ഗെയിൽ ക്രീസിലെത്തിയതോടെയാണ് ഡൽഹിയുടെ ക്യാപ്റ്റൻ അയ്യർ തന്റെ പുതുമുഖ പേസ് ബോളറായ തുഷാർ ദേഷ്പാണ്ഡെയുടെ കൈയ്യിൽ പന്തേൽപിക്കുന്നത്. ഒരു പക്ഷേ, ഈ മത്സരത്തിലെ ഏറ്റവും മോശം തീരുമാനവുമായിരുന്നുഅത്. ആ ഓവർ കഴിയുമ്പോഴേക്കും പഞ്ചാബിന്റെ സ്കോർ ബോർഡും റൺ റേറ്റും കുത്തനെ ഉയർന്നു. 4,4,6,4,6 എന്ന രീതിയിൽ പന്തുകൾ ബൗണ്ടറി ലൈനിനപ്പുറത്തേക്ക് കുതിച്ചപ്പോൾ ഗെയിൽ ഒരൊറ്റ ഓവറിൽ പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ആ ഓവറോടെ റിക്വയേർഡ് റേറ്റ് വരുതിയിലായതിന്റെ ആശ്വാസം കോച്ച് കുംബ്ലെയുടെ മുഖത്ത് നിന്ന് പിടിച്ചെടുക്കാൻ ക്യാമറാമാനും മറന്നില്ല.
മത്സരത്തിൽ 13 പന്തിൽ മൂന്നു ഫോറു രണ്ടു സിക്സറുകളും അടക്കമാണ് ഗെയിൽ 29 റൺസെടുത്തത്.
ശിഖർ ധവാന്റെ സെഞ്ചുറിക്കരുത്ത് ഡൽഹിക്ക് തുണയാവാത്തതിനു കാരണം പ്രധാനമായും വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ താരതമ്യേന പുതുമുഖമായ തുഷാറിനെ അയ്യർ പന്തേൽപിക്കാൻ തീരുമാനിച്ച ആ നിമിഷമായിരുന്നു. മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് അഞ്ച് വിക്കറ്റിനാണ് ഡൽഹിയെ തകർത്തത്. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം സൂപ്പർ ഓവറിൽ തട്ടിപ്പറിച്ച ഡൽഹിയോട് പഞ്ചാബിന്റെ മധുരപ്രതികാരം കൂടിയായിരുന്നു ഇത്.
മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി തികച്ച നിക്കോളാസ് പൂരാന്റെയും (28 പന്തിൽ 53), ഗ്ലെൻ മാക്സ്വെല്ലിന്റെയും (24 പന്തിൽ 32) ഇന്നിങ്സുകളും പഞ്ചാബിന്റെ വിജയത്തിന് അടിത്തറയേകി. പൂരന്റെ ക്യാച്ച് കൈവിട്ടതിന് ഡൽഹി കനത്ത വിലയാണ് നൽകിയത്. 165 റൺസ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായ മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി. തോൽപിച്ചതോ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകളേയും.
തുടർച്ചയായ രണ്ടാം സെഞ്ചുറി തികച്ച ധവാന്റെ (61 പന്തിൽ 106*) ബലത്തിലാണ് നിശ്ചിത 20 ഓവറിൽ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്. ടോസ് നേടിയ ഡൽഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!