ഓപണറെയും ഫിനിഷറെയും സ്ഥാനം മാറ്റി ബാറ്റും കൊടുത്തയക്കുന്നു, ഒത്തില്ലെങ്കിൽ തേവാട്ടിയ രക്ഷകനാവുമെന്ന രാജസ്ഥാൻ വ്യാമോഹവും!
ഫിനിഷറായി അന്താരാഷ്ട്രക്രിക്കറ്റിൽ പേരെടുത്ത ബെൻ സ്റ്റോക്സിനെ ഓപണറായി അയക്കുന്നു. നാളിതുവരെയായി ഓപണറായി കളിച്ച റോബിൻ ഉത്തപ്പയെ ഫിനിഷറായും.
വിചിത്രമാണ് രാജസ്ഥാന്റെ ബാറ്റിങ് പൊസിഷൻ. ഈ വൈചിത്രം വിജയിക്കുമ്പോൾ ഭീകരമായ വിജയമാവുന്നു. പരാജയപ്പെടുമ്പോഴോ എട്ടുനിലയിലും. ഫിനിഷറായി അന്താരാഷ്ട്രക്രിക്കറ്റിൽ പേരെടുത്ത ബെൻ സ്റ്റോക്സിനെ ഓപണറായി അയക്കുന്നു. നാളിതുവരെയായി ഓപണറായി കളിച്ച റോബിൻ ഉത്തപ്പയെ ഫിനിഷറായും. ഇനിയഥവാ, ഒന്നുമൊത്തില്ലെങ്കിൽ രക്ഷകനാവാറുള്ള തെവാട്ടിയ വന്ന് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയുമുണ്ട്. പക്ഷേ, പാളിയാലോ അടപടലം പാളുകയും ചെയ്യും. അങ്ങനെയൊരു മത്സരഫലമായിരുന്നു ഡൽഹിക്കെതിരെയും.
പരാജയത്തിന്റെ വക്കിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ രക്ഷകനായി ഈ സീസണിൽ രണ്ടു തവണ അവതരിച്ച രാഹുൽ തെവാത്തിയ ഇത്തവണ പക്ഷേ, രക്ഷകൻ വേഷമഴിച്ചുവെച്ചപ്പോൾ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസിനോട് 13 റൺസ് പരാജയം ഏറ്റുവാങ്ങി. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ്. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്...
ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസിനു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാൽ ടീം സ്കോർ 37 ൽ എത്തിനിൽക്കെ ജോസ് ബട്ലറെ (22 റൺസ്) ആൻറിച് നോർജെ ബൗൾഡാക്കി. 35 പന്തിൽ ആറ് ഫോർ ഉൾപ്പെടെ നിർണായകമായ 41 റൺസാണ് ഓപണറായി ഇറങ്ങിയ സ്റ്റോക്സ് നേടിയത്. ഈ കളിയിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ് 18 പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 25 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ കളിയിലെ ഹീറോ രാഹുൽ തെവാത്തിയ 18 പന്തിൽ 14 റൺസോടെ പുറത്താകാതെ നിന്നു. ഡൽഹിയ്ക്കു വേണ്ടി ആൻറിച് നോർജെ, തുഷാർ ദേശ്പാണ്ഡെ എന്നിവർ 2 വിക്കറ്റ് വീതവും, ആർ.അശ്വിൻ, അക്സർ പട്ടേൽ, കഗിസോ റബാദ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ഓപ്പണർ ശിഖർ ധവാന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഈ സീസണിലെ രണ്ടാം അർധസെഞ്ചുറിയുടെയും കരുത്തിലാണ് രാജസ്ഥാൻ റോയൽസിനു മുന്നിൽ ഡൽഹി ക്യാപിറ്റൽസ് 162 റൺസ് വിജയലക്ഷ്യമുയർത്തിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!