റിക്കാർഡോ പവലിന്റെയല്ല, രാഹുൽ ദ്രാവിഡിന്റെ ഗുരുകുലത്തിൽ ചേർന്ന് ഒരിക്കൽ കൂടി സഞ്ജു കളരിയഭ്യസിക്കണം
2020 ഐപിഎല്ലിൽ ആദ്യ രണ്ടു മത്സരങ്ങളിലെ അർധ സെഞ്ചുറി പ്രകടനങ്ങളോടെ സഞ്ജു സാംസൺ ഓർമിപ്പിച്ചത് ഒരർഥത്തിൽ റിക്കാർഡോ പവലിനെ തന്നെയായിരുന്നു. സിക്സറടിക്കാനുള്ള ത്വര വേണ്ടതിലേറെ സഞ്ജു ആദ്യ രണ്ട് മത്സരങ്ങളിൽ പ്രകടിപ്പിച്ചപ്പോൾ അത് വിജയിക്കുകയും ചെയ്തു.
ഇതിലും മികച്ച തുടക്കമായിരുന്നു റിക്കോർഡോ പവൽ എന്ന വെസ്റ്റ് ഇൻഡീസുകാരൻ കൂറ്റനടിക്കാരന്റേത്.
ഓർക്കുന്നില്ലേ പവലിനെ? റിക്കാർഡോ പവൽ അരങ്ങേറിയ സമയത്ത് ക്രിക്കറ്റ് പ്രേമികൾ പാടി നടന്നിരുന്നത് അടുത്ത വിവിയൻ റിച്ചാർഡ്സ് വരുന്നു എന്നായിരുന്നു. കാരണം ഇടിമുഴക്കമാർന്ന് ഒരു വരവ് തന്നെയായിരുന്നു അത്. വിൻഡീസിനു വേണ്ടി സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു പവൽ ആ കാലത്ത്. 96.99 എന്ന സ്ട്രൈക് റേറ്റോടെയായിരുന്നു താരം 2000 റൺസ് വരെ തികച്ചത്. 1999 ൽ സിങ്കപ്പൂരിൽ വെച്ച് ഇന്ത്യ്ക്കെതിരെ 8 സിക്സറുകൾ പറത്തി സെഞ്ച്വറി തികച്ചപ്പോൾ പവൽ ദീർഘകാലം വിൻഡീസ് ടീമിലെ നെടുന്തൂണാകുമെന്ന് കരുതിയവരുമേറെ. എന്നാൽ പതിയെ ഫോം ഔട്ടും സിക്സറടിക്കാൻ മാത്രമുള്ള പാഴായ പടപ്പുറപ്പാടുമായപ്പോൾ താരം വന്നതിനേക്കാൾ വേഗത്തിൽ ടീമിൽ നിന്ന്, എന്തിനേറെ ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ നിന്നു വരെ മറയുകയായിരുന്നു.
പവലിന്റെ റെക്കോർഡ് ബുക്ക് പരിശോധിച്ചു നോക്കുമ്പോൾ പ്രതിഭയുടെ പഞ്ഞമൊന്നും ആർക്കും പറയാനുണ്ടായിരുന്നില്ല. 100 ഏകദിനങ്ങളിൽ നിന്ന് 75 സിക്സറുകൾ നേടിയിട്ടുണ്ട് താരം. അത് റിച്ചാർഡ്സിന്റെ സിക്സർ അനുപാതത്തിന് തുല്യവുമാണ്. എങ്കിലും വെറും 109 ഏകദിനങ്ങളുടെ മാത്രം ആയുസുണ്ടായിരുന്ന ആ കരിയറിൽ ഉണ്ടാവാതിരുന്നത് മറ്റൊന്നായിരുന്നു. റിച്ചാർഡ്സിനാണെങ്കിൽ അത് വേണ്ടതിലേറെ ഉണ്ടായിരുന്നു താനും. ആ ഘടകമായിരുന്നു സ്ഥിരത.
2020 ഐപിഎല്ലിൽ ആദ്യ രണ്ടു മത്സരങ്ങളിലെ അർധ സെഞ്ചുറി പ്രകടനങ്ങളോടെ സഞ്ജു സാംസൺ ഓർമിപ്പിച്ചത് ഒരർഥത്തിൽ റിക്കാർഡോ പവലിനെ തന്നെയായിരുന്നു. സിക്സറടിക്കാനുള്ള ത്വര വേണ്ടതിലേറെ സഞ്ജു ആദ്യ രണ്ട് മത്സരങ്ങളിൽ പ്രകടിപ്പിച്ചപ്പോൾ അത് വിജയിക്കുകയും ചെയ്തു. ആ മത്സരങ്ങളിലായി 16 സിക്സറുകളാണ് സഞ്ജു നേടിയത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ തുടർച്ചയായ ബാറ്റിങ് പരാജയങ്ങളായിരുന്നു സഞ്ജുവിനെ കാത്തിരുന്നത്. പുറത്തായ പന്തുകളിൽ പലതും സിക്സറടിക്കാനുള്ള ആവേശത്തിലായിരുന്നു താനും. അവസാന എട്ടു മത്സരങ്ങളിൽ രണ്ടക്കം കടന്നത് രണ്ടു തവണ മാത്രം. ഈ മത്സരങ്ങളിലെ ഉയർന്ന സ്കോർ ആവട്ടെ 26 ഉം.
ഇതിൽ തന്നെ രണ്ടു വട്ടം ആണ് സഞ്ജു പൂജ്യത്തിന് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ലെഗ് സൈഡിലേക്ക് വന്ന പന്ത് ബാറ്റിലുരസി ധോണിയുടെ കൈകളിലെത്തുകയായിരുന്നു. സ്ഥിരതയില്ലായ്മ തന്നെയാണ് ഇക്കുറിയും വെല്ലുവിളിയാകുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലെ തകർപ്പൻ അര്ധസെഞ്ചുറികളോടെ സീസൺ തുടങ്ങിയ സഞ്ജുവിനെ ക്രിക്കറ്റ് ഇതിഹാസങ്ങളും ആരാധകരും വാനോളം പുകഴ്ത്തിയിരുന്നെങ്കിലും ആ പുകഴ്ത്തലുകൾക്കപ്പുറം തുടർച്ചയായി എട്ടു മത്സരങ്ങളിലാണു ബാറ്റിങ്ങിൽ താരം തിളങ്ങാതെ പോയത്.
0(3), 9 (6), 25(18), 26 (25), 5(9), 0(3), 4(3), 8(9) എന്നിങ്ങനെയാണു തുടർന്നുള്ള മത്സരങ്ങളിൽ താരത്തിന്റെ ബാറ്റിങ് പ്രകടനങ്ങൾ. തുടർച്ചയായി പരാജയപ്പെട്ടിട്ടും സീസണിൽ താരത്തിന്റെ തിരിച്ചുവരവ് സ്വപ്നം കാണുന്ന രാജസ്ഥാൻ റോയൽസ് ആരാധകരും ഇപ്പോൾ ഏതായാലും നിരാശായിരിക്കും. വരുംമത്സരങ്ങളിൽ കൂടി താരം പരാജയപ്പെട്ടാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരം സാന്നിധ്യമാകുകയെന്ന മോഹം സഞ്ജുവിന് അന്യമാകുമെന്ന് തീർച്ച.
പവലിന്റെയല്ല, ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിൽ വിദഗ്ധനായ രാജസ്ഥാന്റെ മുൻ ക്യാപ്റ്റനും മെന്ററും കൂടിയായിരുന്ന സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ ഗുരുകുലത്തിലയച്ച് ഒരിക്കൽ കൂടി കളരി പഠിപ്പിക്കേണ്ടി വരും, എല്ലാ പന്തുകളിലും കൂറ്റനടികൾക്ക് ശ്രമിക്കുന്ന സഞ്ജുവിനെ. രാജസ്ഥാനാവട്ടെ, അതാവശ്യമാണ് താനും. സഞ്ജു ഫോം തെളിയിച്ചില്ലെങ്കിൽ വരും മത്സരങ്ങളിൽ രാജസ്ഥാൻ തീർച്ചയായും മറ്റു ഓപ്ഷനുകൾ തിരയുമെന്നും ഉറപ്പ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!