ഇറാന് തിരിച്ചടിച്ചു; യുഎസ് സൈനിക കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ഡിസംബറില്‍ സന്ദര്‍ശിച്ച ഇറാഖിലെ യുഎസ് വ്യോമതാവളമാണ് ആക്രമണം ഉണ്ടായ അല്‍ അസദ് വ്യോമ താവളം.
ഖാസിം സുലൈമാനി വധത്തിന് മിസൈല്‍ ആക്രമണത്തിലൂടെ ഇറാന്റെ തിരിച്ചടി. ഇറാഖിലുള്ള രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ബുധനാഴ്ച പുലര്‍ച്ചെ ഇറാന് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു. ഒരു ഡസനിലേറെ മിസൈലുകള്‍ ഇറാന് ഉപയോഗിച്ചതാണ് വാര്‍ത്താ ഏജന്‍സികള്‍ നല്കുന്ന വിവരം. ആക്രമണം ഇറാനും യുഎസ് സൈനിക വിഭാഗമായ പെന്റഗണും സ്ഥിരീകരിച്ചു.
ഇറാന്റെ അന്‍ബാര്‍ പ്രവിശ്യയിലുള്ള അയിന് അല്‍ അസദ് വ്യോമതാവളത്തില്‍നിന്നാണ് മിസൈലുകള്‍ പറന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണം. ഖാസിം സുലൈമാനിയുടെ വധത്തിനുള്ള തിരിച്ചടിയാണ് മിസൈല്‍ ആക്രമണം എന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ വ്യക്തമാക്കി. മേഖലയില്‍നിന്ന് യുഎസ് സേന പിന്‍വാങ്ങുന്നതിനാണ് ആക്രമണം എന്നാണ് ഇറാന്റെ വാദം.
Missiles striking the Al-Assad air base in Iraq. #IranAttacks #IranvsUSA pic.twitter.com/SXaNkudLNq
— Slater Areno (@slayerareno) January 8, 2020
മിസൈല്‍ ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല. ആഘാതം വിലയിരുത്തി വരുന്നേയുള്ളൂ എന്നാണ് പെന്റഗണ്‍ വക്താവ് ജൊനാഥന് ഹോഫ്മാന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. ഇറാഖിലെ അല്‍ അസദ്, ഇബ്രായില് എന്നീ വ്യോമതാവളങ്ങളിലായിരുന്നു ആക്രമണം.
Video shows dozens of ballistic missiles heading for US base in Iraq. #IranAttacks pic.twitter.com/LOWXpOV0Bo
— Tiffany Salameh TV (@tiffanysalameh) January 8, 2020
ആഘാതം വിലയുരുത്തിയ ശേഷം യുഎസ് സേനയുടെ സുരക്ഷിതത്വത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പെന്റഗണ്‍ വക്താവ് പ്രഖ്യാപിച്ചു. യുഎസ് സൈന്യത്തിനൊപ്പം സഖ്യസേനകളുടെയും പശ്ചിമേഷ്യയിലെയും സുരക്ഷ ഉറപ്പുവരുത്തുക കൂടിയാണ് ദൗത്യമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫാന്‍ ഗ്രിഷാം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ഡിസംബറില്‍ സന്ദര്‍ശിച്ച ഇറാഖിലെ യുഎസ് വ്യോമതാവളമാണ് ആക്രമണം ഉണ്ടായ അല്‍ അസദ് വ്യോമ താവളം.
സ്ഥിതിഗതികള്‍ സൂക്ഷമായി നിരീക്ഷിക്കുകയാണെന്നും പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യഥാസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മിസൈല്‍ ആക്രമണം നടന്ന ഉടന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും വൈറ്റ് ഹൗസില്‍ എത്തി. യുഎസ് ഏത് രീതിയിലാണ് പ്രതികരിക്കുകയെന്ന് വ്യക്തമല്ല.
ഇറാനില്‍നിന്ന് ഏത് നിമിഷവും തിരിച്ചടിയുണ്ടാകും എന്ന് യുഎസ് പ്രതീക്ഷിച്ചിരുന്നതായി പ്രതിരോധ സെക്രട്ടറി എസ്പര് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചടി നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ യുഎസ് സജ്ജമാക്കിയിരിക്കും. യുദ്ധം ഉറപ്പായ പശ്ചാത്തലത്തില്‍ 3500 അധിക സൈനികരെ കൂടി യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.
'ഞങ്ങള്‍ യുദ്ധത്തിനാണ് പോകുന്നത്, ബ്രോ'
അവരില്‍ പലര്‍ക്കും ഇത് ജീവിതത്തിലെ ആദ്യ ദൗത്യമാണ്. അവര്‍ വെടിക്കോപ്പുകളും തോക്കുകളും സജ്ജമാക്കി. പ്രിയപ്പെട്ടവരെ അവസാനമായി ഒരിക്കല്‍കൂടി വിളിച്ചു. എന്നിട്ട് സെല്‍ഫോണ്‍ ഓഫ് ആക്കി. ചിലര്‍ രക്തം നല്കി. 600 പേര് അടങ്ങിയ സംഘമാണ്. ഏറെയും ചെറുപ്പക്കാര്‍. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട ബ്രാഗില്നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിച്ചവര്‍. 3500 യുഎസ് സൈനികരെ കൂടി പശ്ചിമേഷ്യയില്‍ വിന്യസിക്കാനുള്ള തീരുമാനം വന്നയുടന്‍ അവര്‍ക്കൊപ്പം ചേരാന്‍ നിയോഗിക്കപ്പെട്ടവര്‍. കുവൈത്തിലാണ് ആദ്യം സംഘം നിര്‍ത്തുക. അതേ അവര്‍ക്കും അറിയൂ. അന്തിമ ലക്ഷ്യസ്ഥാനം ഏതെന്ന് യുദ്ധഭൂമിയില്‍ എത്തിയാല്‍ മാത്രം അറിയാവുന്ന കാര്യം. 'ഞങ്ങള്‍ യുദ്ധത്തിനാണ് പോകുന്നത്, ബ്രോ'. കൂട്ടത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. തള്ളവിരല്‍ ഉയര്‍ത്തി നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഇറാനുമായി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട യുഎസ് ഭടന്മാരുടെ യാത്രപുറപ്പെടലിനെ കുറിച്ച് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടര്‍ റിച്ച് മകെയ് നല്കിയ വിവരണമാണ് ഇത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ച് ഇറാന് മിലിട്ടറി കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് ശേഷം പശ്ചിമേഷ്യ ഒരിക്കല്‍ കൂടി യുദ്ധമുനമ്പായി മാറിയിരിക്കുന്നു. പരസ്പരം വെല്ലുവിളിക്കുന്ന യുദ്ധഭാഷണങ്ങള്‍ യുഎസിന്റെയും ഇറാന്റെയും ഭരണാധികാരികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വൈകാരിക ക്ഷോഭത്തില്‍ നില്ക്കുന്ന ജനക്കൂട്ടത്തെ യുദ്ധം അനിവാര്യമാണെന്ന തോന്നലിലേക്ക് അത് എത്തിച്ചുകൊണ്ടിരിക്കുന്നു. 'അമേരിക്കയുടെ അന്ത്യം' എന്ന ആക്രോശിച്ച് ഇറാന് ജനത ചെറുത്തുനില്‍പ്പിന്റെ വീര്യം പുറത്തെടുക്കുന്നു. യുഎസ് സൈന്യത്തെ സ്വന്തം രാജ്യത്തുനിന്ന പുറത്താക്കണമെന്ന് ഏറെക്കുറേ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖ് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരിക്കുന്നു. അത് നിരസിച്ച് കൂടുതല്‍ സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതിന്റെ ഭാഗമാണ് ഫോര്‍ട്ട ബ്രാഗില്നിന്നുള്ള ഭടന്മാരുടെ യാത്ര.
3500 അധിക സൈനികരെയാണ് പെന്റഗണ്‍ പശ്ചിമേഷ്യയില്‍ പുതുതായി വിന്യസിക്കുന്നത്. യുഎസിന്റെ 82 എയര്‍ബോണ്‍ ഡിവിഷനിലെ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ടതാണ് ഭടന്മാര്. ഇത്രയും കൂടുതല്‍ സൈനികരെ അതിവേഗം ഒരു പ്രദേശത്തേക്ക യുഎസ് വിന്യസിക്കുന്നത് 2010ന് ശേഷം ആദ്യമായാണ്. ഹെയ്ത്തിയില്‍ ഭൂകമ്പം ഉണ്ടായപ്പോഴായിരുന്നു ഇതിന് മുമ്പ് യുഎസ് സൈന്യം അതിവേഗത്തില്‍ ഇത്രയേറെ ഭടന്മാരെ വിന്യസിച്ചത്.
യുദ്ധഭൂമിയിലേക്ക് തിരിച്ച ഭടന്മാര്ക്ക് യുഎസ് ആര്‍മി മേജര്‍ ജനറല്‍ ജെയിംസ് മിന്ഗുസ വിജയാഭിവാദനം നേര്‍ന്നു. ഓരോരുത്തരേയും കൈപിടിച്ച് ആത്മധൈര്യമേകി. യുദ്ധഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട ഉത്തരവ് വന്നപ്പോള്‍ ഒട്ടും അത്ഭുതം തോന്നിയില്ല എന്നായിരുന്നു വിര്‍ജീനിയയില്‍നിന്നുള്ള ഒരു ഭടന്റെ പ്രതികരണമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഞാന്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കാര്യങ്ങള്‍ എങ്ങനെയാണ് നീങ്ങുന്നതെന്ന് അതിലൂടെ മനസ്സിലാക്കാനായി. എവിടെയും പോകരുത് എന്ന മെസേജ് ആയിരുന്നു ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്. പിന്നീട് ഈ ഉത്തരവും'- 27 കാരനായ സൈനികന് പറഞ്ഞു. സംഘത്തിലെ നിരവധി ഭടന്മാരുമായി നേരില്‍ സംസാരിക്കുന്നതിന് റോയിട്ടേഴസ് സംഘത്തിന് അനുമതി നല്‍കിയിരുന്നു. സുലൈമാനിയുടെ വധത്തിന് ശേഷം രൂക്ഷമായ സംഘര്‍ഷം ഏത് തലത്തില്‍ വികസിക്കുമെന്ന് യുഎസ് ഭടന്മാര്ക്കും നിശ്ചയമില്ല. ഭരണകൂടത്തിന്റെ ഏത് ഉത്തരവും നടപ്പാക്കാന്‍ പോന്നവിധത്തില്‍ അവര്‍ പക്ഷെ, സജ്ജരാണ്. എല്ലാ വെടിക്കോപ്പുകളുമായും.
ഇറാനുമായി നേരത്തെ തന്നെ യുദ്ധത്തിലായിരുന്നു എന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ട് യുഎസിനെ സംബന്ധിച്ച് പുതുതായി തുടങ്ങേണ്ടതല്ല യുദ്ധം. സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത് യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണ് എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. യുഎസുമായി ഇറാന് നേരിട്ടുള്ള യുദ്ധത്തിന് ശ്രമിക്കില്ലെന്നാണ് യുദ്ധവിദഗ്ധരുടെ വിശകലനം. യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും എംബസികള്‍ക്കും നേരെ നിഴല്‍ യുദ്ധം നടത്തുകയായിരിക്കും ഇറാന് ചെയ്യുകയെന്ന് അവര്‍ അനുമാനിക്കുന്നു. സൈനിക ശേഷയില്‍ യുഎസിന്റെ അടുത്തൊന്നും എത്താന്‍ പറ്റാത്ത ഇറാന് നേരിട്ടുള്ള യുദ്ധവിജയം അസാധ്യമായ ഒന്നാണ്. തങ്ങളുടെ മേഖലയില്‍ വന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുമ്പോള്‍ ചെറുക്കുകയെന്നത് മാത്രമായിരിക്കും ഇറാന്റെ ദൗത്യം. യുഎസ് സൈന്യത്തെ നേരിട്ട് എതിര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റുമാര്‍ഗങ്ങള്‍ ഇറാന് തേടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!