ജോസ് കെ മാണിയുടെ പിളര്‍പ്പ് രണ്ടിലയുടെ തണ്ടൊടിക്കുമോ ?
തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പിളര്‍പ്പിന്റെ വക്കില്‍ എത്തിയിരുന്നെങ്കിലും പലവിധ മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് കെ.എം മാണിയും പി.ജെ ജോസഫും സഹകരിച്ച് ഒന്നിച്ചുപോകുകയായിരുന്നു. കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ മകന് ജോസ് കെ മാണി നടത്തിയ നീക്കങ്ങളാണ് മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസിലെ പുതിയ, പിളര്‍പ്പിലേക്ക് നയിച്ചത്.
കോട്ടയത്ത് തോമസ് ചാഴികാടന് സ്ഥാനാര്‍ത്ഥിയായത് ഒരു അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു. ജോസ് കെ മാണിയുടെ നീക്കങ്ങളാണ് അതിന് പിന്നിലെന്നാണ് ജോസഫ് ഗ്രൂപ്പ് കരുതുന്നത്. ഇപ്പോള്‍ ഇതാ, കെ.എം മാണിയുടെ മരണശേഷം ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുളള ഏറ്റുമുട്ടലില്‍ ജോസഫിനെ മറികടന്ന് ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായിരിക്കുന്നു. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ സമാന്തര സംസ്ഥാന സമിതി യോഗത്തില്‍ ഇ.ജെ അഗസ്റ്റി ജോസ് കെ മാണിയുടെ പേര് നിര്‍ദേശിക്കുകയും സമിതി പിന്താങ്ങുകയുമായിരുന്നു.
ജോസ് കെ മാണിയുടെ നീക്കത്തെ സംഘടനാ നിയമം ഉപയോഗിച്ച് പ്രതിരോധിക്കാനുളള ശ്രമത്തിലാണ് പി.ജെ ജോസഫും സംഘവും. യോഗം അനധികൃതവും സംഘടനാ വിരുദ്ധമാണെന്നും ചെയര്‍മാന്റെ അധികാരങ്ങള്‍ നിക്ഷിപ്തമായിട്ടുളള വര്‍ക്കിങ് ചെയര്‍മാനായ തനിക്ക് മാത്രമേ സംസ്ഥാന സമിതി വിളിക്കാന്‍ അധികാരമുളളൂവെന്നാണ് പി.ജെ ജോസഫ് പറയുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജോസ് കെ മാണി അടക്കമുളളവരെ പുറത്താക്കാന്‍ വരെയുളള സാധ്യതകളാണ് തേടുന്നതും. എംഎല്‍എമാരില്‍ ജോസഫ് ഗ്രൂപ്പിനൊപ്പം മോന്‍സ് ജോസഫ് മാത്രമാണുളളത്. മുതിര്‍ന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ സി.എഫ് തോമസ്, റോഷി അഗസ്റ്റിന്, ഡോ. എന്‍ ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പവും.
ജോസ് കെ മാണിയുടെ വാദങ്ങള്‍
അനധികൃതമായല്ല യോഗം വിളിച്ചതെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. സംസ്ഥാന സമിതി വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമിതിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട രേഖാമൂലമുളള കത്ത് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്മാന്, വൈസ് ചെയര്മാന് എന്നിവര്‍ക്ക് നല്‍കിയിരുന്നു. കത്ത് കിട്ടിയാല്‍ ഉടന്‍ യോഗം വിളിക്കണം. എന്നാല്‍ കത്ത് ലഭിച്ചിട്ട് ഇതുവരെയും യോഗം വിളിക്കാത്തതിനാലാണ് അതില്‍ ഒപ്പിട്ട മുതിര്‍ന്ന നേതാവായ പ്രൊഫ. ആന്റണിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. നാലിലൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് യോഗം നടന്നത്. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേര് യോഗത്തില്‍ പങ്കെടുത്തു. ഇതില്‍ വിഭാഗിയതകള്‍ ഇല്ലെന്നും നിയമം പാലിച്ചാണ് നടപടിയെന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്.
കേരള ചരിത്രത്തില്‍ ഇതുവരെ ഏറ്റവുമധികം പിളര്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് തുടങ്ങിയ പിളര്‍പ്പ് കെ.എം മാണിയുടെ കാലശേഷം ഇപ്പോഴും തുടരുകയാണ്. അതിന്റെ നാള്‍വഴികളിലൂടെ.
കേരള കോണ്‍ഗ്രസിന്റെ തുടക്കം
കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസിനുളളില്‍ തന്നെ നീക്കം നടന്നെന്നും പാര്‍ട്ടി സ്വീകരിച്ച സമീപനം ശരിയായില്ലെന്നും ആരോപിച്ചാണ് കോണ്‍ഗ്രസില്‍ നിന്നും കേരള കോണ്‍ഗ്രസ് ഉണ്ടാകുന്നത്. അതിന്റെ ചരിത്രം ഇങ്ങനെയാണ്. 1963ലെ ഡിസംബറില്‍ തൃശൂര്‍ ലൂര്‍ദ് മാതാപളളിയിലെ പെരുന്നാള്‍ ദിവസം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ വാഹനമിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുന്നു.
കാറിനുളളില്‍ കൂളിങ്ഗ്ലാസ് ധരിച്ചൊരു സ്ത്രീ കൂടി അപകടം നടക്കുമ്പോള്‍ ഉണ്ടെന്നായിരുന്നു പിന്നാലെ പ്രചരിച്ചത്.വഴിയില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പത്മം മേനോന് ആയിരുന്നു ഇതെന്ന ചാക്കോയുടെ വിശദീകരണമാകട്ടെ കോണ്‍ഗ്രസുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പാര്‍ട്ടിക്കുളളില്‍ തന്നെ ചാക്കോയുടെ രാജി ആവശ്യം ഉയര്‍ന്നു. ചാക്കോ രാജിവെക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അദ്ദേഹം അഭിഭാഷകവൃത്തിയില്‍ വീണ്ടും സജീവമായി. ജോലിതിരക്കുകള്ക്കിടെ കോഴിക്കോട് ഒരു കേസിന്റെ കാര്യവുമായി എത്തിയ അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു. പിന്നാലെ കോണ്‍ഗ്രസുകാരുടെ ചതിയില്‍ മനംനൊന്ത് അദ്ദേഹം ഹൃദയംപൊട്ടി മരിക്കുകയായിരുന്നു എന്ന പ്രചാരണം ഉയര്‍ന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ കെ.എം ജോര്‍ജിന്റെയും ബാലകൃഷ്ണപിളളയുടെയും നേതൃത്വത്തിലുളള വിമതഗ്രൂപ്പ് സജീവമായി. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും 15 എംഎല്‍എമാര്‍ പുറത്തുവന്നു.
1964ല്‍ മന്നത്ത് പത്മനാഭന് കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിക്കുകയും കെ.എം ജോര്‍ജ് ചെയര്‍മാനും ആര്.ബാലകൃഷ്ണപിളള വൈസ് ചെയര്‍മാനുമായി പുതിയ പാര്‍ട്ടി ഉണ്ടാകുകയും ചെയ്തു. ഇങ്ങനെ മരണംവരെ കോണ്‍ഗ്രസുകാരനായിരുന്ന ചാക്കോയുടെ പേരിലാണ് ആദ്യമായി കേരള കോണ്‍ഗ്രസ് ഉണ്ടാകുന്നത്. നാലുമാസത്തിന് ശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റുകളില്‍ വിജയിച്ചു.
കേരള കോണ്‍ഗ്രസ് രണ്ടാകുന്നു, കേരള കോണ്‍ഗ്രസ് പിളള ഗ്രൂപ്പ്
അടിയന്തരാവസ്ഥാക്കാലത്തെ സി.അച്യുതമേനോന് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസും ഉണ്ടായിരുന്നു. പാര്‍ട്ടി ചെയര്മാന് സ്ഥാനവും മന്ത്രിപദവിയും ഒന്നിച്ച് വഹിക്കാന്‍ പറ്റില്ലെന്ന് കെ.എം മാണി പാര്‍ട്ടിക്കുളളില്‍ നിലപാട് എടുത്തു. കെ.എം ജോര്‍ജ് മന്ത്രിയാകുന്നത് തടയാനായിരുന്നു ഈ നീക്കം. തുടര്‍ന്ന് കെ.എം മാണിയും മാവേലിക്കരയില്‍ നിന്നുളള ലോക്സഭാംഗമായ ആര് ബാലകൃഷ്ണപിളളയും മന്ത്രിമാരായി. ഇതില്‍ തനിക്ക് തിരിച്ചടിയേറ്റെന്ന് മനസിലായ കെ.എം ജോര്‍ജ് മന്ത്രിയാകാനുളള നീക്കങ്ങള്‍ സമാന്തരമായി നടത്തി.
1976 ജൂണ്‍ 26ന് ബാലകൃഷ്ണപിളളയ്ക്ക് പകരം കെ.എം ജോര്‍ജ് മന്ത്രിയായി. പാര്‍ട്ടി ചെയര്‍മാനായി ബാലകൃഷ്ണപിളള തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേവര്‍ഷം ഡിസംബറില്‍ കെ.എം ജോര്‍ജ് മരണമടഞ്ഞു. പകരം മന്ത്രിയായി എം.സി ചാക്കോയെ ആര് ബാലകൃഷ്ണപിളളയും ഇ ജോണ്‍ ജേക്കബിനെ കെ.എം മാണിയും നിര്‍ദേശിച്ചു. ജോണ്‍ ജേക്കബ് മന്ത്രിയാകുകയും ചെയ്തു. ഈ ഭിന്നതകളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളള എന്ന പേരില്‍ ബാലകൃഷ്ണപിളള ഗ്രൂപ്പ് ശക്തിപ്പെടുകയും വേര്‍പിരിയുകയും ചെയ്തു.
കെ.എം മാണിയുടെ പാര്‍ട്ടി ഉണ്ടാകുന്നു, പി.ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസും
1977ലെ കെ കരുണാകരന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെ.എം മാണി, കെ. നാരായണക്കുറുപ്പ്, ഇ. ജോണ്‍ ജേക്കബ് എന്നിവരായിരുന്നു മന്ത്രിമാര്‍. പാലായിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതിനിടയില്‍ രാജന് കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന് രാജിവെക്കുകയും ആന്റണി മുഖ്യമന്ത്രിയായുകയും ചെയ്തു. കെ.എം മാണിക്ക് പകരം പി.ജെ ജോസഫ് ആഭ്യന്തരമന്ത്രിയായി.
കേസ് ജയിച്ച് മാണി തിരിച്ചെത്തിയപ്പോള്‍ പി.ജെ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പക്ഷേ പാര്‍ട്ടി ചെയര്മാന് സ്ഥാനം ജോസഫ് ആവശ്യപ്പെട്ടെങ്കിലും മാണി വിട്ടുകൊടുത്തില്ല. 1979ല്‍ ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസഫ് തോല്‍ക്കുകയും മാണിയുടെ പിന്തുണയില്‍ വി.ടി സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇതോടെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്ന വിളിപ്പേരില്‍ തുടര്‍ന്നു. 1979ല്‍ കേരള കോണ്‍ഗ്രസ് എം എന്ന പേരില്‍ മാണി പാര്‍ട്ടി രൂപീകരിച്ചു. ചെയര്മാന് കെ.എം മാണി തന്നെയായിരുന്നു. 14 എംഎല്‍എമാരായിരുന്നു പാര്‍ട്ടിക്ക് അന്ന് ഉണ്ടായിരുന്നത്.
കെ.എം മാണിയും ജോസഫും ഒന്നിക്കുന്നു
1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് വീണ്ടും ഇരുവിഭാഗവും കൈകൊടുക്കുന്നത്. എല്‍ഡിഎഫ് രൂപീകരിക്കുമ്പോള്‍ ഘടകകക്ഷിയായ കെ.എം മാണി 1982ല്‍ യുഡിഎഫില്‍ എത്തുമ്പോള്‍ ജോസഫും മുന്നണിയിലുണ്ടായിരുന്നു. 1984ല്‍ ലയിക്കുമ്പോഴാണ് മാണിയുടെ ശ്രദ്ധേയമായ ആ പരാമര്‍ശം ഉണ്ടാകുന്നത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നായിരുന്നു മാണിയുടെ വാക്കുകള്‍.
1987ല്‍ ചരല്‍ക്കുന്ന് സമ്മേളനത്തില്‍ സത്യത്തിന് ഒരടിക്കുറിപ്പ് എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് മാണിക്കെതിരെ വീണ്ടും തിരിയുന്നത്. ടി.എം ജേക്കബ് ഈ സമയത്ത് മാണിക്കൊപ്പം നിലകൊണ്ടു. ബാലകൃഷ്ണപിളളയാകട്ടെ ജോസഫിനൊപ്പവും നിലകൊണ്ടു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും കാലുവാരി. മാണിക്ക് നാലും ജോസഫിന് അഞ്ചും എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.
അതേസമയം യുഡിഎഫില്‍ എല്ലാ കക്ഷികളും തുടരുകയും ചെയ്തു. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കലഹത്തെ തുടര്‍ന്ന് ജോസഫും കൂട്ടരും ഇടതുമുന്നണിക്കൊപ്പം പോയി. പി.സി ജോര്‍ജും കെ.സി ജോസഫും ഒപ്പമുണ്ടായിരുന്നു.
കേരള കോണ്‍ഗ്രസ് ജേക്കബ്
1993ലാണ് ടി.എം ജേക്കബിന്റെ നേതൃത്വത്തില്‍ മറ്റൊരു കേരള കോണ്‍ഗ്രസ് ഉണ്ടാകുന്നത്. കെ.എം മാണിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടി.എം ജേക്കബ്, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, പി.എം മാത്യു എന്നിവരാണ് പുതിയ നീക്കങ്ങള്‍ നടത്തിയത്. ഇതില്‍ പിന്നീട് പി.എം മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങി.
1993 ഡിസംബറില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രൂപീകരിച്ചു. ആദ്യം മുതല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം 2005ല്‍ ഉമ്മന്‍ചാണ്ടിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചു. 2006ല്‍ യുഡിഎഫുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയും ചെയ്തു.
എന്നാല്‍ കെ.മുരളീധരനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടി.എം ജേക്കബ് പുറത്തുവരികയും സ്വന്തം കക്ഷി വിപുലപ്പെടുത്തുകയും ചെയ്തു. ജേക്കബിന്റെ മരണശേഷം മകന് അനൂപ് ജേക്കബും ജോണി നെല്ലൂരുമാണ് പാര്‍ട്ടിയെ നയിക്കുന്നത്. നിലവില്‍ യുഡിഎഫ് പക്ഷത്താണ് ഇവര്‍.
ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി
2003ലാണ് കെ.എം മാണിയോട് കലഹിച്ച് പി.ടി ചാക്കോയുടെ മകനായ പി.സി തോമസ് പുറത്തുപോകുന്നതും ഐഎഫ്ഡിപി എന്ന പാര്‍ട്ടി രൂപീകരിക്കുന്നതും. പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായി. മൂവാറ്റുപുഴയില്‍ നിന്നും പി.സി തോമസ് വിജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
പിന്നീട് ഈ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി റദ്ദാക്കുകയും എതിര്‍സ്ഥാനാര്‍ത്ഥിയായ സി പി എമ്മിന്റെ ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് പി.ജെ ജോസഫിനൊപ്പം പോയെങ്കിലും മാണിയുമായി ലയിക്കാനുളള തീരുമാനം എടുത്തതോടെ പി.സി തോമസ് പിരിഞ്ഞുപോകുകയും കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പ് എന്നറിയപ്പെടുകയും ചെയ്തു. പിന്നീട് ഇവിടെ നിന്നും പിസി തോമസ് തെറ്റുകയും എന്‍ഡിഎ മുന്നണിയുമായി വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
കേരള കോണ്‍ഗ്രസ് സെക്യുലര്‍
പി.സി ജോര്‍ജിന്റെയും ടി.എസ് ജോണിന്റെയും നേതൃത്വത്തിലാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന പി.സി ജോസഫ് ഗ്രൂപ്പിന് ഒപ്പമായിരുന്നു ആദ്യം പി.സി ജോര്‍ജ്. 2003ലെ വിഎസിന്റെ മതികെട്ടാന്‍ മലകയറ്റത്തെ തുടര്‍ന്നാണ് പി.സി ജോര്‍ജ് ഇടയുന്നത്. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്.
പിന്നീട് നടന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ലയനചര്ച്ചയെ തുടര്‍ന്ന് പി.സി ജോര്‍ജ് തന്റെ പാര്‍ട്ടി പിരിച്ചുവിടുകയും കെ.എം മാണിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. 2010ല്‍ നടന്ന വിശാല ലയനത്തില്‍ പി.ജെ ജോസഫ് ഇടതുമുന്നണി വിട്ടുവരികയും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകുകയും ചെയ്തു. കെ.എം മാണി ചെയര്‍മാനും പി.ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പി.സി ജോര്‍ജ് വൈസ് ചെയര്‍മാനുമായാണ് പുതിയ കേരള കോണ്‍ഗ്രസ് എം പിന്നെ നിലകൊണ്ടത്. ടി.എസ് ജോണ്‍ ഇതില്‍ ഉന്നതാധികാര സമിതി അംഗമായിരുന്നു.
കേരള കോണ്‍ഗ്രസുകളുടെ ഏറ്റവും വലിയ ലയനമായിരുന്നു ഇത്. അധികാരത്തിലേറിയ യുഡിഎഫിന്റെ ഭാഗമായി ഇവര്‍ നിലകൊണ്ടു. എന്നാല്‍ അധികം കഴിയുംമുന്നെ മാണി ഗ്രൂപ്പുമായി പി.സി ജോര്‍ജ് തെറ്റി. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ വീണ്ടും സജീവമാക്കാന്‍ നോക്കി. എന്നാല്‍ ജോര്‍ജുമായി അകന്ന ടി.എസ് ജോണ്‍ പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലറുമായി കെ.എം മാണിക്കൊപ്പം അണിനിരന്നു. പി.സി ജോര്‍ജാകട്ടെ പിന്നീട് കേരള ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്മാന് കെ.എം ജോര്‍ജിന്റെ മകനും മുന്‍ എംപിയും ജോസഫ് ഗ്രൂപ്പിലെ പ്രധാനിയുമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പമായിരുന്നു 2010ലെ ലയനത്തിന് മുമ്പ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും.
ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നിവരാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്ത് എത്തിയത്. 2016 മാര്‍ച്ചിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് തന്നെയായിരുന്നു ചെയര്മാന്.
പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യകേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് പിന്തുണയില്‍ നാല് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും എല്ലാ സീറ്റിലും പരാജയപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് ഘടകക്ഷിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്.
കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം
കേരള കോണ്‍ഗ്രസുകളുടെ 2010ലെ ലയനത്തില്‍ എതിര്പ്പുളളവരുടെ പക്ഷമായിരുന്നു കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പ്. പി.സി തോമസ്, സ്കറിയ തോമസ്, സുരേന്ദ്രന്‍പിളള എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. പി.സി തോമസും സ്കറിയാ തോമസും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രണ്ട് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇതില്‍ സുരേന്ദ്രന്‍പിളള ആദ്യം പി.സി തോമസിനൊപ്പവും പിന്നീട് സ്കറിയാ തോമസിനൊപ്പവും നിലകൊണ്ടു. ശേഷം പി.സി തോമസ് എന്‍ഡിഎക്കൊപ്പവും മറ്റുളളവര്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം എന്ന് പേര് പിന്നീട് ഔദ്യോഗികമായി അംഗീകരിച്ചു.
ഇടതുമുന്നണിയുമായി പിന്നീട് സഹകരിച്ച് പ്രവര്‍ത്തിച്ച പാര്‍ട്ടിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും പരാജയപ്പെട്ടു. സ്കറിയാ തോമസുമായി പിന്നീട് സുരേന്ദ്രന്‍പിളള തെറ്റുകയും അന്ന് യു ഡി എഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാറിന്റെ ജനതാദളിനൊപ്പം യുഡിഎഫിലേക്ക് പോകുകയും ചെയ്തു. നിലവില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ് സ്കറിയാ തോമസ് വിഭാഗം.
കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ്
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിളര്‍ന്നുണ്ടായ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ്. നോബിള്‍ മാത്യു, കുരുവിള മാത്യു എന്നിവര്‍ ചേര്‍ന്ന് 2014 മാര്‍ച്ചിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത് രൂപം കൊളളുന്നത്. തുടര്‍ന്ന് കോട്ടയത്ത് നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നോബിള്‍ മാത്യു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് ഈ കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് തന്നെ മൂന്നായി പിളര്‍ന്നു. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കുരുവിള മാത്യുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡി എയ്ക്കൊപ്പമാണ്. പിന്നീട് നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പ്രൊഫ.പ്രകാശ് കുര്യാക്കോസിന്റെ നേതൃത്തിലും ഈ പാര്‍ട്ടിയുണ്ട്.