മെഡിക്കൽ കോളെജിലെ അനാസ്ഥ ചൂണ്ടിക്കാട്ടി, പിന്നാലെ വ്യാജവാർത്തയും സൈബർ ആക്രമണവും; പരാതി നല്കി ഡോ. നജ്മ സലീം
ഹാരിസിന്റെ മരണസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് രണ്ട് രോഗികളായ ജമീല, ബൈഹക്കി എന്നിവർ സമാന രീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിന് താൻ സാക്ഷിയാണെന്ന് നജ്മ പറഞ്ഞിരുന്നു.
കളമശേരി മെഡിക്കൽ കോളെജിലെ കൊവിഡ് രോഗികളുടെ പരിചരണത്തിൽ അനാസ്ഥയുണ്ടെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞ ജൂനിയർ റെസിഡന്റ് ഡോ. നജ്മ സലീമിനെതിരെ സൈബർ ആക്രമണം. ഇത് സംബന്ധിച്ച് ഡോ. നജ്മ പൊലീസിൽ പരാതി നൽകി. തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ദേശാഭിമാനി, സിഐടിയു കളമശേരിയും, ഗവൺമെന്റ് നഴ്സസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും, സുധീർ കെ. എച്ച് എന്നിവർ താൻ കെഎസ് യുവിന്റെ നേതാവാണെന്ന് വാർത്ത നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. സമൂഹമാധ്യമങ്ങൾ വഴി മോശമായി ചിത്രീകരിക്കുന്നതിന് ശ്രമം നടക്കുന്നു. ഈ വാർത്തകൾ മൂലം ഏതെങ്കിലും തരത്തിൽ തനിക്കെതിരെ ആക്രമണം നടക്കുമോ എന്നും ഭയപ്പെടുന്നുവെന്നും ഡോ. നജ്മ പരാതിയിൽ പറയുന്നു. കളമശേരി പൊലീസിലാണ് പരാതി നൽകിയത്.

കൊവിഡ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മേലധികാരികളായ ആർഎംഒ, സൂപ്രണ്ട് എന്നിവരെ അറിയിച്ചിരുന്നെന്നും ഡോ. നജ്മ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ സന്ദേശങ്ങളും നജ്മ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കൂടാതെ ഐസിയുവിൽ ആ ദിവസങ്ങളിൽ താൻ ജോലി ചെയ്തിട്ടില്ലെന്ന മെഡിക്കൽ കോളെജ് അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും നജ്മ പുറത്തുവിട്ടു. അനാസ്ഥ സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ലെന്നായിരുന്നു സൂപ്രണ്ട് അടക്കമുള്ളവർ ഇന്നലെ പറഞ്ഞത്. സത്യം മൂടി വയ്ക്കാനാണ് മെഡിക്കൽ കോളേജ് അധികൃതർ ഇപ്പോഴും ശ്രമിക്കുന്നത്. സത്യം പറഞ്ഞ തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും നജ്മ പറഞ്ഞു.
ഡോ. നജ്മയുടെ വെളിപ്പെടുത്തലുകള് ഇങ്ങനെ
വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ ലഭിക്കാതെയാണ് ഹാരിസ് എന്ന രോഗി മരിച്ചതെന്ന നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തൽ ശരിവച്ചാണ് ഡോ. നജ്മ രംഗത്തെത്തിയത്. ഹാരിസിന്റെ മരണസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് രണ്ട് രോഗികളായ ജമീല, ബൈഹക്കി എന്നിവർ സമാന രീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിന് താൻ സാക്ഷിയാണെന്ന് നജ്മ പറഞ്ഞിരുന്നു. ജമീല ശ്വാസമെടുക്കാൻ ആയാസപ്പെടുന്നത് കണ്ട് ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്സുമാരെ അറിയിച്ചെങ്കിലും ഉടൻ പരിഹാരം കാണുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിർന്ന ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും ‘പ്രശ്നമാക്കേണ്ട’ എന്നായിരുന്നു നിർദേശം. നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങൾ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും നജ്മ പറഞ്ഞിരുന്നു.
ആശുപത്രി അധികൃതരുടെ വിശദീകരണം
കൊവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കൽ കോളജിന്റെ നേട്ടങ്ങളെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങളെന്നാണ് അതേസമയം അധികൃതർ ഇതിനെക്കുറിച്ച് പറയുന്നത്. ഹാരിസ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമാണ് ഡോ.നജ്മയുടെ വെളിപ്പെടുത്തൽ. അവർ ഐസിയുവിൽ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദേശിച്ചു. ഡോ. നജ്മ അധികൃതരോട് പറയാതെ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞതും നഴ്സിങ് ഓഫിസറുടെ ഓഡിയോ സന്ദേശം ലീക്കായതും എങ്ങനെ എന്നാണ് അന്വേഷിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ്: 'ശ്രീനിവാസന്റെ മണ്ടത്തരങ്ങൾ ദയവുചെയ്ത് വിശ്വസിക്കരുത്', അറിയാത്ത വിഷയങ്ങൾ നടന്മാർക്ക് പറയാതിരുന്ന് കൂടേയെന്ന് ഡോ. ജിനേഷ്