ഇളയരാജയുടെ സംഗീത നിശ, വേട്ടയാട് വിളയാട് റീ റിലീസ്.. കമല്‍ ജന്മദിനം തമിഴകം ആഘോഷമാക്കുന്നു
ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷപരിപാടികളുടെ മൂന്നാം ദിനം ഇളയരാജയുടെ സംഗീതനിശയും നടക്കും.
തമിഴകത്തിന്റെ സ്വന്തം കമല്‍ ഹാസന് 65 ാമത് പിറന്നാള്‍. സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രിയപ്പെട്ട നടന്റെ ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ താരത്തിന്റെ ജന്മ നാടായ പരമകുടിയില്‍ നടക്കും.
1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കമല്‍ ഹാസന് തെന്നിന്ത്യന്‍ സിനിമയില്‍, നടന്,സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന്, നിര്‍മാതാവ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്ര ചാര്‍ത്തിയിട്ടുണ്ട്. 200 ഓളം സിനിമകളില്‍ അഭിനയിച്ച കമല്‍ നാല് നാഷണല്‍ അവാര്‍ഡ് , 19 ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി ബഹുമതികള്‍ക്കും അര്‍ഹനായി.
ഇതിനിടെ 2018 ഫെബ്രുവരിയില്‍ മക്കള്‍ നീതി മെയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കും ചേക്കേറി. ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ 2, തലൈവന് ഇറുക്കിന്ഡ്രേന് എന്നീ സിനിമകള്‍ക്ക് ശേഷം അഭിനയജീവിതത്തില്‍ നിന്ന് പടിയിറങ്ങാന്‍ നില്‍ക്കുകയാണ് കമല്‍ ഹാസന്.
പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പിതാവ്, സ്വാതന്ത്ര സമരസേനാനിയായ ഡി ശ്രീനിവാസന്റെ പ്രതിമ ജന്മനാട്ടില് അനാച്ഛാദനം ചെയ്യും. ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷപരിപാടികളുടെ മൂന്നാം ദിനം ഇളയരാജയുടെ സംഗീതനിശയും നടക്കും. ചടങ്ങില്‍ നടന്മാരായ രജനികാന്ത്, പ്രഭു, അജിത് എന്നിവര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ഇതിനൊപ്പം തന്നെ 2006ല്‍ ഇറങ്ങിയ കമലിന്റെ ഹിറ്റ് ചിത്രം വേട്ടയാട് വിളയാട് റീ റിലീസുമുണ്ടാവുമെന്ന് സൂചനകളുണ്ട്. ഗൗതം മേനോന് എഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!