മൂന്ന് അന്വേഷണ സംഘം, നാല് മാസം; പാലത്തായി കേസ് പൊലീസ് ദുർബലമാക്കിയത് ഇങ്ങനെ
കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന പാനൂർ സിഐ, തലശേരി ഡിവൈഎസ്പി എന്നിവർക്കെതിരെ സ്ഥലം എംഎൽഎയും ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും കൂടിയായ കെ.കെ ശൈലജ അടക്കം വിമർശനങ്ങൾ ഉന്നയിച്ചിട്ടും അറസ്റ്റിലായി മൂന്ന് മാസം പിന്നിടുമ്പോൾ കുനിയിൽ പദ്മരാജൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടി പുറത്ത് എത്തുകയാണ്.
കണ്ണൂർ പാനൂരിലെ പാലത്തായിൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം കിട്ടാനിടയായത് അന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് സ്വീകരിച്ച ഉദാസീനതയെ തുടർന്ന്. ബിജെപി നേതാവ് കൂടിയായ കുനിയിൽ പദ്മരാജനെ പരാതി ലഭിച്ച ശേഷം ആദ്യം അറസ്റ്റ് ചെയ്യാൻ വൈകി, അറസ്റ്റിന് ശേഷം കസ്റ്റഡിയിൽ വാങ്ങുന്നതും വൈകി, പിന്നീട് കുറ്റപത്രം സമർപ്പിച്ചപ്പോഴാകട്ടെ അതിൽ പോക്സോ ഒഴിവാക്കി. കൂടാതെ പരാതിയിൽ മറ്റൊരു പ്രതിയെക്കൂടി പറയുന്നുണ്ടെങ്കിലും ഇതുവരെ അയാളെ പിടികൂടാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം.
കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന പാനൂർ സിഐ, തലശേരി ഡിവൈഎസ്പി എന്നിവർക്കെതിരെ സ്ഥലം എംഎൽഎയും ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും കൂടിയായ കെ.കെ ശൈലജ അടക്കം വിമർശനങ്ങൾ ഉന്നയിച്ചിട്ടും അറസ്റ്റിലായി മൂന്ന് മാസം പിന്നിടുമ്പോൾ കുനിയിൽ പദ്മരാജൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്ത് എത്തുകയാണ്. കേസിന്റെ തുടക്കത്തിൽ ലോക്ഡൗൺ എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസിനെതിരെ നിലവിൽ കടുത്ത വിമർശനങ്ങളാണ് സമരസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളും ഉയർത്തുന്നത്. ലോക്കൽ പൊലീസ്, തലശേരി ഡിവൈഎസ്പിക്ക് കീഴിലുളള പ്രത്യേക അന്വേഷണ സംഘം, ഒടുവിൽ ക്രൈം ബ്രാഞ്ച് എന്നിങ്ങനെ മൂന്ന് സംഘങ്ങളാണ് കേസിൽ അന്വേഷണം നടത്തിയത്.
പാലത്തായി കേസ് മുതൽ ജാമ്യം വരെ - പൊലീസിന്റെ വീഴ്ചകൾ ഇങ്ങനെ
1. 2020 മാര്‍ച്ച് 16 നാണ് പഠിപ്പിക്കുന്ന സ്കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ബിജെപിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെതിരെ തുടക്കത്തിലെ നടപടി എടുക്കാൻ പൊലീസ് മടിച്ചു.
2. പരാതിയിൽ പൊലീസ് നടപടി എടുക്കാതായതോടെ സിപിഎം, കോൺഗ്രസ്, മുസ്ലിംലീഗ് എന്നിങ്ങനെ നിരവധി പാർട്ടികൾ രംഗത്തെത്തി. നാട്ടിലെ ജനങ്ങൾ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റ് വൈകുന്തോറും പ്രതിരോധത്തിലായ സിപിഎം നേതാക്കൾ അടക്കം പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.

3. അന്വേഷണം ആരംഭിച്ച പൊലീസ് പരാതി നൽകിയ കുട്ടിയെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കുക എന്ന രീതിയാണ് സ്വീകരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പത്തുവയസുകാരിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്യുക, ഗൈനക്കോളജിസ്റ്റ് പീഡനം സ്ഥിരീകരിച്ചിട്ടും മാനസിക നിലയില്‍ സംശയം പ്രകടിപ്പിച്ച് കുട്ടിയെ മനശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാനായി കോഴിക്കോട് കൊണ്ടുപോകുക എന്നീ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. പത്തുവയസ് മാത്രമുളള കുട്ടിയിൽ ഇത് വലിയ രീതിയിലുളള മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു
4. പൊലീസ് പ്രതിയെ പിടികൂടാത്തതും അന്വേഷണമെന്ന പേരിൽ പരാതിക്കാരിയായ കുട്ടിയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പാനൂർ സിഐക്ക് സ്ഥലം മാറ്റം. പുതിയ സിഐ ചുമതലയേറ്റു. കൂടാതെ അന്വേഷണത്തിന് ഡിവൈഎസ്പിയുടെ മേൽനോട്ടവും.
5. കേസിൽ പൊലീസ് നടത്തിയത് പോക്സോ നിയമലംഘനങ്ങളെന്നായിരുന്നു ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി ജോസഫ് വ്യക്തമാക്കിയത്. കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ പൊലീസ് കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണ്, കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമാണ്. പൊലീസ് യൂണിഫോമിൽ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ലെന്നുമാണ് ശിശുക്ഷേമ സമിതി ഇതിനെക്കുറിച്ച് പറഞ്ഞത്.

6. ആരോഗ്യമന്ത്രി കെ.കെ ശൈലജയോട് അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ കരുതിയത് അയാളെ അറസ്റ്റ് ചെയ്തെന്നായിരുന്നു എന്നാണ് മന്ത്രി മറുപടി നൽകിയത്. ഡിജിപിയെയും ഡിവൈഎസ്പിയെയും നേരിട്ട് ഫോണിൽ വിളിച്ച് അറസ്റ്റ് ഉടൻ വേണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡിനെ തുടർന്നുളള ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് പ്രതിയെ പിടികൂടാൻ കാലതാമസം എടുക്കുന്നതെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പ്രതി കർണാടകയിലേക്ക് കടന്നുകാണാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഡിവൈഎസ്പി കെ.വി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11അംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
7. ഏറെ വിമർശനങ്ങൾക്ക് ഒടുവിൽ പരാതി നൽകി 31ാം ദിവസം ഏപ്രിൽ 15ന് കുനിയിൽ പദ്മരാജനെ പൊലീസ് പാനൂർ പൊയിലൂരിലെ ബിജെപി കേന്ദ്രത്തിൽ നിന്നും പിടികൂടി. ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് മന്ത്രിയുടെ വിമർശനം ഉയർന്ന് 24 മണിക്കൂറിനുളളിൽ പ്രതിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോയും ചുമത്തി.
8. അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായും ബന്ധുക്കളുടെ ആരോപണം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്. പദ്മരാജൻ കുട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ ഉണ്ടായിരുന്ന ആളും കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും പുതിയ അന്വേഷണ സംഘത്തെ വെക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
9. 2020 ഏപ്രിൽ 24ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി പുതിയ ഉത്തരവ്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ തീരുമാനം. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്സോ നിയമപ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാസർകോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായ ടി. മധുസൂദനൻ നായർക്കായിരുന്നു അന്വേഷണത്തിന്റെ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് വിലയിരുത്തുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിൽ പറഞ്ഞിരുന്നു.

10. പ്രതി പദ്മരാജൻ അറസ്റ്റിലായതിന് പിന്നാലെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിക്കളഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി കുട്ടിയുടെ മാതാവിനെയും കേസിൽ കക്ഷി ചേർത്തു. പിന്നാലെ ജാമ്യാപേക്ഷ തളളി.
11. പീഡനം ഉണ്ടാക്കിയ മാനസികാവസ്ഥയിൽ നിന്ന് കുട്ടി കരകയറിയിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. മൊഴിയെടുക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല കുട്ടി. ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
12. പ്രതി അറസ്റ്റിലായി 90ാം ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14ാം തിയതി ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം.
13. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. നിലവില്‍ പോക്സോ ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അതേസമയം വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
14. 2020 ജൂലൈ 16ന് പദ്മരാജന് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 92 ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ പദ്മരാജൻ പുറത്തേക്ക്. കേസിലെ രണ്ടാമനെക്കുറിച്ച് ഇതുവരെ അന്വേഷിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം ഇപ്പോഴും പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അറസ്റ്റ് 29 ദിവസത്തിന് ശേഷം, 86 ദിവസമായിട്ടും കുറ്റപത്രമില്ല; പാലത്തായി കേസ് നീളുന്നു; മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം
പോക്സോയില്ല, ചുമത്തിയത് ജുവനൈൽ ജസ്റ്റിസ് വകുപ്പ്; പാലത്തായി കേസിൽ അവസാന മണിക്കൂറിൽ ഭാഗിക കുറ്റപത്രവുമായി ക്രൈം ബ്രാഞ്ച്
പോക്സോ ഇല്ലാതെ കുറ്റപത്രം, ജാമ്യം തേടി പദ്മരാജന് വീണ്ടും ഹൈക്കോടതിയില്‍; പാലത്തായി കേസില്‍ പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം
'അതേക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ലല്ലോ', പാലത്തായി കേസിൽ കോടതി നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി