ഉപതിരഞ്ഞെടുപ്പിൽ മുസ്ലിങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് ബിജെപി മന്ത്രി; വർഗീയ പരാമർശം മുൻപും
ഹിന്ദുത്വത്തിൻ്റെ കേന്ദ്രങ്ങളിലൊന്നാണ് ബെലഗാവിയെന്നും അവിടെ മുസ്ലിങ്ങൾക്ക് സീറ്റ് നൽകില്ലെന്നും കർണാടക മന്ത്രി.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുസ്ലിങ്ങൾക്ക് പാർട്ടി സീറ്റ് നൽകില്ലെന്ന് ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ബെലഗാവി ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി നേതാവിൻ്റെ വർഗീയ പരാമർശം. ഹിന്ദു മതത്തിൽ ഉൾപ്പെട്ട ഏത് സമുദായകാർക്കും പാർട്ടി സീറ്റ് നൽകുമെന്നും എന്നാൽ മുസ്ലിങ്ങൾക്ക് നൽകില്ലെന്നും ഈശ്വരപ്പ ശനിയാഴ്ച്ച വ്യക്തമാക്കി.
'ഹിന്ദുക്കളുടെ ഏത് സമുദായത്തിനും ഞങ്ങൾ പാർട്ടി ടിക്കറ്റ് നൽകിയേക്കാം. ഞങ്ങൾ ആർക്ക് വേണമെങ്കിലും നൽകാം - ലിംഗായത്തുകൾ, കുറുബകൾ, വൊക്കലിഗക്കാർ അല്ലെങ്കിൽ ബ്രാഹ്മണർ. പക്ഷേ തീർച്ചയായും ഇത് മുസ്ലിങ്ങൾക്ക് നൽകില്ല', ഈശ്വരപ്പയുടെ വിവാദ പരാമർശം ഇങ്ങനെ. ഹിന്ദുത്വത്തിൻ്റെ കേന്ദ്രങ്ങളിലൊന്നാണ് ബെലഗാവിയെന്നും അവിടെ മുസ്ലിങ്ങൾക്ക് സീറ്റ് നൽകില്ലെന്നും കർണാടക മന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധിച്ചു കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചതിനെ തുടർന്നാണ് ബെലഗാവിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഏപ്രിലിൽ സമാനമായ രീതിയിൽ ഈശ്വരപ്പ വർഗീയ പരാമർശം നടത്തിയിരുന്നു. പാർട്ടിയിൽ വിശ്വാസമില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുസ്ലിങ്ങൾക്ക് ബിജെപി സീറ്റ് നൽകിയില്ലെന്നായിരുന്നു പരാമർശം. എന്നാൽ സംഭവം വിവാദമായതോടെ മുസ്ലിം സമുദായം അടക്കമുള്ളവയോട് വെറുപ്പില്ലെന്നും സമുദായത്തിലെ ഒരു നേതാവിന് ബിജെപി സീറ്റ് കൊടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കിയതാണെന്നും ചൂണ്ടിക്കാട്ടി ന്യായീകരിച്ചിരുന്നു,
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!