ചെന്നിത്തലയ്ക്ക് ഒരു കോടി കൈമാറി, ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്ക് പരാതി; അന്വേഷണം വേണമെന്ന് എൽഡിഎഫ്
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫിസിലും, 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫിസിലും, 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമാണ്.
ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി. ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. രമേശ് ചെന്നിത്തല, കെ.ബാബു, വിഎസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി വിജിലൻസ് വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എൽഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽനിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദേശപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കടക്കം വീതംവച്ചെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്നാണ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫിസിലും, 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫിസിലും, 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമാണ്. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഒട്ടനവധി കോഴ ഇടപാടുകൾ അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്. മുൻ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും വിജയരാഘവൻ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!