കേരളത്തിന് ഇത് തോൽവിയുടെ രഞ്ജി; സഞ്ജുവിന്റെ വൺമാൻ ഷോയും തുണച്ചില്ല
നാലാം ഇന്നിങ്സിൽ ഗുജറാത്തിനെതിരേ 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാമിന്നിങ്സില്‍ 177 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു
രഞ്ജി ട്രോഫിയില്‍ കേരളത്തിന് തുടർച്ചയായ രണ്ടാം തോല്‍വി. ഗുജറാത്തിനോട് 90 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. നേരത്തെ കഴിഞ്ഞ മല്‍സരത്തില്‍ ബംഗാളിനോടും കേരളം പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്സിൽ ഗുജറാത്തിനെ കുറഞ്ഞ സ്കോറിൽ വീഴ്ത്തിയെങ്കിലും 57 റൺസ് ലീഡ് വഴങ്ങിയതാണ് കേരളത്തിന്റെ തോൽവിയുടെ പ്രധാന കാരണമായി മാറിയത്.
നാലാം ഇന്നിങ്സിൽ ഗുജറാത്തിനെതിരേ 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാമിന്നിങ്സില്‍ 177 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ബാറ്റ്സ്മാൻമാരുടെ പരാജയമാണ് പ്രധാനമായും കേരളത്തെ ഈ സീസണിൽ വലയ്ക്കുന്നത്. ബോളർമാർ തരക്കേടില്ലാത്ത പ്രകടനവുമായി കളം നിറയുന്നുണ്ടെങ്കിലും ബാറ്റ്സ്മാൻമാർ ഒറ്റപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെക്കുന്നത്.
കേരളത്തിന്റെ തോൽവിയിലും വൺമാൻ ഷോയായി തലയുയർത്തി നിന്നത് സഞ്ജു സാംസൺ മാത്രമാണ്. സഞ്ജുവിന്റെ (78) ഒറ്റയാൾ പ്രകടനമാണ് കേരളത്തിന്റെ തോല്‍വി ഭാരം കുറച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 82 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് 78 റണ്‍സുമായി ടോപ്സ്കോററായത്. സഞ്ജുവിനൊപ്പം ജലജ് സക്സേന (29), വിഷ്ണു വിനോദ് (23) എന്നിവരാണ് കേരള നിരയില്‍ 20ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍.
ഗുജറാത്തിനു വേണ്ടി അക്ഷര്‍ പട്ടേൽ നാലു വിക്കറ്റും സി ടി ഗജ മൂന്ന് വിക്കറ്റും നേടി. നേരത്തേ 57 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി ഇറങ്ങിയ ഗുജറാത്ത് രണ്ടാമിന്നിങ്സില്‍ 210ന് പുറത്താവുകയായിരുന്നു. കേരളത്തിനു വേണ്ടി ബേസില്‍ തമ്പി അഞ്ചു വിക്കറ്റുമായി മിന്നിയപ്പോള്‍ ജലജ് സക്സേന മൂന്നു വിക്കറ്റെടുത്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!