കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് പ്രൊഫഷണലിസം നഷ്ടമാകുന്നോ?
കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സങ്കീര്‍ണതകള്‍ വര്‍ധിക്കുകയാണ്. എന്‍ജിനിയറിങ്, മെഡിക്കല്‍, നഴ്സിങ് മേഖലകളിലെ തൊഴിലില്ലായ്മ, വരുമാനക്കുറവ്, വിദ്യാഭ്യാസ വായ്പ മൂലമുള്ള കടക്കെണി, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍, ശമ്പളം കിട്ടാത്ത അധ്യാപകര്‍ അങ്ങനെ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുകയാണ്.
കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം പുതിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് പ്രധാനപ്പെട്ട മൂന്ന് പ്രൊഫഷണല്‍ കോഴ്സുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രതിസന്ധി. മെഡിക്കല്‍, എന്‍ജിനിയറിങ്, നഴ്സിങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഇത് ഉയര്‍ന്നുവരുന്നത്. ഇതേ പ്രതിസന്ധി ഇതിനേക്കാള്‍ ആഴത്തിലായിരിക്കും ബി എഡ്, എല്‍ എല്‍ ബി തുടങ്ങിയ മറ്റ് മേഖലകളിലും ഉണ്ടാകുകയെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.
പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടി വിജയം കൈവരിച്ചവരുടെ കഥകള്‍ മാത്രം പാടിപുകഴ്ത്തപ്പെടുന്നതിനിടില് കാണാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഏറെയുണ്ട്. കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനെത്തുന്നതില് പലരും കൊഴിഞ്ഞുപോകുന്നുണ്ട്. പലര്‍ക്കും പഠിച്ച മേഖലയില്‍ ജോലി കിട്ടാതെ പോകുന്നു. തൊഴില്‍രഹിതരായവര്‍ കൂടുന്നു. വിദ്യാഭ്യാസ ചെലവ് വര്‍ധിക്കുന്നു. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് നിഷ്ക്രിയാസ്തി വര്‍ദ്ധിക്കുന്നു. ഇതു കൂടി ചേര്‍ന്നതാണ് കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ യഥാര്‍ത്ഥ ചിത്രം.
കേരളത്തില്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വാശ്രയ വിദ്യാഭ്യാസമാണ് ഇപ്പോള്‍ ഇരുതലമൂര്‍ച്ചയുള്ള വാള്‍പോലെ പ്രതിസന്ധി സൃഷ്ടിച്ച് കേരളത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന കാര്യത്തില്‍ വ്യക്തമായ തിരിച്ചറിവോ ബോധ്യമോ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ ഇത് നടത്തുന്നവര്‍ക്കോ ഇതിനായി വാദിച്ചവര്ക്കോ ഇല്ല എന്ന യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളുമായി ബന്ധപ്പെട്ട് മാത്രം സാങ്കേതിക സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും ഉള്‍പ്പടെ രൂപീകരിച്ചുവെങ്കിലും എന്ത് മാറ്റം ഈ മേഖലകളില്‍ കൊണ്ടുവരാനായി എന്നത് ഇനിയും ആഴത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അതത് മേഖലകളില്‍ നിന്നുള്ള വിജയശതമാനവും അവിടെ നിന്നും പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ ലഭ്യതയും ഉള്‍പ്പടെ പഠിച്ച് വിശകലനം ചെയ്ത് നടപടികളെടുക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് അത്തരമൊരു സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്നും കുട്ടികള്‍ പുറത്തേക്ക് പോകുന്നത് വഴി കേരളത്തിലെ പണം പുറത്തുപോകുന്നുവെന്ന വാദമുയര്‍ത്തി കേരളത്തില്‍ സ്വാശ്രയ കോളെജുകള്‍ ആരംഭിച്ചത്. 2001 ല്‍ എ. കെ ആന്റണി നേതൃത്വം നല്കിയ യു ഡി എഫ് സര്‍ക്കാരാണ് ഈ വാദമുയര്‍ത്തി ഇങ്ങനെയൊരു വിദ്യാഭ്യാസത്തെ വ്യവാസായ വല്‍ക്കരിച്ചുള്ള പരിഷ്ക്കാരം കൊണ്ടുവന്നത്. ഇതുവഴി വിദ്യാഭ്യാസത്തെ ലാഭാധിഷ്ഠത കച്ചവടങ്ങളിലൊന്നാക്കി മാറ്റി. രണ്ട് സ്വാശ്രയ കോളെജ് സമം ഒരു സര്‍ക്കാര്‍ കോളെജ് എന്നത് വെറും സ്വപ്നമായി മാറി.

ഇതേ സമയം കേരളത്തിലെ വിദ്യാഭ്യാസ രംഗം കനത്ത പിന്നോട്ടടി എല്ലാ മേഖലകളിലും നേരിട്ടു. ഹ്യൂമാനിറ്റീസ് വിഷയം ബിരുദ, ബിരുദാനന്തര തലത്തില്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചത് മാത്രമാണ് മിച്ചം. ഒരു മേഖലയിലും കേരളത്തിലെ വിദ്യാഭ്യാസത്തിലെ ഗുണമേന്മ ഉയര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇത് മാത്രമല്ല, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് പുറത്ത് പോയി പഠിക്കുന്നതിലൂടെ പണം പുറത്ത് പോകുന്നത് തടയാന്‍ ആണ് കേരളത്തില്‍ സ്വാശ്രയ കോളെജ് സ്ഥാപിക്കുന്നത് എന്ന ഏറെ പ്രചരിപ്പിക്കെട്ട വാദം കാമ്പില്ലാത്തതായിരുന്നുവെന്നും വ്യക്തമായി.കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ മാത്രമല്ല. മെഡിസിന് , എന്‍ജിനിയറിങ്, നഴ്സിങ്, നിയമം എന്നിവ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം കുറഞ്ഞില്ല, മെഡിക്കല്‍ വിദ്യാഭ്യാസം നേടാനായി രാജ്യത്തിന് പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചു. അതായത്, സ്വാശ്രയ കോളെജുകള്‍ രൂപീകരിച്ചപ്പോള്‍ പറഞ്ഞ വാദം ദുര്‍ബലമാക്കുന്നതാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍.
സ്വാശ്രയ കോളജുകള്‍ വരുകയും വിദ്യാഭ്യാസത്തിനുള്ള സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്തുവെങ്കിലും അതിനനുസരിച്ച് വിദ്യാഭ്യാസത്തിലെ ഗുണമേന്മ ഉയര്‍ന്നില്ല. വിദ്യാര്‍ത്ഥികളെ അവരുടെ കഴിവും താല്പര്യവും പ്രതിഭയും ഉള്ള മേഖലകളില്‍ പഠിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചില്ല. പകരം മെഡിക്കല്‍, എന്‍ജിനിയറിങ് എന്നിങ്ങനെയുള്ള മേഖലകളിലേക്ക് മാത്രമായി അവരെ ചുരുക്കിയെടുത്തു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമേഖലയിലെ വിജയശതമാനവും കൊഴിഞ്ഞുപോക്കും വര്‍ദ്ധിച്ചു. ഇതേറെ കൂടുതല്‍ പ്രകടമായത് എന്‍ജിനിയറിങ് രംഗത്താണ്. വൈ 2 കെ പ്രതിഭാസ കാലം മുതല്‍ വിദേശത്ത് കംപ്യൂട്ടറിധിഷ്ഠത തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് തൊഴില്‍ ലഭ്യതയുണ്ടായത് എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന് കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയെങ്കിലും പിന്നീട് അതേ ദശകത്തില്‍ തന്നെ വന്ന സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും ഈ മേഖലയെ പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടു.
എന്നാല്‍, വിദ്യാര്‍ത്ഥികളെ എന്‍ജിനിയറിങ് കോഴ്സിന് നിര്‍ബന്ധിച്ച് ചേര്‍ക്കപ്പെടുന്ന പ്രതിഭാസം കേരളത്തില്‍ തുടര്‍ന്നു. അതായിരിക്കണം. കേരളത്തിലെ എന്‍ജിനിയറിങ് വിദ്യാഭ്യാസം വേണ്ടത്ര മികച്ച ഫലം ഉണ്ടാക്കുന്നില്ല. സാങ്കേതിക സര്‍വകലാശാല നടത്തി ഫലം പ്രഖ്യാപിച്ച അവസാനത്തെ ബി-ടെക് പരീക്ഷയുടെ വിജയം വെറും 35 ശതമാനം മാത്രമാണ് എന്ന് കാണുന്പോള്‍ ഈ സ്ഥിതി വിശേഷം വ്യക്തമാകുമെന്ന് മാധ്യമ പ്രവര്‍ത്തകനായ സാബ്ലു തോമസ് പറയുന്നു.
കേരളത്തില്‍ കൂണുപോലെ പൊട്ടിമുളച്ച സ്വാശ്രയ എന്ജിനയിങ് കോളജുകളില്‍ എട്ടോളം എന്‍ജിനിയറിങ് കോളെജുകള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അടച്ചു പൂട്ടി. പഠിക്കാന്‍ വിദ്യാര്ത്ഥികളില്ലാത്തതാണ് പൂട്ടുന്നതിന് കാരണമായതെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. കേരളത്തിലെ സ്വാശ്രയ എന്‍ജിയറിങ് കോളജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിച്ച ആദ്യ വര്‍ഷം മുതല്‍ തന്നെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പ്രവണ കാണിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എല്ലാവര്‍ഷവും ശരാശരി 25,000 സീറ്റുകള്‍ സ്വാശ്രയ എന്ജിയറിങ്ങ് കോളെജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ട്.
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (AKTU) കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജുകളില്‍ 2020-21 അധ്യായന വര്‍ഷത്തേക്കുള്ള 2152 ബിടെക് സീറ്റുകള്‍ വെട്ടിക്കുറച്ചു.2019-20 വര്‍ഷം മൊത്തം 47,268 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഈ അധ്യയന വര്‍ഷം 45,116 സീറ്റുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. ഇതില്‍ 5000 സീറ്റ് സര്‍ക്കാര്‍-എയിഡഡ് മേഖലയിലുള്ളവയാണ്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളിലാണ്. അതായത് 40,000ത്തിലേറെ സീറ്റ് സ്വാശ്രയ കോളജുകളിലാണ് ഇതിലാണ് 25,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റുകള്‍ ഉണ്ടായിരുന്നതാണ്. അതിനാണ് ഇങ്ങനെ കുറവ് വന്നത്. കോളെജുകള്‍ അടച്ചു പൂട്ടിയത് കൊണ്ടും കുട്ടികള്‍ കുറവുള്ള ബാച്ചുകള്‍ പൂര്‍ണമായി നിര്‍ത്തുകയോ അവയിലെ സീറ്റുകള്‍ വെട്ടി കുറയ്ക്കുകയോ ചെയ്തത് കൊണ്ടാണ് ഈ കുറവ് വന്നത്. സംസ്ഥാനത്ത് സ്വാശ്രയ രംഗത്ത് ആകെ 148 എന്‍ജിനിയറിങ് കോളജുകളാണ് ഉള്ളത്. ഇവിടെ ഫീസ് മാത്രം 50,000 മുതല്‍ 75,000 വരെയാണ്.
ചുരുക്കി പറഞ്ഞാല്‍, കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളെജുകളില്‍ സീറ്റ് കുത്തനെ കുറയുകയും വിജയശതമാനം കുറയുകയും നിലവിലുള്ള സീറ്റുകളില്‍ തന്നെ 50 ശതമാനത്തിന് മുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന പ്രവണത ഏറെക്കാലമായി തുടരയുകയും ചെയ്യുന്നു എന്നതാണ് സ്ഥിതിവിശേഷം. ഈഅവസ്ഥയിലേക്ക് സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ കൂടി നീങ്ങുന്നതിന്റെ ആദ്യ സൂചനയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
മുന്‍ കാലങ്ങളില്‍ തന്നെ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എന്‍ ആര് ഐ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാറുണ്ടായിരുന്നു. അത് മറ്റ് രീതികളില്‍ പൂര്‍ത്തിയാക്കിയാണ് പലയിടത്തും കോഴ്സുകള്‍ നടന്നിരുന്നത്. നിലവില്‍ അതിന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നു എന്ന് സൂചന നല്‍കുന്നതാണ് എന്‍ ആര് ഐ സീറ്റുകളില്‍ 50 ശതമാനം ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്ക് സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടാന്‍ പോകുന്ന വലിയൊരു പ്രതിസന്ധയുടെ അടയാളമായി കാണേണ്ടതാണ്. ഇല്ലെങ്കില്‍ എന്‍ജിനിയറിങ് മേഖലയ്ക്ക് നേരിട്ട പ്രതിസന്ധി ഇവിടെയും ആവര്‍ത്തിക്കും.
നിലവില്‍ തന്നെ തൊഴിലില്ലായ്മയും ശമ്പളമില്ലായ്മയും കൊണ്ട് പ്രതിസന്ധിയെ നേരിടുകയാണ് പ്രൊഫഷണല്കോഴ്സ് പഠിച്ചിറങ്ങിയവരും ഈ കോഴ്സുകള്‍ പഠിപ്പിക്കുന്നവരുമൊക്കെ. സാങ്കേതിക വിദ്യാഭ്യാസത്തിലെ വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങിയ 1, 45, 619 പേരാണ് തൊഴില്‍ രഹിതരായി ഈ വര്‍ഷം മാര്‍ച്ച് 12 ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്ക് പ്രകാരം ഉള്ളത്. ഇതില്‍ 45,913 പേര് എന്‍ജിനിയറിങ് ബിരുദം നേടിയവരാണ്. ഇത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെടയുള്ള ഔദ്യോഗിക സംവിധാനത്തില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണ്. ഇവിടെയൊന്നും പേര് രജിസ്റ്റര്‍ ചെയ്യാത്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഈ മേഖലയിലുണ്ടാകാം. എന്‍ജിനിയറിങ് വിദ്യാഭ്യാസം നേടിയിട്ട് ഉപജീവനത്തിനായി മറ്റ് പല തൊഴില്‍ ചെയ്യുന്നവരുമുണ്ട്. അതില്‍ ബാങ്ക്, പോസ്റ്റ് ഓഫീസ്, പൊലീസ് തുടങ്ങി വിവിധ മേഖലകളില്‍ പഠിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത പണി ചെയ്തു ജീവിക്കുന്നുവെന്നതാണ്. അത് ഉപജീവനമാര്‍ഗമായി കണ്ടെത്തിയ തൊഴിലാണ് എന്ന് ഏഷ്യാവില്ലിനോട് സംസാരിച്ച പലരും വ്യക്തമാക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ കൂടെയാണ് കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കാണേണ്ടത്. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടനയില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയതോടെ എന്‍ ആര് ഐ സീറ്റുകളില്‍ 50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന് പ്രധാന കാരണമെന്നാണ് വിശ്വസിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ 20 ശതമാനം എന്‍ ആര് ഐ സീറ്റ് വരെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഇരട്ടിയിലേറെയായി വര്‍ധിച്ചു. ഇത് കൊവിഡ് മൂലം രൂപപ്പെട്ട പ്രതിസന്ധിയാണോ അതോ എന്‍ജിനിയറിങ് മേഖലയിലെ പോലെ മെഡിക്കല്‍ രംഗത്തും വന്ന തൊഴിലില്ലായ്മയും ഫീസ് വര്ധവനവുമാണോ കാരണം എന്ന ആശങ്കയും ഉയരുന്നുണ്ട്.
മുന്‍പും കേരളത്തിലെ മെഡിക്കല്‍ കോളെജുകളില്‍ 10-20 ശതമാനം എന്‍ ആര് ഐ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു.ഒഴിഞ്ഞു കിടന്നിരുന്ന സീറ്റുകള്‍ മെറിറ്റ് സീറ്റുകളായി മാറ്റി അവ നികത്തുകയാണ് ചെയ്തിരുന്നത് എന്ന് എന്‍ട്രന്‍സ് മുന്‍ ജോയിന്റ് കമ്മീണര്‍ രാജു കൃഷ്ണന് പറയുന്നു. . അതിന് കോടതിയില്‍ നിന്നും അനുമതി ഉണ്ടായിരന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചുരുക്കി പറഞ്ഞാല്‍ മെഡിക്കല്‍ രംഗത്ത് ഉള്‍പ്പടെ എന്‍ ആര് ഐ സീറ്റും അതുവഴി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പണം വരുകയും ചെയ്യുമെന്ന വിശ്വാസം തെറ്റായിരന്നുവെന്നത് ഇപ്പോഴത്തെ പ്രതിഭാസമല്ല, വര്‍ഷങ്ങളായി നേരിടുന്നതാണ് എന്നതാണ് എന്‍ട്രന്‍സ് മുന്‍ ജോയിന്റ് കമ്മീണറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
വര്‍ധിപ്പിച്ച ഫീസ് ഘടന വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയാതെ വന്നതാണ് ഇത്ര അധികം എന്‍ ആര് ഐ സീറ്റുകള്‍ ഒറ്റയടിക്ക് ഒഴിഞ്ഞു കിടക്കാനുള്ള പ്രധാന കാരണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജേന്ദ്രന് പുതിയേടത്ത് ചൂണ്ടിക്കാണിക്കുന്നു. കരിയര്‍/ വിദ്യാഭ്യാസം എന്നീ രംഗങ്ങളുമായി ബന്ധപ്പെട്ട് ചുമതല വഹിച്ചിരുന്ന മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററാണ് രാജേന്ദ്രന് പുതിയേടത്ത്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ഇടിവും വിദേശ തൊഴില്‍ അവസരങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവുമൊക്കെ ഇത്തരം ഒരു സാഹചര്യത്തിന് കാരണമായിരിക്കാം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
കുട്ടികള്‍ക്ക് വേണ്ടാത്ത കോളെജുകള്‍: എന്‍ജിനിയറിങ് കോഴ്സിന് പിന്നാലെ ഒഴിഞ്ഞു കിടക്കുന്ന സ്വാശ്രയ മെഡിക്കല്‍ സീറ്റുകളും എന്ന തലക്കെട്ടില്‍ ഏഷ്യാവില്ലില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, അദ്ദേഹം പറയുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് പ്രതിസന്ധിയുടെ യഥാര്ത്ഥകാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ പലരുണ്ട്. ഇവിടുത്തെ സ്വാശ്രയ ഫീസിനേക്കാള്‍ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം പുറത്ത് ലഭിക്കുന്നത്, വിദ്യാഭ്യാസത്തിലെ ഗുണമേന്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വായ്പ സൃഷ്ടിക്കുന്ന പ്രതിസന്ധി എന്നിവയൊക്കെ അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ ആകെയുള്ള 18,000 മെഡിക്കല്‍ സീറ്റുകളില്‍ 15 ശതമാനം സീറ്റുകള്‍ ആണ് എന്‍ ആര് ഐ സീറ്റുകള്‍.ബാക്കി വരുന്ന 85 ശതമാനം മെറിറ്റ് സീറ്റുകളില്‍ ഏകീകൃത ഫീസാണ്. അതായത് 2,700 സീറ്റുകളാണ് എന്‍ ആര് ഐ ക്വാട്ട. ഇതില്‍ പകുതി ഒഴിഞ്ഞു കിടക്കുന്നുവെന്ന് പറയുമ്പോള്‍ 1350 സീറ്റുകളാണ് അത്. നേരത്തെ തന്നെ അഞ്ചൂറ് സീറ്റുകള്‍ വരെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തവണ അത് ഏകദേശം മൂന്നിരട്ടയിയായി എന്നതാണ് വസ്തുത.
മെഡിക്കല്‍ കോഴ്സിന് സ്വാശ്രയ മെറിറ്റ് സീറ്റില്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചത് 6.22- 7.65 ലക്ഷം രൂപയായിരുന്നു; മാനേജ്മെന്റ്. ആവശ്യപ്പെട്ടിരിക്കു ന്നതാകട്ടെ, 7.65- 20.7 ലക്ഷം രൂപയും. എന്നാല്‍ , ഈ അധ്യയന വര്‍ഷം ഫീസായി 7.65 ലക്ഷം മതിയെന്നും നാല് ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജുകള്‍ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കിയ ഹൈക്കോടതി മാനേജ്മെന്റുകള്‍ നിര്‍ദേശിച്ച ഫീസ് ഈടാക്കാന്‍ അനുമതിയും നല്കി, എന്‍ ആര് ഐ സീറ്റിലെ സമിതി നിശ്ചയിച്ച ഫീസ് ഫീസ് 20 ലക്ഷമായിരുന്നു. എന്നാല്‍ കോളജുകള്‍ അംഗീകരിച്ച ഫീസ് 22 മുതല്‍ 28 ലക്ഷം വരെയാണ്.ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം, കേരളത്തിലെ സ്വാശ്രയമെഡിക്കല്‍ കോളെജുകളിലെ എം ബി ബി എസ് ഫീസ് 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. നാല് വര്‍ഷം മുമ്പ് വരെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് ഫീസ് 1.85 ലക്ഷം രൂപയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് ഫീസില്‍ ഈ വന്‍ വര്‍ദ്ധനവ് ഉണ്ടായത്. .ഇതു കൂടാതെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാര്‍ഥി ഹോസ്റ്റല്‍ ഫീ സായി വര്‍ഷം 1.34 ലക്ഷം രൂപ ചെലവാക്കണം പുസ്തകം, മറ്റു പഠനസാമഗ്രിക വാങ്ങാന്‍ മറ്റൊരു 40,000 രൂപയും .സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. ട്യൂഷന് ഫീസ് വര്‍ഷം 25,000 രൂപയും ഹോസ്റ്റല്‍ ഫീസ് 30,000 രൂപയും മാത്രമാണ് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളെജുകളില്‍ 1300 മെറിറ്റ് സീറ്റില്മാത്രമേയുള്ളുവെന്നതും. എന്നാല്‍ . സ്വാശ്രയ കോളേജുകളില്‍ 18,000 ല്‍ അധികം സീറ്റുകള്‍ ഉണ്ട് എന്ന വസ്തുതയുമുണ്ട്.
എന്നാല്‍ , നിലവിലെ വിദ്യാര്‍ത്ഥി ക്ഷാമം മറികടക്കാന്‍. ചില ഉപാധികള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് കണ്ടെത്തിയിരുന്നു. 15 ശതമാനം സീറ്റുകളില്‍ അന്യ സംസ്ഥാന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി മുന്കൂടി നേടിയത് ഇത് മുന്നില്‍ കണ്ടാണ് എന്നാണ് നിഗമനം.പോരെങ്കില്‍ ഇപ്പോള്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പുറമെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍ ആര് ഐ സീറ്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു അവസരം കൂടി നല്ക്കാന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്ന സൂചനകളുള്ളതായി മാധ്യമ പ്രവര്‍ത്തനായ സാബ്ലൂ തോമസ് പറയുന്നു.
കോളെജ് നടത്തിക്കൊണ്ടു പോകുന്നതിനു ഉയര്‍ന്ന ചെലവാണുള്ളതെന്ന ഉയര്‍ത്തിയാണ് ഉയര്‍ന്ന ഫീസിനായി മാനേജ്മെന്റുകള്‍ വാദിച്ചത്. അധ്യാപകരുടെ ശമ്പള വര്‍ധനയാണ് ഇതില്‍ ഏറ്റവും പ്രധാനമായി ഉന്നയിക്കപ്പെട്ടത്. ഓരോ വര്‍ഷവും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. അതിനായി വലിയ തുക ചെലവ് വരുമെന്നും അവര്‍ ഫീസ് നിര്‍ണയ സമിതിയെ ബോധിപ്പിച്ചിരുന്നു എന്നാല്‍ സത്യം മറ്റൊന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, തൊടുപുഴ, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് അടൂര്‍,ഡോക്ഡര്‍ സോമര്‍വെല്‍ മെമ്മോറിയല്‍ സി എസ് ഐ മെഡിക്കല്‍ കോളേജ് കാരക്കോണം, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളജുകളിലാകട്ടെ അധ്യാപകരുടെ ശമ്പളം കുടിശ്ശികയാണ് എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
അധ്യാപകരുടെ ശമ്പളവും മറ്റുമൊക്കെ അവിടെ നില്ക്കുമ്പോള് തന്നെ ഈ കോളെജുകളെ ബാധിക്കുന്ന മറ്റ് ചില വിഷയങ്ങള്‍ കൂടെ സംഭവിക്കുന്നുണ്ട്. കേരളത്തില്‍ തൊഴില്‍ രഹിതരായ ഡോക്ടര്‍മാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നുവെന്നതാണ് വസ്തുത. ഇത്രയധികം ഡോക്ടര്‍മാര്‍ പഠിച്ചിറങ്ങിയട്ടും ജോലി ലഭിക്കാത്തവരുടെ എണ്ണം സര്‍ക്കാര്‍ കണക്കില്‍ തന്നെ വളരെ വലുതാണ്. വന്‍തുക കൊടുത്ത് പഠിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ പലരും തൊഴില്‍ രഹിതരാണ് എന്നതാണ് സര്‍ക്കാര്‍ കണക്ക്. കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വഴി ഏകദേശം 20,000 ഡോക്ടര്‍മാരാണ് ഓരോ വര്‍ഷം പഠിക്കാന്‍ ചേരുന്നത്. അത്ര തന്നെ ആളുകള്‍ പഠിച്ചിറങ്ങുന്നുവെന്ന് കണക്ക് കൂട്ടുക. നിലവില്‍ കേരളത്തില്‍ തൊഴില്‍ രഹിതരായ ഡോക്ടര്‍മാരുടെ എണ്ണം 8,753 ആണെന്ന് സര്‍ക്കാര്‍ കണക്ക് പറയുന്നു. 2020 മാര്‍ച്ചില്‍ നിയമസഭയില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് നല്കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് തൊട്ട് മുമ്പ് 2019 ഒക്ടോബറില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ കണക്ക് അനുസരിച്ച് തൊഴിലില്ലാത്ത ഡോക്ടര്‍മാരുടെ എണ്ണം 7,303 ആയിരുന്നു. അതായത് അഞ്ച് മാസത്തിനുള്ളില്‍ കേരളത്തിലെ സര്‍ക്കാര്‍ കണക്കില്‍ മാത്രം 1,450 തൊഴില്‍ രഹിതരായ ഡോക്ടര്‍മാര്‍ വര്‍ധിച്ചു എന്നാണ്.
കേരളത്തില്‍ പതിനായിരത്തിലേറെ തൊഴില്‍രഹിതരായ ഡോക്ടര്‍മാരുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് ഐ എം എ എന്ന സംഘടന പറഞ്ഞിരുന്നു. 2018ലെ കണക്ക് പ്രകാരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ മോഡേണ്‍ മെഡിസിന് 60,000 ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐ എം എ പറയുന്നു. . അതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എഴായിരത്തോളമാണെന്ന് ഐഎംഎ കണക്ക് പറയുന്നു. എന്നാല്‍ ഇതില്‍ 10,000 പേര് എങ്കിലും തൊഴില്‍ രഹിതരാണെന്നാണ് ഐഎംഎയുടെ കണക്ക്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതിലെ എണ്ണം എത്ര വര്‍ധിച്ചിരിക്കാം എന്നതാണ് പരിഗണിക്കേണ്ടത്. സര്‍ക്കാര്‍ കണക്കില്‍ തന്നെ അഞ്ച് മാസത്തിനുള്ളില്‍ ആയിരത്തിലേറെ തൊഴില്‍ രഹിത ഡോക്ടര്‍മാര്‍ വരുന്നുണ്ടെങ്കില്‍ അനൗദ്യോഗിക കണക്കുകളില്‍ ഇത് ഇനിയും വര്‍ധിക്കാനായിരിക്കും സാധ്യത.

തൊഴില്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പലര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നില്ലെന്ന് സൂചനകളും ഡോക്ടര്‍മാരും അവരുടെ സംഘടനകളും സൂചിപ്പിക്കുന്നുണ്ട്. എം ബി ബി എസ് കൊണ്ട് മാത്രം ഈ മേഖലയില്‍ മാന്യമായ ശമ്പളം ലഭിക്കുന്ന സാധ്യത ഇന്ന് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞു. സ്പെഷ്യലൈസേഷന്, ബിരുദാന്തര ബിരുദം തുടങ്ങി കൂടുതല്‍ യോഗ്യതകളുള്ളവരെയാണ് സ്വകാര്യ ആശുപത്രികള്‍ പരിഗണിക്കുന്നത്. അതായത് തൊഴില്‍ ചെയ്യുന്നവരിലും ഒരുവിഭാഗം കാര്യമായ വേതനമില്ലാതെയാണ് ജീവിക്കുന്നത് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
വന്‍തുക കൊടുത്ത് എം ബി ബി എസ് പഠിച്ചിറങ്ങിയാലും മാന്യമായ വേതനം കിട്ടണമെങ്കില്‍ പി ജി കൂടെ പാസാവണം. അതിനായി വീണ്ടും പണം മുടക്കേണ്ടി വരും. അത് സര്‍ക്കാര്‍ കോളെജില്‍ കിട്ടിയാല്‍ തന്നെ അപ്പോഴേയ്ക്കും ഈ കോഴ്സ് പഠിക്കാനെടുത്ത വായ്പാ തിരിച്ചടവ് തുടങ്ങേണ്ടി വരും. അത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ രൂക്ഷമായിരിക്കും.
നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള വായ്പകളിലൊന്നായി മാറിയിരിക്കുന്നത് വിദ്യാഭ്യാസ വായ്പയാണ്. 2013 ല്‍ നിഷ്ക്രിയാസ്തിയുടെ ( എന്‍ പി എ) കണക്കില്‍ വിദ്യാഭ്യാസ വായ്പ എന്നത് ഒമ്പത് ശതമാനമായിരുന്നുവെങ്കില്‍ ഇന്നത് 14 ശതമാനമാണ്. ഏഴ് വര്‍ഷം കൊണ്ട് അത് ഉയരുകയാണ് ചെയ്തതെന്ന് മിനു ജോണ്‍ ഏഷ്യാവില്ലില് എഴുതിയ 'വിദ്യാധനക്കെണിയിലായ കേരളം' എന്ന ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
Also Read: വിദ്യാ'ധന'ക്കെണിയിലായ കേരളം
ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് മെഡിസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാകുമെന്നാണ് ഫീസ് ഘടന വ്യക്തമാക്കുന്നത്. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ നല്കേണ്ടതിനേക്കാള് കൂടുതല്‍ ഫീസാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടി വരുന്നത്. അതിനാല്‍ വായ്പയെടുക്കുന്ന കുട്ടികള്‍ കുറവാണെങ്കിലും വായ്പാ തുക വര്‍ധിക്കും എന്നതാണ് വസ്തുത. നിലവിലത്തെ തൊഴിലുകള്‍ കുറയുന്ന സാഹചര്യത്തില്‍ കുടുതല്‍ വിദ്യാഭ്യാസ വായ്പെടുത്തുള്ള പഠനം കുറയാമെന്നും നിരീക്ഷിക്കുന്നവരുണ്ട്. അത് സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ബാധിക്കാം.
മറ്റൊരു വസ്തുത, കേരളത്തിലുള്ളവരും കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും അവരുടെ മക്കളെ കേരളത്തിലെ സ്വാശ്രയ കോളെജുകളില്‍ വിട്ടുപഠിപ്പിക്കുന്നതിനേക്കാള് കൂടുതല്‍ പുറത്ത് വിട്ടുപഠിപ്പിക്കുന്നതിലാണ് താല്പര്യം കാണിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ നിന്നും പഠനാവശ്യത്തിനായുള്ള കുടിയേറ്റത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്നത് ഇതാണ് സൂചിപ്പിക്കുന്നത്. 2001 ന് മുമ്പ് കേരളത്തിന് പുറത്ത് കര്‍ണാടകത്തിലോ, തമിഴ് നാട്ടിലോ ആയിരുന്നു പഠിക്കാന്‍ പോയിരുന്നതെങ്കില്‍ ഇന്ന്, ചൈന, ബെലാറസ്, ജോര്‍ജിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ എം ബി ബി എസ് പഠിക്കാന്‍ മലയാളി കുട്ടികള്‍ പോകുന്നു.കേരളത്തില്‍ നിന്നും മെഡിസിന് പഠിക്കാന്‍ ചൈനയില്‍ രാകുട്ടികള് പോകുന്നുവെന്നത് കൊവിഡ് 19 വ്യാപനം വന്നപ്പോഴാണ് മലയാളികള്‍ പലരും അറിഞ്ഞത്.വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തിയപ്പോഴാണ് ആദ്യമായി ഇവിടെ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതോടെയാണ് ചൈനയിലെ വിദ്യാഭ്യാസ രംഗവും വളരെയധികം മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്നുവെന്നും സാധാരണ മലയാളി അറിഞ്ഞത്.
എന്‍ജിനിയറിങ്ങും എം ബി ബി സും പോലെ മറ്റൊരു കറവപ്പശുവാണ് നഴ്സിങ് വിദ്യാഭ്യാസം. സംസ്ഥാനത്തൊട്ടാകെ 104 സ്വാശ്രയ നഴ്സിങ് കോളേജുകളുണ്ട്. ഇതിലെല്ലാം കൂടെ ഏകദേശം പതിനായിരത്തോളം നഴ്സിങ് സീറ്റുകളുണ്ട്. ഫീസ് -63,500 സ്പെഷ്യല്‍ ഫീസ്-17,000 എന്നിങ്ങനെയാണ് നിരക്ക്.

എന്നാല്‍ ,രാജ്യത്ത് പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നഴ്സിങ് മേഖലയിലെ ശമ്പളക്കുറവും പുറം രാജ്യങ്ങളില്‍ ഇപ്പോള്‍ വന്നിട്ടുള്ള തൊഴില്‍ നിയമങ്ങളുമൊക്കെ ഇവിടെ നഴ്സിങ് ജോലിയോടും വിദ്യാഭ്യാസത്തോടുമുള്ള പ്രതിപത്തി കുറച്ചിട്ടുണ്ടോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. നഴ്സിങ് പഠിച്ചിറങ്ങിയ ശേഷം വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടിവിനും ഉപജീവനത്തിനുമായി കൂലിപ്പണിയും കൃഷിപ്പണിയുമൊക്കെ ചെയ്യാന്‍ പോയവരുടെ അനുഭവ കഥകള്‍ ഈ മേഖലയുടെ പ്രതിസന്ധി വെളിപ്പെടുത്തുന്നതായിരന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ മാര്‍ച്ച് മാസം വരെ 11, 268 പേരാണ് നഴ്സിങ് ബിരുദം നേടിയിട്ടും തൊഴിലില്ലാത്തലവരായി ഔദ്യോഗിക കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ഈവര്‍ഷം മാര്‍ച്ചില്‍ നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. അതായത് ഒരു കാലത്ത കേരളത്തിലെ നിരവധി പേര്‍ക്ക് ഇന്ത്യയില്‍ വിവിധ ഭാഗത്തും വിദേശ രാജ്യങ്ങളിലും തൊഴില്‍ നല്കി മേഖലയായിരുന്നു. ഈ മേഖലയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്കും ശമ്പളക്കുറവും ഈ മേഖലയിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്നാണ് നഴ്സിങ് മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. കൊവിഡ് സൃഷ്ടിച്ച് പ്രതിസന്ധി കേരളത്തിലെ മെഡിക്കല്‍, നഴ്സിങ് മേഖല്ക്ക് ഗുണകരമായി മാറിയേക്കാം എന്ന് കരുതുന്നവരും ഉണ്ട്. ലോകത്ത് പലയിടത്തും മലയാളികളായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും അവിടങ്ങളില്‍ ആവശ്യത്തിന് ഈ മേഖലയില്‍ വിദ്യാഭ്യാസം ലഭിച്ചവരുടെ കുറവുമാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതൊരു പ്രതീക്ഷ മാത്രമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണൽ ബിരുദധാരികളുടെ എണ്ണം കൂടുന്നു, സ്ത്രീകളുടെയും
ആരോഗ്യം നഷ്ടമാകുന്ന മെഡിക്കല്‍ വിദ്യാഭ്യാസം
വിദ്യാ'ധന'ക്കെണിയിലായ കേരളം