' സുരക്ഷാപ്രശ്നം, സെക്രട്ടേറിയറ്റിന്റെ കാഴ്ച മറയ്ക്കുന്നു' ഷഹീൻ ബാഗ് സമരപന്തൽ പൊളിച്ച് നീക്കണമെന്ന് പൊലീസ്
കഴിഞ്ഞ 14 ദിവസമായി തിരുവനനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ ദിവസും നിരവധി ആളുകളാണ് പിന്തുണയുമായി എത്തുന്നത്. സി പി എം, സി പി ഐ, കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ ഐക്യദാർഢ്യത്തിന് പിന്തുണയേകാൻ എത്തിയിരുന്നു
സർക്കാർ കാര്യം മുറപോലെ അഥവാ പൗരത്വപ്രതിഷേധത്തിൽ പൊലീസ് നടപടി പോലെ എന്നതാണ് കേരളത്തിലെ കാര്യങ്ങൾ. പൗരത്വ നിയമഭേദഗതിക്കെതിരെ സർക്കാർ ശക്തമായ നിലപാട് പ്രഖ്യാപിക്കുമ്പോഴും അതിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.

പൗരത്വനിയമ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് കേസുകൾ എടുത്ത സംഭവങ്ങൾക്ക് പിന്നാലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ഷഹീൻ ബാഗിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്യുന്നവർക്കെതിരെ നടപടിയുമായി പൊലീസ്. ഐക്യദാർഢ്യ സമരപന്തൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കൺടോൺമെന്റ് പൊലീസ് ഐക്യദാർഢ്യ സമിതി കോ ഓർഡിനേറ്റർക്ക് നോട്ടീസ് നൽകി കഴിഞ്ഞു. വ
സമരത്തിൽ പങ്കെടുത്തവർക്കെതിരെ മാത്രമല്ല, ബിജെപി നടത്തുന്ന പൗരത്വ നിയമഭേദഗതി നിയമ അനുകൂല പ്രചാരണങ്ങൾ നടക്കുമ്പോൾ കട അടച്ചപോയവർക്കെതിരെയും സംസ്ഥാനത്ത് നടപടി നീക്കം പൊലീസിൽ നിന്നുണ്ടായിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥിനികളുടെയും അമ്മമാരുടെയും മുൻകൈയിലാണ് ഷഹീൻബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ആരംഭിച്ചത്. മൂന്നാംതീയതി ആണ് സമരം തുടങ്ങിയത്. പതിനാല് ദിവസമായപ്പോഴാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കൺടോൺമെന്റ് പൊലീസ് പന്തൽപൊളിച്ച് നീക്കാൻ നോട്ടീസ് നൽകിയത്.
അതീ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന് മുൻവശം കാഴ്ച മറയ്ക്കുന്ന രീതിയിലും അതുമൂലം സുരക്ഷാപ്രശ്നം ഉണ്ടാക്കുന്ന രീതിയിലും പന്തൽകെട്ടി സമരം ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നതാണ്. സാധാരണ പന്തൽ കെട്ടി സമരം ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസത്തേക്കാണ് അനുവാദം നൽകുന്നത്. കൂടാതെ ഇത്തരത്തിൽ നിരന്തരമായി പന്തൽ കെട്ടിയിരിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അസൗകര്യം ഉണ്ടാക്കുന്നതുമാണ് ആയതിനാൽ നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള പന്തലുകളും ബാനറുകളും നീക്കം ചെയ്യണമെന്നുമാണ് കൺടോൺമെന്റ് പൊലീസ് നൽകിയ കത്തിൽ പറയുന്നത്.

കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരി പ്രവർത്തകരും ഈ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിഎം സുധീരൻ, സി പി എം നേതാവ് വി. ശിവൻകുട്ടി, എൻ കെ പ്രേമചന്ദ്രൻ എംപി, മുതിർന്ന മാധ്യമപ്രവർത്തകനായ ബി ആർ പി ഭാസ്കർ, എഴുത്തുകാരനായ സക്കറിയ, ജെ. ദേവിക, രാജൻഗുരുക്കൾ എന്നിവരൊക്കെ സമരപന്തലിൽ എത്തി പിന്തുണ അറിയച്ചവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ വിവിധ സാമൂഹിക, സാമുദായിക സംഘടനകളും പിന്തുണയുമായി എത്തിയിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായല്ല സമരം നടത്തുന്നതെന്നും ഈ വിഷയത്തോടുള്ള നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ളവരുടെയെല്ലാം പിന്തുണ ഈ സമരത്തിനുണ്ടെന്നും സംഘാടകർ പറയുന്നു.
ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് പന്തൽ പൊളിച്ചു മാറ്റാനുള്ള നോട്ടീസ് നൽകിയതെന്ന് ഷഹീൻബാഗ് ഐക്യദാർഢ്യ സമിതി കോഓർഡിനേറ്റർ മേധാ സുരേന്ദ്രനാഥ് പറഞ്ഞു.
ഷഹീൻ ബാഗ് ഐക്യദാർഢ്യത്തിന് മാത്രമല്ല, സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽകെട്ടി സമരം ചെയ്യുന്ന മറ്റ് സമരക്കാർക്കും ഈ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷഹീൻബാഗ് ഐക്യദാർഢ്യ സമര പന്തൽ പൊളിക്കാൻ പറഞ്ഞ അതേ കാര്യങ്ങൾ പറഞ്ഞ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം നടത്തുന്ന സമരത്തിനും പൊലിസ് കത്ത് നൽകി. .
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!