അതിതീവ്ര കൊറോണ വൈറസ്: കേരളം ജാഗ്രതയിലേക്ക് നീങ്ങുമ്പോൾ
ലോകത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ഇന്ത്യയിലാകട്ടെ നമ്മുടെ കേരളത്തിലും. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പല തവണ വൈറസിന് ജനിതകമാറ്റം ഉണ്ടായിരുന്നു. എന്നാൽ അതിനേക്കാളേറെ വേഗത്തിൽ പടരുമെന്നതാണ് പുതിയ വിയുഐ 202012/01ന്റെ പ്രത്യേകത.
ബ്രിട്ടണിൽ നിന്ന് എത്തിയ മലയാളികളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തിയതോടെ കേരളവും ജാഗ്രതയിലേക്ക് നീങ്ങുകയാണ്. വളരെ എളുപ്പം രോഗവ്യാപനതോത് വർധിക്കുന്ന ജനിതകമാറ്റം വന്ന ഈ വൈറസ് ഇതുവരെ ആറുപേരിലാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം എന്നി ജില്ലകളിലുളളവരാണ് ഇവർ. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടാതെ സമ്പർക്കത്തിലുളളവരും നിരീക്ഷണത്തിലാണ്. ഇവർ നാട്ടിലെത്തിയ തിയതി മുതൽ വന്നത് മുതൽ ആരൊക്കെയായി ഇടപഴകി എന്നത് അടക്കമുളള വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
സ്കൂളുകളും കോളെജുകളും സിനിമാശാലകളും അടക്കം തുറന്ന് വീണ്ടും ജീവിതം സജീവമായ അവസ്ഥയിൽ അതിതീവ്ര വൈറസ് ചെറുതല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. പുതിയ വൈറസ് വകഭേദം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും ആശങ്കയല്ല, ജാഗ്രതയാണ് എല്ലാവർക്കും വേണ്ടതെന്നുമാണ് ഇതിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചത്. ജനം സ്വയം ലോക്ഡൗണിന് തയാറാകണം. വയോധികരും രോഗമുള്ളവരും റിവേഴ്സ് ക്വാറന്റീൻ പാലിക്കണം. മാസ്ക്കും സാനിറ്റൈസറും സുരക്ഷിത അകലവും കർശനമായി ഉറപ്പാക്കണം. നിലവിൽ നൽകിയിരിക്കുന്ന ഇളവുകൾ ആഘോഷമാക്കരുതെന്നും മന്ത്രി ഓർമ്മിപ്പിക്കുന്നു.
എന്തുകൊണ്ട് ജാഗ്രത?
ജനിതകമാറ്റം സംഭവിച്ചതോടെ നിലവിലുള്ള നിയോ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചുവെന്നാണ് ഗവേഷകർ അറിയിച്ചത്. കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു കയറാൻ സഹായിക്കുന്നത് സ്പൈക്ക് പ്രോട്ടീനാണ്. പുതിയ വകഭേദത്തിലെ പ്രധാന മാറ്റം ഈ സ്പൈക്ക് പ്രോട്ടീനിലാണ്. 70 ശതമാനം വരെ വേഗത്തിൽ പടർന്ന് പിടിക്കാനും ഇതിന് കഴിയും. അതുകൊണ്ട് തന്നെ പഴയ വൈറസിനെക്കാൾ എളുപ്പത്തിൽ ഇത് ലോകത്ത് വ്യാപിക്കാനുളള സാധ്യതയാണ് നിലവിലുളളത്. അതേസമയം ഇത് നിലവിലുളള കൊറോണ വൈറസിനെക്കാൾ ആരോഗ്യാവസ്ഥയെ ബാധിക്കുന്നതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നോവൽ കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ ഈ സ്ട്രെയിനിന് സാധിക്കില്ല എന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. നിലവിലുളളതിനെക്കാൾ എളുപ്പത്തിൽ പുതിയ കൊവിഡ് വൈറസ് പടർന്ന് പിടിച്ചാൽ രോഗികളുടെ എണ്ണം വലിയ രീതിയിൽ ഉയരുകയും ഇത് സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കുകയും ചെയ്യും. അതിനാലാണ് കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇന്ത്യയിൽ ഇതുവരെ 38 പേർക്ക്
യുകെയിൽ നിന്നെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച 39 പേരുടെ സാംപിളുകളാണ് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത്. 11 പേരിലുള്ളത് പുതിയ വൈറസ് അല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ബാക്കി ഫലങ്ങൾ ലഭിച്ചാൽ മാത്രമേ കൂടുതൽ പേർക്ക് അതിതീവ്ര കൊറോണയാണോ, അല്ലയോ എന്നത് അറിയാൻ കഴിയു. രാജ്യത്ത് ഇതുവരെ 38 പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരികരിച്ചത്. എല്ലാവരെയും അതത് സംസ്ഥാനസർക്കാരുകൾ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷിക്കുകയാണ്. കൂടാതെ ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും ക്വാറന്റീനിലാണ്.
ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം എർപ്പെടുത്താൻ അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം എന്നി രാജ്യങ്ങളും നിരവധി ഗൾഫ് രാഷ്ട്രങ്ങളും തീരുമാനിച്ചിരുന്നു. ഇതിന് പുറമെ ദേശീയതലത്തിൽ ബ്രിട്ടൺ വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങി. ജനുവരി ആറ് മുതൽ ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ അടച്ചിടൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!