ജോലി രാജിവെച്ച് ഇയാൾ ഭക്ഷണം ഉണ്ടാകുന്നു, അനാഥർക്ക് വേണ്ടി
ഒരു എംബിഎ എടുത്ത് വല്ല കോർപ്പറേറ്റ് ജോലിയും വാങ്ങിയാൽ ജീവിതം സെറ്റിൽഡ് ആയി എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അത് പോലൊരു ജോലി രാജിവെച്ച് അനാഥർക്ക് വേണ്ടി ജീവിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതിന് പല കാരണങ്ങളുണ്ട്.
ഒരു എംബിഎ എടുത്ത് വല്ല കോർപ്പറേറ്റ് ജോലിയും വാങ്ങിയാൽ ജീവിതത്തിലും സംതൃപ്തി കിട്ടും എന്ന ധാരണ തെറ്റാണെന്ന് ഈ ഹൈദരാബാദുകാരൻ പറയും. പേര്: ഖ്വാജ മൊയ്നുദ്ദീൻ. ഖ്വാജ എന്ന എംബിഎ ബിരുദധാരി ഇപ്പോൾ അനാഥരായ കുട്ടികളെയും നഗരത്തിലെ പാവപ്പെട്ട കുട്ടികളെയും പോറ്റുന്നതിനായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ്.
അതിലും അദ്ദേഹം അധ്വാനിച്ചാണ് അനാഥരെ അന്നമൂട്ടാനുള്ള വഴി കണ്ടെത്തുന്നത്. തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച അദ്ദേഹം യൂട്യൂബിൽ ഒരു ഫുഡ് ചാനൽ തുടങ്ങി. അതുവഴി കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത്.
ഖ്വാജ തന്റെ സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡി, ഭഗത് എന്നിവരോടൊപ്പം ചേർന്നാണ് "Nawab's Kitchen Food For All Orphans" ( അനാഥർക്ക് വേണ്ടിയുള്ള നവാബിന്റെ ഭക്ഷണം) എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നത്. അവർ അനാഥരായ കുട്ടികൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഭക്ഷണം നൽകുകയും ചെയ്യുന്നു.
"ഞാൻ ജോലി ചെയ്തിരുന്ന കാലത്ത്, പകൽ ഓഫീസിൽ രാത്രി വീട്ടിൽ എന്ന ചിട്ടയാണ് പിന്തുടർന്നത്. അന്ന് ജീവിതത്തിൽ ഒരു സംതൃപ്തിയും ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ അർത്ഥം തേടി നടന്നപ്പോഴാണ് ഈ ആശയം മനസ്സിൽ വന്നത്," മൊയ്നുദ്ദീൻ എഎൻ ഐയോട് പറഞ്ഞു. വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ അവർ യൂട്യൂബിൽ ഇട്ടിരുന്നു, ഭക്ഷണം നഗരത്തിലെ അനാഥാലയങ്ങളിലെ കുട്ടികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു.
'ഗ്രാൻപാ കിച്ചൻ' എന്ന പേരിൽ നാരായണ റെഡ്ഡി എന്ന അപ്പൂപ്പനും ഇതേ സംരംഭം പണ്ട് തുടങ്ങിയിരുന്നു. ഒക്ടോബറിലാണ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പൂപ്പൻ വിടവാങ്ങിയത്.