ബ്ലാസ്റ്റേഴ്സ് എല്ലാ കാര്യത്തിലും മെച്ചപ്പെടേണ്ടതുണ്ടെന്ന് പരിശീലകൻ
എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒടുവിലായുള്ള ഒഡീഷാ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഒമ്പതാമത്തെ മത്സരത്തിൽ ഒഡീഷ എഫ്സിയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എല്ലാ കാര്യത്തിലും മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്ന് പരിശീലകൻ കിബു വികൂന. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണെങ്കിലും ഒഡീഷയെ വിലകുറച്ചുകാണരുത്. മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ക്ലബ്ബാണ് ഒഡീഷ എഫ്സി എന്നും സ്പാനിഷുകാരനായ പരിശീലകൻ ഓർമിപ്പിച്ചു.
"മത്സരം നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. അതിനോടൊപ്പം തന്നെ പ്രതിരോധവും മെച്ചപ്പെടേണ്ടതുണ്ട്. എല്ലാ കാര്യത്തിലും നമ്മൾ മെച്ചപ്പെടേണ്ടിയിരിക്കുന്നു," കിബു വികൂന പറഞ്ഞു.
നേരത്തെ മുംബൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏറെ നിരാശയോടെയാണ് കിബു വികൂന പ്രതികരിച്ചത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ഒരു ഗോൾ പോലും കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ ടീമിന് കഴിയുന്നുണ്ട്. ഫിനിഷിങ് മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്നുണ്ടെന്നും കിബു പറഞ്ഞു.
ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ ക്ലബ്ബ് വലിയ നിക്ഷേപങ്ങൾ നടത്തില്ല എന്നും വികൂന സൂചിപ്പിച്ചു. "ഇപ്പോഴുള്ള ടീമിൽ ഞാൻ തൃപ്തനാണ്. ഹുവാണ്ടെയും ശുഭാ ഘോഷും ടീമിനൊപ്പം എത്തിച്ചേർന്നിട്ടുണ്ട്. മറ്റ് സൈനിങ്ങുകളിലൊന്നും പ്രത്യേകമായി ശ്രദ്ധപതിപ്പിക്കുന്നില്ല. പക്ഷെ എന്തും സംഭവിക്കാം. എല്ലാം കാത്തിരുന്നു കാണാം," ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒടുവിലായുള്ള ഒഡീഷാ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!