കുറുപ്പിന് പിന്നാലെ കൂടത്തായിയും ; മോഹന്‍ലാല്‍ നായകന്
മോഹന്‍ലാലിന് വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമാണ് കൂടത്തായിയിലെ കൊലപാതകങ്ങള്‍ സിനിമയാകുന്നത്.
കേരളത്തെ ഞെട്ടിച്ച കൂടത്തായിലെ കൊലപാതകങ്ങള്‍ സിനിമയാകുന്നു. നടന് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ വടകര റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ ആരാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മോഹന്‍ലാലിനായി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമാണ് കൂടത്തായി കൊലപാതകങ്ങള്‍ സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയതായി മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്കൊപ്പം നേരത്തെ തയ്യാറാക്കിയ കഥയുടെ ഭാഗങ്ങളും ചേര്‍ന്നതായിരിയ്ക്കും സിനിമ.
ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ത്രില്ലര്‍ ചിത്രം ദൃശ്യം വലിയ വിജയമായിരുന്നു. നേരത്തെ തിരുവല്ലയിലെ കരിക്കിന്‍വില്ല കൊലപാതകം മദ്രാസിലെ മോന് എന്ന പേരില്‍ സിനിമയായപ്പോള്‍ അതിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. വിദേശത്ത് നിന്ന് വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികള്‍ കൊല്ലപ്പെട്ടതാണ് കരിക്കിന്‍വില്ല കേസ്. പൊലീസിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ കേസായിരുന്നു ഇത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള കുറുപ്പാണ്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന് ദുല്‍ഖര്‍ സല്‍മാനാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!