കെഎസ്എഫ്ഇ: ക്രമക്കേടോ വിശ്വാസ്യത തകര്‍ക്കലോ? റെയ്ഡ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
വിവാദങ്ങള്‍ ഉയരുമ്പോള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുമോ എന്ന ഭയം ധനവകുപ്പും കെഎസ്എഫിയും പ്രകടിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്എഫ്ഇയുടെ 40 ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനോട് ധനമന്ത്രി തോമസ് ഐസക് പ്രകടിപ്പിച്ച പരസ്യമായ എതിര്‍പ്പ് ഭരണതലത്തിലെ അഭിപ്രായ വ്യത്യാസം പ്രകടമാക്കിയ ഒന്നായിരുന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ രീതിയോടുള്ള ധനവകുപ്പിന്റെ എതിര്‍പ്പായി തോമസ് ഐസക്കിന്റെ പ്രതികരണം. ഇതിനൊപ്പം പ്രതിപക്ഷവും വിമര്‍ശനം ശക്തമാക്കി.
വിജിലന്‍സിന്റെ അപ്രതീക്ഷിത നീക്കം
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച രാഷ്ട്രീയ വിവാദം നിലനല്‍ക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ഏജന്‍സി കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴുള്ള റെയ്ഡ് സര്‍ക്കാരിനും എല്‍ഡിഎഫിനും ഫലത്തില്‍ ബൂമറാങ് ആയി.
50 വര്‍ഷമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. 14,620 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് ചെയര്മാന് വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് മാത്രം 2000 കോടി രൂപയുടെ നിക്ഷേപ വര്‍ധന രേഖപ്പെടുത്തിയെന്ന് കെഎസ്എഫ്ഇ അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 328 കോടി രൂപ ലാഭമുണ്ടാക്കി എന്ന് കൂടി കെഎസ്എഫ്ഇ വിശദീകരിക്കുന്നു.
വിജിലന്‍സ് പരിശോധനയുടെ ആധാരം ഇതായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടി ഉപയോഗിക്കുന്നു. പൊള്ളചിട്ടികള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നു. കെഎസ്എഫ്ഇ പിരിക്കുന്ന പണം ട്രയറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ല, ഒരു ചിറ്റാള്തന്നെ നിരവധി ചിട്ടിയില്‍ ചേരുന്നു, ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നു തുടങ്ങി ക്രമക്കേടുകള്‍ നടക്കുന്നു എന്നാണ് ആരോപണം. ഇതിന്റെ തെളിവ് തേടിയായിരുന്നു വിജിലന്‍സിന്റെ പരിശോധന. കെഎസ്എഫ്ഇയില്‍ ക്രമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു എന്ന ആരോപണത്തിലെ വസ്തുതയും തെറ്റുംഇതിലൂടെ ബോധ്യമാകുമെങ്കിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണത്തിന് അത് ഇടനല്കി എന്നതാണ് പ്രത്യേകത.
ധനമന്ത്രിയുടെ വിശദീകരണം
ധനമന്ത്രി തോമസ് ഐസക് അതി ശക്തമായ ഭാഷയിലാണ് റെയ്ഡിനെ വിമര്‍ശിച്ചത്. കെഎസ്എഫ്ഇയുടെ പണം ലോട്ടറിയുടെ പണം പോലെ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് ചട്ടമില്ലെന്ന് ധനമന്ത്രി പറയുന്നു. എല്ലാ ഇടപാടുകളും നിയമപരമായാണ് നടക്കുന്നത്. കഴമ്പില്ലാത്ത ആരോപണത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. അമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനനാണ്. അവിടെ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഒരു പോക്ക്രിത്തരവും അവിടെ നടക്കുന്നില്ല. കള്ളപ്പണം വെളിപ്പിച്ചോ എന്നും പരിശോധിക്കട്ടെ. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല. അത് നിയമ വകുപ്പാണ്. ആ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനം എന്നും തോമസ് ഐസക് പ്രതികരിച്ചു.
പക്ഷെ ഇതിലേറെ ഗൗരവും റെയ്ഡ് നിശ്ചയിച്ച ബുദ്ധികേന്ദ്രത്തെ ധനമന്ത്രിവിമര്ശിച്ചതിലാണ്. അതിന് പിന്നില്‍ ആരുടെ വട്ടാണ് എന്നായിരുന്നു ആ ചോദ്യം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിന്റെ പ്രവര്‍ത്തനത്തെ ധനമന്ത്രി തന്നെ വിമര്‍ശിക്കുന്ന പ്രതീതി അത് സൃഷ്ടിച്ചു.
വ്യക്തത വരുത്തുന്ന ചെയര്മാന്
ഓഡിറ്റിന് വിധേയമായാണ് കെഎസ്എഫഇയുടെ പ്രവര്‍ത്തനം എന്ന് വിശദീകരിച്ച ചെയര്മാന് അഡ്വ പീലിപ്പോസ് തോമസ് വിജിലന്‍സിന്റെ നീക്കത്തെ ചെറുത്തു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം ചിട്ടിയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത കൂടി ചെയര്മാന് വിശദീകരിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിയമസഭയ്ക്ക് നല്‍കാറുണ്ട്. ധനവകുപ്പിന്റെ ഇസ്പെക്ഷന് വിങ് പരിശോധിക്കുന്നതാണ് ഈ രേഖകളെല്ലാം. സെക്യൂരിറ്റി തുക ട്രഷറിയില്‍ നിക്ഷേപിക്കാതെ ചിട്ടി തുടങ്ങിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. 2012ലെ നിയമപ്രകാരം സലയക്ക് തുല്യമായ തുക ബാങ്കിലോ ട്രഷറിയിലോ രജിസ്ട്രാരുടെ പേരില്‍ നിക്ഷേപിച്ചാലേ ചിട്ടി തുടങ്ങാന്‍ കഴിയുകയുള്ളൂ. രജിസ്ട്രാറുടെ അനുമതി പത്രത്തില്‍ തന്നെ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ചേര്‍ക്കണം. രജിസ്ട്രാറുടെ അനുമതിയില്ലാതെ ചിട്ടി നടത്താന്‍ കഴിയില്ലെന്ന് കൂടി അദ്ദേഹം വിശദീകരിച്ചു.
മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ കെഎസ്എഫഇയില് നിന്ന് ചിട്ടി പണം ലഭിക്കുകയുള്ളൂ. പല ബ്രാഞ്ചുകളും പല സ്ഥത്തായതിനാല് എല്ലാ ദിവസത്തെയും പണം ട്രഷറിയില്‍ അടക്കുക സാധ്യമല്ല. അതുകൊണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തുന്നത് എന്നുകൂടി അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
കെഎസ്എഫ്ഇയില്‍ അഴിമതിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതുകൊണ്ടാണ് ധനമന്ത്രിയുടെ വിമര്‍ശനം എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കണ്ടെത്തലിനോട് മന്ത്രി രോഷം കൊള്ളുന്നു എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. റെയ്ഡിന് നിര്‍ദേശം നല്‍കിയത് ആരുടെ വട്ടാണെന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷനേതാവ് തിരിച്ചുന്നയിച്ചു. വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കാണോ വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. റെയ്ഡിന്റെ മറ്റ് വിവരങ്ങള്‍ പുറത്തറിയിക്കാത്തതും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. റെയ്ഡ് പൂര്‍ത്തിയാക്കാതെ നിര്ത്തിവെക്കുകയാണോ ചെയ്തതെന്ന കാര്യം മുഖ്യന്ത്രിയാണ് വിശദീകരിക്കേണ്ടതെന്ന് കൂടി അദ്ദേഹം പറഞ്ഞു.
വിശ്വാസ്യത തകരുന്നതോ തര്കര്ക്കുന്നതോ?
ധനസ്ഥിതി മോശമായ സംസ്ഥാനത്ത് ബദല്‍മാര്‍ഗമെന്ന നിലയില്‍ കെഎസ്എഫിഇയെ കൂടി സര്‍ക്കാര്‍ ധനസമാഹരണത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നുണ്ട്. പ്രവാസി ചിട്ടിയാണ് അതില്‍ പ്രധാനം. ആകര്‍ഷകമായ പുതിയ ചിട്ടികള്‍ തുടങ്ങുകയും സംസ്ഥാനത്ത് കൂടുതല്‍ പണം ക്രയവിക്രയത്തിനായി എത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു ആ ലക്ഷ്യം. ലോക്ഡൗണ്‍ കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ ലാപ് ടോപുകളും മൊബൈല്‍ ഫോണുകളും ഇല്ലാതിരുന്ന കുട്ടികള്‍ക്ക് അവ പ്രാപ്യമാക്കാനുള്ള പദ്ധതി കൂടി കെഎസ്എഫഇ വഴി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയരുമ്പോള്‍ ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുമോ എന്ന ഭയം ധനവകുപ്പും കെഎസ്എഫിയും പ്രകടിപ്പിക്കുന്നു. കെഎസ്എഫിയുടെ വിശ്വാസ്യത തകരുന്നതിന്റെ നേട്ടം കൊയ്യുക സ്വകാര്യ ചിട്ടി കമ്പനികളാണ്. ഈ ലക്ഷ്യം വെച്ചാണോ റെയ്ഡ് നടന്നത് എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ വിജിലന്‍സ് തയ്യാറായില്ല. ധനമന്ത്രിയില്‍നിന്ന് വിമര്‍ശനം ഉയരുകയും സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് തുടര്‍ നപടികള്‍ നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചപ്പോള്‍ ഐജി എച്ച് വെങ്കിടേഷിനായിരുന്നു ഡയറക്ടറുടെ ചുമതല. ഈ ഘട്ടത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
വിജിലന്‍സിന്റെ പരിശോധന നടന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഡിറ്റ് നടത്തി സ്വയം വ്യക്തത വരുത്തുകയെന്ന നടപടിയിലേക്ക് കെഎസ്എഫ്ഇ പ്രവേശിച്ചു. വിജിലന്‍സ് റെയ്ഡ് നടത്തിയ ബ്രാഞ്ചുകളില്‍ മാത്രമല്ല മറ്റിടങ്ങളിലും ഈ പരിശോധന നടത്താനാണ് കെഎസ്എഫ്ഇ തീരുമാനിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നഡ്ഡ പറഞ്ഞതല്ല ശരി; അത് കാവിയും പച്ചയും; സ്വര്‍ണത്തിന്റെ നിറം തിരിച്ച് കോടിയേരി