തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ പ്രാതിനിധ്യം ഭാവി കേരളത്തിന്റെ വിരലടയാളം
തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ജയിച്ച വനിതാ ജനപ്രതിനിധികളില്‍ 50ശതമാനത്തിലേറെ പേര് കുടുംബശ്രീ പ്രവര്‍ത്തകരാണ്. രണ്ട് ദശകത്തിലേറെയായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം രാഷ്ട്രീയ രംഗത്ത് ലിംഗസമത്വത്തിലേക്കുള്ള വഴി പാകിയോ. അത് നിലവിലെ പഞ്ചായത്ത് ഭരണസംവിധാനത്തിലെ കളിനിയമങ്ങള്‍ മാറ്റാന്‍ പ്രാപ്തമാണോ?
കേരളീയ സമൂഹത്തില്‍ നടപ്പാക്കിയ ഒരു പരീക്ഷണത്തിന് 22 വര്‍ഷം പിന്നിടുമ്പോള്‍, കേരളീയ സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുകയാണ്. 22 വര്‍ഷം മുമ്പ് കേരളത്തില്‍ ആദ്യമായി കുടുംബശ്രീ പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്തീ രാജ് നിയമത്തിനെ അടിസ്ഥാനമാക്കി 1995 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കേരളത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് കുടുംബശ്രീ. ഇ. കെ. നായനാര്‍ സര്‍ക്കാര്‍ ഭരണകാലത്ത് ജനകീയാസൂത്രണ പദ്ധതിയായി നടപ്പിലാക്കുന്നതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട പൈലറ്റ് പ്രോജക്ടായി ആരംഭിച്ചതാണ് കുടുംബശ്രീ. പിന്നീട് 2002 മുതല്‍ 2005 വരെയുള്ള കാലം കൊണ്ട് കേരളത്തില്‍ മൊത്തം കുടുംബശ്രീ സജീവമായ ഒന്നായി മാറി.
സ്ത്രീ ശാക്തീകരണം എന്ന സങ്കല്‍പ്പം മുന്നോട്ട് വച്ചുവെങ്കിലും പ്രധാനമായും സ്ത്രീകള്‍ക്ക് വരുമാനമാര്ഗമുണ്ടാക്കുന്ന പദ്ധതി എന്ന കാഴ്ചപ്പാടിലേക്ക് മാത്രം പലരും ഇതിനെ ചുരുക്കി വ്യാഖ്യാനിച്ച കാലമായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് ഈ പദ്ധതി മറ്റൊരു തലത്തിലേക്ക് വളരുന്ന കാഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിച്ചു. ആദ്യഘട്ടത്തില്‍ 33 ശതമാനമായിരുന്നു തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ സംവരണമെങ്കില്‍ പിന്നീട് അത് 50 ശതമാനമായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതില്‍ വലിയൊരു പങ്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്. ആദ്യ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ കേരളത്തിലെ ഏറ്റവും വലിയൊരു പ്രാദേശിക സംവിധാനമായി കുടുംബശ്രീ നെറ്റ്വര്‍ക്ക് മാറി. പഞ്ചായത്തിലെ പദ്ധതികള്‍ പലതിന്റെയും നിര്‍വ്വഹണ ചുമതല കുടുംബശ്രീയുടേതായി മാറി. കേരളത്തിലെ എല്ലാ പഞ്ചായത്തിലും കുടുംബശ്രീകളുടെ സാന്നിദ്ധ്യം സജീവമായി.
കേരളത്തിലെ തദ്ദേശീയ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പ്രാദേശിക വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഏജന്‍സിയായി കുടുംബശ്രീ മാറിയതോടെ കേരളത്തിലെ താഴെതട്ടിലെ വികസനം എന്നതില്‍ സ്ത്രീകളുടെ നിര്‍ണായക പങ്കാളിത്തം ഉറപ്പായി. ഇത് വികസനത്തിലെ ലിംഗഭേദം കുറയ്ക്കുന്നതിന് വലിയൊരു അളവ് കാരണായി. അധികാരത്തിലൂടെ ശാക്തീകരണം എന്ന അടുത്തഘട്ടത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് ആദ്യ പന്ത്രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കുടുംബശ്രീ കേരളത്തിന് മുന്നില്‍ വച്ചത്.
കേരളത്തില്‍ 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വി. എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം എന്നത് നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ അംഗങ്ങളുടെ കാര്യത്തില്‍ മാത്രല്ല, അധ്യക്ഷ സ്ഥാനത്തും ഈ 50 ശതമാനം സംവരണം നിലവില്‍ വരുത്തി. ഇതോടെ കേരളത്തിലെ തദ്ദേശ സര്‍ക്കാരുകളുടെ അധികാര ഘടനയില്‍ ലിംഗസമത്വത്തിലേക്ക് വഴി തുറക്കുന്ന ഒരു പടികൂടെ മുന്നോട്ടു വച്ചു.

2010ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ സമീപനം സ്വീകരിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തനം നിര്‍ണായകമായപങ്ക് വഹിച്ചിരുന്നുവെന്ന് കുടുംബശ്രീയുടെ പ്രണേതാക്കളില്‍ പ്രധാനിയും കുടുംബശ്രീയുടെ മുന്‍ സംസ്ഥാന പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുമായ എന്‍. ജഗജീവന്‍ അഭിപ്രായപ്പെട്ടു. ജഗീജീവന്റെ അഭിപ്രായവും കുടുംബശ്രീയുടെ സ്വാധീനം വെളിവാക്കുന്നതാണ് കഴിഞ്ഞ മൂന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യവും പ്രാധാന്യവും. 33 ശതമാനം സ്ത്രീ സംവരണം നിലനിന്നപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ ആയിരുന്നില്ല. എങ്കിലും അവരുടെ സാന്നിദ്ധ്യം തദ്ദേശ സര്ക്കാരിലുണ്ടായിരന്നു. 2005 ല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം താരതമ്യേന നാമമാത്രമായിരുന്നു. ആയിരം പേരില്‍ താഴെ മാത്രമായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍. എന്നാല്‍ 2010 ആയപ്പോള്‍ 50 ശതമാനം സംവരണം വരുകയും സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇതോടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും തദ്ദേശ ഭരണസമിതികളില്‍ വര്‍ധിച്ചു. 2005 നേക്കാള്‍ നാലിരട്ടിയിലേറെയായി കുടുംബശ്രീ അംഗങ്ങളുടെ സാന്നിദ്ധ്യം. 842 അംഗങ്ങളില്‍ നിന്നും നാലായിരത്തോളമായി തദ്ദേശ സര്‍ക്കാരുകളില്‍ കുടുംബശ്രീ അംഗങ്ങളുടെ പ്രാതിനിധ്യം.
2015 ആയപ്പോള്‍ ഈ പ്രാതിനിധ്യം ഏഴായിരത്തിലേറെയായി. അതേ നിലതുടരുകയാണ് 2020ലും. പുറത്തുവന്ന പ്രാഥമിക കണക്ക് പ്രകാരം 2015ലും 2020ലും മൊത്തം അംഗങ്ങളുടെ മുപ്പത് ശതമാനത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ്. അതായത് തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 50 ശതമാനം സ്ത്രീകളില്‍ 70 ശതമാനത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് എന്ന് കൂടെ വരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം 2015ല്‍ 7376 വനിതാ അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു. 2020ലെ പ്രാഥമിക കണക്ക് പ്രകാരം മൊത്തം 21,854 തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളില്‍ 7,058 പേര്കുടുംബശ്രീയില് നിന്നുള്ളവരാണ്. .
മാത്രമല്ല, അധ്യക്ഷ സ്ഥാനത്തും 50 ശതമാനം വനിതാ സംവരണം ഉള്ളതിനാല്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷമാരാകുന്നവരില് നല്ലൊരു പങ്കും കുടുംബശ്രീയിലൂടെ ഉയര്ന്നുവന്നവരാകും. വേണമെങ്കില്‍ ഇത് പുതിയൊരു വികസന സങ്കല്പ്പത്തിന് വളമേകാനുള്ള സാധ്യതയായി മാറാം. കുടുംബശ്രീ പ്രവര്‍ത്തനം രാഷ്ട്രീയമായി ഉച്ചാടനം ചെയ്യപ്പെടാത്തതിനാല്‍ കേരളത്തിന് പുതിയൊരു ലിംഗസമത്വ മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ചവെക്കുന്നതിന് ഇതുവഴി സാധ്യമയിട്ടുണ്ട് എന്നത് വസ്തുതയാണ്. വരുമാന മാര്‍ഗമായി മാത്രം കണ്ട കുടുംബശ്രീ ഇന്ന് വ്യക്തിവികസനത്തിന്റെയോ കുടുംബത്തിന്റെ വളര്‍ച്ചയുടെയോ മാത്രം ഭാഗമല്ല, സമൂഹത്തിനെ മൊത്തം മുന്നോട്ട് നയിക്കുന്നതിലൊരു ചാലകശക്തിയായി മാറുന്നു. കുടുംബശ്രീയിലുടെയും തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യത്തിലൂടെയും ലിംഗസമത്വം സമ്പൂര്‍ണമായി നേടി എന്നല്ല, മറിച്ച് തദ്ദേശ സര്‍ക്കാരുകളിലെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചുവെന്നതാണ് പ്രധാന ഘടകം.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം നിര്‍ണായക ഘടമാകുമ്പോള് തന്നെ നിലവിലുള്ള കളിനിയമങ്ങള്ക്കുള്ളില് നിന്ന് മാത്രമേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സാമൂഹിക ശാസ്ത്ര ഗവേഷകയായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഡോ. ജെ. ദേവിക പറയുന്നു. കുടുംബശ്രീ പ്രവര്‍ത്തനം വഴിയും മറ്റും തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം ദീര്‍ഘകാല അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങള്‍ സൃഷ്ടിക്കുക.
കുടുംബശ്രീ കുറേക്കാലം ആയി നടക്കുന്ന ഒന്നാണ് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പോലെ തന്നെ മറ്റൊരു തലത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നവരാണ് കുടുംബശ്രീ അംഗങ്ങള്‍. അതില്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പഞ്ചായത്തീരാജ് വ്യവസ്ഥയെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും. അതിലെ വെല്ലുവിളിയെകുറിച്ചും അവര്‍ക്ക് അറിയാം. വ്യവസ്ഥ അറിഞ്ഞുകൊണ്ട് തന്നെ അതിലേക്ക് വരുക എന്നത് വളരെ ഗുണപരമാണ്. എന്നാല്‍ അതിന് നേട്ടമെന്ന പോലെ തന്നെ ചില കോട്ടങ്ങളുമുണ്ട്. സെറ്റായ കളിനിയമങ്ങള്‍ക്ക് അകത്ത് നിന്ന് അറിഞ്ഞതു അതിന് അനുസൃതമായി കളിക്കാന്‍ ആണ് സാധ്യതകൂടുതല്‍ അതിനെ തിരുത്തിയെഴുതിയാന് ശ്രമിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് ദേവിക ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, കുടുംബശ്രീയില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചുവരുന്ന സ്ത്രീകളെ കുറിച്ചുള്ള വിമര്‍ശനം കുടുംബശ്രീക്ക് അവര്‍ ഗുണം ചെയ്യുന്നില്ല എന്നതാണ്. രാഷ്ട്രീത്തിലേക്ക് ഫുള്‍ടൈം ആകുന്നുവെന്ന് പരാതികള്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. .ഫീല്‍ഡ് വര്‍ക്ക് ചെയ്യുമ്പോള്‍ ലഭിച്ച അറിവുകളാണിത്. തദ്ദേശ സ്ഥാപനങ്ങളിലെ അംഗം ആയിക്കഴിയുമ്പോള്‍ ഭരണഘടനാപരമായ അധികാരം പ്രാപ്യമാകുന്നു. ഇപ്പോഴത്തെ സ്ഥിതിതിയില്‍ സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് രാഷ്ട്രയീത്തില്‍ ഇടപെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അത് വഴി വ്യവസ്ഥയില്‍ തന്നെ മാറ്റം ഉണ്ടാകുമോ എന്നറിയില്ല.
വെല്‍ഫെയര്‍ പൊളിറ്റിക്സില്‍ അംഗം എവിടെ നില്ക്കുന്നു എന്നത് ഘടകമാണ്. പ്രധാനകാരണം മുന്‍കാലങ്ങളില്‍ മുതലാളിത്തം നഗരകേന്ദ്രീകൃതമായിരന്നു. എന്നാല്‍സ ഇപ്പോള്‍ അങ്ങനെയല്ല. റിയല്‍ എസ്റ്റേറ്റ് മുതല്‍ പലവിധ പ്രകൃതവിഭവ ചൂഷണം വന്നതോടെ ഈ സാന്നിദ്ധ്യം ക്യാപിറ്റല്‍ സാന്നിദ്ധ്യം അതിശക്തമായി. പലപ്പോഴും പഞ്ചായത്ത് രാജ് വ്യവസ്ഥയെ നിര്‍ണയിക്കുന്നത് മൂലധനമാണ്. അത്തരം മൂലധനത്തോട് കൂടെ ഇടപെടുക എന്ന വെല്ലുവിളികൂടെ ഇവിടെ കുടുംബശ്രീയില്‍ നിന്നും വന്ന പഞ്ചായത്ത് അംഗങ്ങള്‍ നേരിടേണ്ടി വരും. . ഒരു പഞ്ചായത്ത് മെമ്പറെ കുറിച്ച് എന്ത് ചെയ്യാനാകും എന്ന ധാരണ തിരുത്തേണ്ടി വരും. എന്ത് വന്നാലും ജനങ്ങളുടെ കൂടെ നില്‍ക്കേണ്ടി വരും എന്നത് മാറി. ക്യാപിറ്റലിനൊപ്പം നില്‍ക്കേണ്ടി വരും എന്നനിലയിലാണ് പലപ്പോഴും പലയിടുത്തും കാര്യങ്ങള്‍. .
വനിതാമെമ്പറായി എന്നത് കൊണ്ട് കാര്യമില്ല. ഇടപെടല്‍ സാധ്യതയുണ്ടോ എന്നതാണ്. . ആരോടാണ് ഓരോരുത്തരും അക്കൗണ്ടബിളാകുന്നത് എന്നത് അനുസരിച്ച് ഇരിക്കും കാര്യങ്ങള്‍. ജനങ്ങളോടാണ് അക്കൗണ്ടബിളിറ്റി എന്ന് വന്നില്ലെങ്കില്‍ അവര്‍ക്ക് ക്യാപിറ്റലിനോട് അക്കൗണ്ടബിള്‍ ആകേണ്ടി വരും.
കുടുംബശ്രീ എന്നത് പഞ്ചായത്ത് വ്യവസ്ഥയ്ക്ക അകത്ത് പെരുമാറുന്ന ഒരു സംവിധാനം ആയതിനാല്‍ കുടുംബശ്രീവഴി വരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാധീനം കൈവരുന്നുണ്ട്. പഞ്ചായത്ത് മെമ്പറായ ആള് സി ഡി എസ് ചെയര്‍പേഴ്സണാകും. തിരിച്ചും ആകും. അങ്ങനെ . ജനങ്ങളുടെ മേലുള്ള സ്വാധീനം അവര്‍ക്ക് കൂടും. പക്ഷേ, അവര്‍ക്ക് തദ്ദേശ സ്ഥാപനത്തില്‍ നിന്നും മുകളിലോട്ട് കയറ്റം കിട്ടുന്നുണ്ടോ എന്നിടത്താണ് സംശയം തോന്നുന്നത്. കീഴ്ത്തട്ടില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാര്‍ട്ടികള്‍ക്കകത്ത് സ്വാധീനംഉണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തില്‍ നിര്‍ണായക സ്വാധിനം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിടടുണ്ട്.

പഞ്ചായത്തുമായുള്ള ബന്ധം കാരണം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സകലവിധ ചട്ടവും കാര്യങ്ങളും അറിയാന്‍ കഴിയും മേല്തട്ടില്പ്രവര്ത്തിക്കുന്ന പുറത്തുനിന്നുവരുന്നവര്‍ ചിലപ്പോള്‍ പഞ്ചായത്ത് ഭരണത്തിലെ നിലവിലെ കളിനിയമങ്ങളെ വെല്ലുവിളിച്ചേക്കാം എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അതിനുള്ള സാധ്യത തീരെ കുറവാണ്. കാരണം. കുടുംബശ്രീ വന്നിട്ടും തദ്ദേശ ഭരണ സംവിധാനത്തില്‍ പുരുഷാധികാര വ്യവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. പഞ്ചായത്തിലെ ജന്‍ഡര്‍ കള്‍ച്ചറിനെ അത്,വെല്ലുവിളിക്കുന്നില്ല. അതേ പഴയ പുരുഷാധികാര ലിംഗമൂല്യങ്ങളാല് സൃഷ്ടിക്കപ്പെട്ടതായി ഇപ്പോഴും ആ സംവിധാനം തുടരുന്നു എന്നതിലാണാത്. . .
തദ്ദേശ സ്ഥാപനങ്ങളിലെ അധികാരത്തിലെ സ്ത്രീ പങ്കാളിത്തം ഉടനടി മാറ്റം ഉണ്ടാക്കുകയില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട ദീര്‍ഘകാല ഫലം നോക്കിയാല്‍ മതി. അഞ്ച് വര്‍ഷത്തിനകം ജനിച്ച കുട്ടി ഒരുപക്ഷേ, കണ്ണ് തുറക്കുന്ന കുട്ടി ഒരുപക്ഷേ പത്ത് പതിനഞ്ച് വര്‍ഷംകഴിയുമ്പോള്‍ ആ തലമുറയില്‍ മാറ്റാം ഉണ്ടാക്കാന്‍ ഇതുവഴി സാധ്യമായേക്കാം. കാരണം ഇത്രയും അധികാരത്തിലെങ്കിലും സ്ത്രീകള്‍ ഉണ്ടാകാം എന്ന അറിവെങ്കിലും ആ തലമുറയ്ക്ക് ഉണ്ടാകും. പഞ്ചായത്ത് വ്യവസ്ഥ എന്നത് പുരുഷ ജെന്‍ഡര്‍ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ ഇത്രയും അധികാരത്തിലെങ്കിലും സ്ത്രീകള്‍ ഉണ്ടാകും എന്ന് പത്ത് വയസുളള കുട്ടിക്ക് മനസ്സിലാകുന്നത് . ദീര്‍ഘകാല ഗുണം ചെയ്യുമെന്നും ദേവിക പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ 50 ശതമാനം വനിതാ സംവരണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ കുടുംബശ്രീയും അതിലെ സജീവമായ സ്ത്രീ സാന്നിദ്ധ്യവുമാണെന്ന് ജഗജീവന്‍ അഭിപ്രായപ്പെടുന്നു. കുടുംബശ്രീ രൂപപ്പെട്ടു വന്നതിന് ശേഷം പഞ്ചായത്ത് തലത്തിലെ സര്‍വവിധ വികസന പ്രവര്‍ത്തനങ്ങളുടെയും നിര്‍ണായക ഏജന്‍സിയാണ് കുടുംബശ്രീ. നാട്ടിലെ എല്ലാ വികസന പരിപാടികളിലും കുടുംബശ്രീ പ്രവര്‍ത്തനം സജീമാണ്. സമൂഹത്തില്‍ സ്ത്രീകുളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഉയര്‍ത്തുന്നതില്‍ ഇത് പങ്ക് വഹിച്ചിട്ടുണ്ട്. . തൊഴിലുറപ്പ് പദ്ധതിയിലെ 95 ശതമനവും കുടുംബശ്രീ സ്ത്രീകളാണ്. കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയിലെ ഇടപെടലും വഴി അവര്‍ക്ക് സംഘടനാ സംവിധാനത്തില്‍ സ്വാധീനം കൈവന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പഞ്ചായത്ത് ഭരണം, പ്രാദേശിക വികസനം, ജനബന്ധം എന്നിവയിലൂടെ കുടുംബശ്രീക്ക് നിര്‍ണായക സ്വാധനം കൂട്ടാനായി. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ പ്രധാനപങ്ക് വഹിച്ച കുടുംബശ്രീകള്‍ വഴി സ്ത്രീകളുടെ ജനാധിപത്യ ശേഷി ഉയര്‍ത്തി. അതാണ് പ്രാദേശിക ഭരണത്തിലേക്ക് മത്സരിക്കനും അവര്‍ക്ക് ധൈര്യം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി സ്ഥലങ്ങളില്‍ റിബലായി സ്ത്രീകള്‍ വന്നുവെന്നത് ശ്രദ്ധേയമാണ്. റിബലായി നിന്നവരില്‍ ചിലര്‍ ജയിക്കുകയും ചെയ്തു. ഇക്കാര്യം ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ഘടകമാണ് എന്ന് ജഗജീവന്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!