'ഞാന്‍ നമസ്കരിക്കുന്ന പാദങ്ങള്‍ മൂന്നോ നാലോ മാത്രമായിരുന്നു. അതില്‍ എന്റെ മനസ്സും ശിരസ്സും ഒരു പോലെ കുനിയുന്ന നേരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്നസ്തമിച്ചു. കവിതയിലെ മാത്രമല്ല എന്റെയും ജീവിതത്തിലെ യുഗാന്ത്യം. വഴിപിഴക്കാതിരിക്കാന്‍ ദൂരെ മിന്നുന്ന ചൂട്ടുകറ്റയെ ഉന്നം വെച്ചായിരുന്നു നടത്തം. അതില്‍ അവശേഷിച്ച ഒന്നാണ് കെട്ടുപോയത്. കടയുന്ന ഇടത്തൊണ്ടയില്‍, ഹൃദയത്തില്‍ ഏതു ശമനൗഷധം! ' അന്തരിച്ച കവി അക്കിത്തത്തെ കുറിച്ച് എഴുത്തുകാരനും അധ്യാപകനുമായ ലേഖകന്‍ എഴുതുന്നു.
അക്കിത്തം ഒരനുഭവം ആയിരുന്നു. ഒരു കവിയുടെ രചനകള്‍ അനുഭവങ്ങള്‍ ആകും പോലെ ഒരു കവി അപ്പാടെ അനുഭവം ആകുമോ എന്ന ചോദ്യം ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ വിരിയുന്നത് എനിക്ക് കാണാം. അതിനുള്ള മറുപടിയാണ് ഇനി പറയാന്‍ ശ്രമിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് നില്ക്കുന്ന അക്കിത്തം എക്കാലത്തും ഒരു വേറിട്ട കാഴ്ചയാണ്. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ആ നില്‍പ്പിനൊരു പ്രത്യേക ലയമുണ്ടായിരുന്നു. അക്കിത്തത്തിന്റെ അകത്തെ അക്കിത്തം ഈ പ്രപഞ്ചത്തിന്റെ പ്രാണനുമായി ഇടപെട്ടു നില്‍ക്കുകയാണെന്ന് തോന്നിപ്പോകുവാന് ആ ലയം എപ്പോഴും ഇടയാക്കിയിരുന്നു. ആ ലയം വന്നു ഭവിച്ചതില്‍ അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലത്തിന് കാര്യമായ പങ്കുണ്ടായിരുന്നു. കവിതയില്‍ അക്കിത്തത്തിന്റെ ബലവും പരിമിതിയും അദ്ദേഹം ജനിച്ചു വളര്‍ന്ന നമ്പൂതിരി സമുദായത്തോടുള്ള അദ്ദേഹത്തിന്റെ ചാര്‍ച്ച തന്നെയാണ്. കാല്പനിക മാസ്മരികത ഒടുങ്ങുകയും ജീവിത യാഥാര്‍ഥ്യങ്ങള്‍ പൊള്ളിക്കുകയും ചെയ്ത ഒരു കാലസന്ധിയിലാണ് അക്കിത്തം കവിതയില്‍ പ്രവര്‍ത്തിച്ചത്. അതിനു സാമാന്യമായി ഇടശ്ശേരിയുടെ പിന്തുണയും ഉണ്ടായിരുന്നു എന്ന് കരുതണം. കാവ്യലോകത്ത് അക്കിത്തത്തിന്റെ ഗുരു ഇടശ്ശേരിയായിരുന്നല്ലോ. ഇടശ്ശേരി ചൂണ്ടിയ 'എവിടെ കുഴിച്ചാലും കണ്ണീര് കണ്ടെത്തണം' എന്ന വാശി കവിതയില്‍ അദ്ദേഹം സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിത്യജീവിതത്തില്‍ അക്കിത്തം സാമാന്യമായും സാധാരണമായും ഇടപെട്ടിരുന്നത് ആഢ്യന്‍ നമ്പൂതിരിമാരോട് തന്നെയായിരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ വഴി അടയുകയും നവോത്ഥാനപ്രക്രിയയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ സാംസ്കാരിക ജാഗ്രത പുലര്‍ത്തുകയും ചെയ്ത കാലത്ത് മറ്റാരെയും പോലെ ബ്രാഹ്മണ്യം അക്കിത്തത്തിനും ഒരു ഭാരമായി തോന്നിയിരിക്കണം .വിശാല സാമൂഹിക ജീവിതത്തിന്റെ വഴി തുറന്നു കിടന്ന അക്കാലത്തും അദ്ദേഹം നിരന്തരമായി ഇടപെട്ടത് വി.ടി. യോടും ഇ. എം. എസി നോടും എന്ന പോലെ ഏര്ക്കരയെ പോലുള്ള വൈദിക ബ്രാഹ്മണരോടും ഒളപ്പമണ്ണയെപോലുള്ള നമ്പൂതിരി സമുദായത്തില്‍ പിറന്ന കവികളോടുമായിരുന്നു. ജീവിത സംസ്കാരത്തില്‍ അട്ടിപ്പേറ് കെട്ടി കിടക്കുന്ന ഒരു ജാഗ്രതയെ, അത് സാമുദായിക ജീവിതത്തിന്റെ നന്മകളായാലും തിന്മകളായാലും , മനുഷ്യന് ഒരവസ്ഥയിലും കുടഞ്ഞെറിഞ്ഞു കളയാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ അക്കിത്തം കവിയും വ്യക്തിയും എന്ന നിലയിലുള്ള ഒരു വായന സഹായിക്കുമെന്ന് തോന്നുന്നു.അങ്ങനെ വായിക്കാന്‍ ശ്രമിക്കുമ്പോഴാണ് തൊട്ടു മുന്‍പ് പറഞ്ഞ അക്കിത്തത്തെ നാം കണ്ടുമുട്ടുന്നത്.

ഒരു കവി അനശ്വരനാകുന്നത് എങ്ങനെ എന്ന ഒരു ചോദ്യം അപ്പോള്‍ പ്രസക്തമാവും . നമ്മുടെ കാലത്തെ ഏറ്റവും മുതിര്‍ന്ന കവിയായിരുന്നു അക്കിത്തം. കവിതയുടെ പാരമ്പര്യ വഴിയിലൂടെ എഴുതുകയും ആ ദിശയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ ഒട്ടും കൂട്ടാക്കാതിരിക്കുകയും ചെയ്ത കവിയുമാണ് അക്കിത്തം. ഏറെക്കുറെ ഇതേ വഴിയില്‍ തുടങ്ങുകയും ഇതേ ജീവിത സംസ്കാരം പുലര്‍ത്തുകയും ചെയ്ത കക്കാട് , കവിതയിലും ആവിഷ്കരണത്തിലുമെല്ലാം എടുത്ത നിലപാടുകളും ആര്‍ജ്ജിച്ച വ്യതിയാനങ്ങളും ഇവിടെ ഓര്‍ക്കാം . എനിക്ക് തോന്നുന്നത് ഒരവസ്ഥ രൂപകമായി മാറാനുള്ള സാധ്യതയാണ് അനശ്വരത എന്നാണ്. അക്കിത്തത്തെ സംബന്ധിച്ച് ബ്രാഹ്മണ്യം തന്നെയാണ് ആ അവസ്ഥ. നമ്പൂരിത്തം എന്ന് അതിനെ വിളിക്കുകയും വയ്യ. അക്കിത്തം ജീവിച്ചു തീര്‍ത്ത ഈ അവസാന ദശകങ്ങളെ സംബന്ധിച്ച് ബ്രാഹ്മണ്യം എന്ന അവസ്ഥ എത്രമാത്രം വിമര്‍ശന വിധേയമാകുന്നു എന്നതും പ്രസക്തമാണ്. വര്‍ണ്ണ വ്യവസ്ഥയിലെ ഏറ്റവും ഇരുണ്ട കാലത്ത് നില നിന്ന ബ്രാഹ്മണ്യത്തിന്റെ അവസ്ഥാവിശേഷത്തെ മുന്‍നിര്‍ത്തിക്കൊണ്ടല്ലാതെ ഈ വാക്കിനെ ഇന്നാരും സമീപിക്കുകയില്ല. ആ ബ്രാഹ്മണ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ സംഘപരിവാറും സമാനശക്തികളും തുടരുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ അതിനപ്പുറം മനുഷ്യനെയും പുല്ലിനെയും പുഴുവിനെയും സമഭാവനയോടെ നോക്കികാണുന്ന ഒരു ദര്‍ശന വിശേഷം ബ്രാഹ്മണ്യം അടങ്ങുന്ന ഹൈന്ദവതയ്ക്കുണ്ടെന്നും അത് വളരെ നേര്‍ത്ത് ഒഴുകുന്ന ഒരു കൈവഴിയാണെന്നുമുള്ള കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്നതായിരുന്നു അക്കിത്തത്തിന്റെ കാവ്യജീവിതം. ഇങ്ങനെയൊരു വ്യക്തതയില്ലാതെ അക്കിത്തത്തിന്റെ കവിതയെ സമീപിക്കുമ്പോഴാണ് അദ്ദേഹം സവര്‍ണ്ണ ഫാസിസ്റ്റ് ആയി വായിക്കപ്പെടുന്നത്. ചുറ്റുമുള്ളവര്‍ അക്കിത്തത്തെ രാഷ്ട്രീയമായി ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ എങ്ങനെ ഉപയോഗിച്ചു എന്നത് മറ്റൊരു പ്രബന്ധ വിഷയമാണ്.

എനിക്ക് എല്ലായ്പ്പോഴും തോന്നിയിട്ടുള്ളത് അക്കിത്തത്തിന്റെ കവിതകളില്‍ മനുഷ്യന് അനുരോധമായ രീതിയില്‍ രൂപകമായി മാറാനുള്ള ഒരു സാധ്യത ഹൈന്ദവതയ്ക്ക് വന്നു ഭവിച്ചിട്ടുണ്ടെന്നാണ്. 'ശ്യാമാകാശമണിഞ്ഞു രുചിരം സായാഹ്ന പീതാംബരം' എന്ന്കൃഷ്ണനെ മുന്‍നിര്‍ത്തി എഴുതിയത് അക്കിത്തമല്ല , മറിച്ച് യൂസഫലി കേച്ചേരിയാണ് .ഇന്നത്തെ വായനയുടെ വഴിയില്‍ അത്രമേല്‍ ഹൈന്ദവമാണ് യുസഫലിയുടെ അഹൈന്ദവം എന്ന ആ കവിത. എന്നാല്‍ ആ കവിത വായിക്കുമ്പോഴുള്ള സെക്കുലര്‍ മനസ്സ് കവിതയില്‍ അക്കിത്തത്തിന് അനുവദിച്ചു കൊടുക്കാനുള്ള സാംസ്കാരിക പശ്ചാത്തലം എവിടെയാണ് നമുക്ക് കൈവിട്ടു പോയത് എന്നാണ് അന്വേഷിക്കേണ്ടത് .
അക്കിത്തം നിരന്തരം ചോദിച്ചു പോന്ന ചോദ്യമാണ് 'ഞാനാര്' ? ഭാരതീയ ചിന്താപദ്ധതി അതിന്റെ സൗന്ദര്യഹൃദയത്തില് എന്നും ഉന്നയിച്ചതും ഈ ചോദ്യം തന്നെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വേദോപനിഷത്തുകള്‍ മുതല്‍ ശാങ്കരദര്‍ശനം വരെ നീളുന്ന ഒരു തത്വചിന്താപദ്ധതിയെ അതിന്റെ സൗന്ദര്യ തലത്തില്‍ ഊന്നി നിന്നുകൊണ്ട് മാറി നിന്ന് കാണുകയായിരുന്നു ഭാരതീയ കവിത. മലയാള കവിത ആ അര്‍ത്ഥത്തില്‍ ഭാരതീയ കവിതയായി മാറിയ സന്ദര്‍ഭങ്ങള്‍ വളരെ വിരളവുമാണ്. അക്കിത്തത്തില്‍ എത്തുമ്പോള്‍ ഭാരതീയ കവിതയുടെ ഭൂമികയില്‍ നിന്ന് കൊണ്ട് മലയാള കവിതയെ കാണാന്‍ നമുക്ക് ഇടം ലഭിക്കുന്നു എന്ന് പറയണം.

വയലാര്‍ അവാര്‍ഡ് നേടിയ അന്തിമഹാകാലം എന്ന സമാഹാരത്തില്‍ 'അന്തിമഹാകാലം' എന്നൊരു കവിത കാണാം . ആ കവിതയില്‍ ജീവിതത്തെ, ഒരു മഹാസംസ്കൃതിയുടെ ഇങ്ങേയറ്റത്തെ ഒരു നേര്‍ത്ത കണമായി കാണുന്നു അക്കിത്തം. ആ കണത്തിനു സ്വതന്ത്രമായ നിലനില്പ്പുണ്ടാകുമ്പോള്തന്നെ ഏതോ ഒരു പൊക്കിള്‍ക്കൊടി ബന്ധം ജീവിതമെന്ന നേര്‍ത്ത കണത്തിനെ ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് വലിച്ചു ബന്ധിപ്പിക്കുന്നു. എന്നാല്‍ ഇക്കാലത്ത് പൂര്‍വ്വ സംസ്കൃതിയുമായുള്ള സംസ്കാരത്തിന്റെ നാഭീനാളബന്ധം അറ്റ് പോയ ഒരു ലോകത്ത് നിന്ന് കൊണ്ടാണ് ചോദ്യം ഉത്തരമായി പരിണമിക്കുന്ന ഈ സര്‍ഗക്രിയ അക്കിത്തം നടത്തുന്നത്.
കവിത തുടങ്ങുമ്പോള്‍ തന്നെ കവി ഉന്നയിക്കുന്ന കാര്യം അതീവ ലളിതമാണ്, ഞാനെന്തൊരു നിസ്സാര ജീവി? കോഴിക്കുഞ്ഞ് മിഴിക്കുന്ന കണ്ണ്,അത്രയേയുള്ളൂ എന്റെ നോട്ടം നിറയുന്ന ഇടം! രണ്ടു തൊട്ടു അഞ്ചു വരെയുള്ള ശ്ലോകങ്ങളാണ് സംസ്കാരത്തിന്റെ നേരത്തെ സൂചിപ്പിച്ച ജന്മാന്തര ബന്ധത്തെപ്പറ്റി ഉന്നയിക്കുന്നത് . ഭാവസ്ഥിരങ്ങളായ ജന്മാന്തര ബന്ധങ്ങളെ പറ്റി പണ്ട് കാളിദാസന് പറഞ്ഞത് തന്നെ ഇവിടെയും വിഷയം എന്ന് മനസ്സിലാക്കുക. ഏത് കാലത്തും കവികള്‍ ജീവിതത്തെ തൊടുമ്പോള്‍ ഒരേ ചോദ്യം തന്നെ ആവര്‍ത്തിക്കുന്നു, പ്രതിജനഭിന്നവും സകലലോക വിചിത്രവും ആകുമ്പോഴും ജീവിതത്തെക്കുറിച്ച് കവിത ചോദിക്കുന്ന ചോദ്യത്തിന് മൌലികമായ ഒരേയൊരു മുഖം മാത്രം ലഭിക്കുന്നതെന്ത് എന്നതിനുത്തരം അഞ്ചാം ശ്ലോകത്തിലെ 'പായസാമൃതനിര്‍വൃതി 'എന്ന സമസ്ത പദത്തിലുണ്ട്. പലകയിട്ടടച്ച പോലെ ആ പദത്തില്‍ ചോദ്യം കത്തിത്തീരുന്നു .ഉത്തരം ആദ്യം പറഞ്ഞ തിര്യക്കില്‍ നിന്ന് കുതറി നാല്ക്കാലിയുടെ സഹജമായ മമതാബന്ധത്തില്‍ എത്തി നില്ക്കുന്നു. മൃഗവും മൃഗവും തമ്മിലുള്ളത് കേവല മമതാ ബന്ധം മാത്രമാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ളത് മമതാബന്ധതിനപ്പുറത്തു കര്‍മ്മ ബന്ധം കൂടി കലര്‍ന്ന് വിശദമാകുന്നുണ്ട്. എന്നാല്‍ ആ പറയുന്നതില്‍ അത്ര വലിയ കാര്യമൊന്നും ഇല്ലെന്നും ഒരിത്തിരി ക്കൂടി കനത്ത മമത മാത്രമേ ഏതു ബന്ധത്തിനിടയിലും ഉള്ളൂ , എന്ന ധ്യാനബുദ്ധന്റെ ചിരി ഈ കവിതയുടെ ചുണ്ടിന്റെ കോണില്‍ ഞാന്‍ കണ്ടിട്ടുണ്ട്
ഏതു പുരസ്കാരം കയ്യില്‍ ലഭിക്കുമ്പോഴും ഇദം ന മമ എന്ന് വാക്കിലും ജീവനിലും പകരാനും പടര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മനുഷ്യന് മാത്രമായിരുന്നു എന്നും അദ്ദേഹത്തിന്റെ വിഷയം. മനുഷ്യനെ , അവന്റെ ഒറ്റപ്പെടുന്ന ആത്മത്തിന്റെ വിഷാദത്തെ അക്കിത്തം വരഞ്ഞു വെച്ചു. കല്ലിനും കണ്ണീരുറന്നു വരുന്ന മട്ടില്‍ അകക്കണ്ണിലെ കണ്ണീര്‍ഗ്രന്ഥി എന്നും ഉത്തേജിപ്പിച്ച് നിര്‍ത്തി.

അച്ഛന് എന്ന ബോധം ഒരു സാംസ്കാരിക അവബോധമായി എന്നില്‍ വേരുപിടിക്കുന്ന കാലത്ത് അച്ഛനോടൊപ്പം അക്കിത്തവും കടവനാടനും സി രാധാകൃഷ്ണനുമെല്ലാമുണ്ട്.അച്ഛനോട് അവര്‍ക്കെല്ലാമുണ്ടായിരുന്ന അളവറ്റ സ്നേഹ വിശ്വാസങ്ങള്‍ മകന് എന്ന ഒറ്റക്കാരണം കൊണ്ട് എനിക്കും അവര്‍ പകര്‍ന്നു തന്നു. ഏതു കഠിനയാതനയുടെ നടുവിലാണെങ്കിലും ' ഇതൊക്കെ ഇങ്ങനെത്തന്നെയാണ് ' എന്ന് പാതി തന്നോടും പാതി എന്നോടുമെന്നുള്ള അക്കിത്തത്തിന്റെ ഒരു പറച്ചിലില്‍ ഞാനെന്റെ അത്താണിയും വെയില് നിഴല്ച്ചോടും കണ്ടെത്തിയിരുന്നു.

ഞാന്‍ നമസ്കരിക്കുന്ന പാദങ്ങള്‍ മൂന്നോ നാലോ മാത്രമായിരുന്നു. അതില്‍ എന്റെ മനസ്സും ശിരസ്സും ഒരു പോലെ കുനിയുന്ന നേരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്നസ്തമിച്ചു. കവിതയിലെ മാത്രമല്ല എന്റെയും ജീവിതത്തിലെ യുഗാന്ത്യം.
വഴിപിഴക്കാതിരിക്കാന്‍ ദൂരെ മിന്നുന്ന ചൂട്ടുകറ്റയെ ഉന്നം വെച്ചായിരുന്നു നടത്തം. അതില്‍ അവശേഷിച്ച ഒന്നാണ് കെട്ടുപോയത്. കടയുന്ന ഇടത്തൊണ്ടയില്‍, ഹൃദയത്തില്‍ ഏതു ശമനൗഷധം!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!