മഹാമാരിയുടെ കാലത്ത് അത് തടയുന്നതിനായുള്ള ലോക്ക് ഡൗണും അതിന് ശേഷം തുടരുന്ന കർശന നിയന്ത്രണങ്ങളും കൗമാര, യൗവ്വന ജീവിതങ്ങളെ പാടെ തലകീഴായി മറിച്ചു. അവരുടെ പ്രതിസന്ധികളെ കാണാനോ, പരിഹരിക്കാനോ ആഴത്തിലൊന്നും ചെയ്യാനാകാതെ അവയെ അഭിമുഖീകരിക്കാത്തെ കടന്നുപോകുകയാണ് കേരളത്തിലെ കുടുംബങ്ങളും ഭരണകൂടവും. ഈ തലമുറയാണ് നാളത്തെ കേരള സമൂഹം എന്ന് ഓർത്തുകൊണ്ട് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അധ്യാപികയായ ലേഖിക പറയുന്നു
ഇടങ്ങൾ നഷ്ടപ്പെട്ടവരുടെ കഥകളിലാണ് മഹാമാരിയുടെ രേഖപ്പെടുത്താത്ത വശം കാണപ്പെടുന്നത്. മഹാമാരി മാറ്റി എഴുതിയത്, കൗമാരക്കാരുടെയും യുവജനങ്ങളുടെയും സ്വപ്നങ്ങളെയാണ്. കളിയിടങ്ങളും പഠിക്കാനുള്ള ഇടങ്ങളും കുഞ്ഞ് വൈറസിന്റെ പകർച്ചയ്ക്ക് മുന്നിൽ പകച്ചുനിന്നു. തങ്ങളുടേതായ ഇടങ്ങൾക്ക് മേൽ മഹാമാരി പെയ്തൊഴിയാത്ത പേമാരി പോലെ പടരുന്നത് അവർ അനുഭവിച്ചു. ആ ഇടങ്ങളിൽ നിന്നും ഇറങ്ങിപോകാൻ നിർബന്ധിതരായവർ കടന്നുപോയത് എങ്ങോട്ട്, അഭയം തേടിയത് എവിടെ, അത് കേരള സമൂഹത്തെ എങ്ങോട്ടാണ് നയിക്കുക എന്നത് സാമൂഹിക ഗവേഷകരുടെ അന്വേഷണ വിഷയമാകേണ്ട കാര്യമാണ്. ഭരണകൂട സംവിധാനങ്ങൾ ഗൗരവത്തോടെ പരിഹാരം കണ്ടെത്തേണ്ട വിഷയവുമാണ്.

ദേശീയ തലത്തിൽ പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23 മുതൽ സെപ്റ്റംബർ അവസാനം വരെ ആത്മഹത്യ ചെയ്തത് 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള 173 കുട്ടികളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഇതൊരു ചെറിയ കണക്ക് അല്ല. മുൻവർഷങ്ങളിലെ അവധിക്കാലത്തെ ആത്മഹത്യ നിരക്കിനേക്കാൾ കുറവാണ് ഇത്തവണത്തെ ആത്മഹത്യ നിരക്കെന്ന് സർക്കാർ നടത്തിയ പഠനത്തിൽ പറയുന്നു. അതിനൊരു കാരണമുള്ളത് ആ പഠനത്തിൽ കാണാനായില്ല. അല്ലെങ്കിൽ അവരുടെ കണ്ണിൽ അത് പെട്ടില്ല. കേരളത്തിൽ സാധാരണഗതിയിൽ അവധിക്കാല ആത്മഹത്യയിൽ പ്രധാനപങ്ക് വഹിക്കുന്ന ഒന്ന് പരീക്ഷാ ഫലം ആണ്. പരീക്ഷാ ഫലം സംബന്ധിച്ച് കുട്ടികളിൽ ഉളവാകുന്ന ആധിയും ഫലം വരുമ്പോൾ മാർക്ക് കുറയുക, തോൽക്കുക. തുടങ്ങിയ കാര്യങ്ങളുമാണ്. എന്നാൽ, ഇത്തവണ ഇത് അങ്ങനെ ഉണ്ടാകാത്തതിനാൽ, കൊവിഡ് കാരണം പല ക്ലാസുകളുടെയും പരീക്ഷ നടന്നില്ല. നടന്നവയിൽ തന്നെ ഫലം എന്തായാലും കൊവിഡ് കൊടുത്ത ആനൂകൂല്യം അവരുടെ പ്രതിസന്ധിയെ മറികടക്കുന്നതിന് സഹായിച്ചിട്ടുണ്ടാകാം. ഇതൊരു മുൻകാല കണക്കുകളുടെ ലഭ്യമായ ധാരണവച്ചുള്ള നിരീക്ഷണം മാത്രമാണ്. അത് കൂടെ കണ്ടുകൊണ്ട് വേണം ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടത് എന്ന് പറയാൻ വേണ്ടി മാത്രം ഇത് സൂചിപ്പിച്ചുവെന്നേയുള്ളൂ.
കർഷക ആത്മഹത്യകൾ പോലെ ഒരു വ്യവസ്ഥയുടെ പതനം ആണ് വൻ തോതിലുള്ള ജീവനാശങ്ങൾക്കു വഴി വെക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് കൊണ്ടാകാം കുഞ്ഞുങ്ങൾ ജീവിതം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ മാർഗം തിരഞ്ഞെടുത്തത്? പലരും അഭിപ്രായപെടുന്നത് പോലെ ആത്മഹത്യ എളുപ്പ വഴിയല്ല. കൊച്ചു ജീവിതത്തിലെ അറിയുന്ന കാര്യങ്ങളെയും ആൾക്കാരെയും വിട്ടു അന്തമില്ലാത്ത ലോകത്തേക്ക് കടന്നത് എന്ത് കൊണ്ടാകാം എന്നു ചിന്തിക്കുമ്പോഴാണ് കൊവിഡ് എന്ന രോഗം ശരീരികമല്ലെന്നും അതിന്റെ വ്യാപ്തി കണക്കുകൾക്കും അതിന്റെ കൂട്ടലുകൾക്കും അപ്പുറം ആണെന്നും തിരിച്ചറിവുണ്ടാകേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നത്.
കുഞ്ഞുങ്ങളുടെ ആത്മഹത്യാകാരണങ്ങൾ അന്വേഷിച്ചാൽ കാരണങ്ങൾ പലതുണ്ട്. വർധിച്ചു വരുന്ന കുട്ടികളുടെ ആത്മഹത്യയിൽ പഠനം നടത്തിയ കമ്മീഷൻ ഓരോ ആത്മഹത്യക്കും പ്രസക്തമായ കാരണങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തിലെ വീടുകളും, സാക്ഷരതയും, ജീവിതനിലവാരവും മാനസിക ആരോഗ്യവുമായുള്ള ബന്ധം സങ്കീർണ്ണമെന്ന് വേണം അനുമാനിക്കാൻ. കേരളത്തിലെ കുടുംബങ്ങളിലെ കൊവിഡ് കാല, ലോക്ഡൗൺ കാല സങ്കീർണ്ണതകൾ അന്വേഷിച്ചാൽ തെളിയുന്ന ചിത്രം ആശാവഹമല്ല.
കുടുംബവും അതിന്റെ സുരക്ഷിതത്വവും പലപ്പോഴും ഒരു സങ്കൽപ്പം മാത്രമാണെന്ന അത്ര സുന്ദരമല്ലാത്ത ഒരു അവസ്ഥയെ തുറന്നു കാണിക്കുന്നുണ്ട് ഈ ആത്മഹത്യാ കണക്കുകൾ.
അടഞ്ഞ വീടുകളിലെ ഏകാന്തതയിൽ, കളിക്കളങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒഴിഞ്ഞു, ഇനിയെന്ന്? ഇനിയെന്ത്? എന്ന് ചിന്തിച്ച് ഒതുങ്ങി പ്പോയ ടീനേജിന്റെ സങ്കടങ്ങൾ പലപ്പോഴും മുതിർന്നവരുടെ ഒരിടത്തിനും ഉൾകൊള്ളാൻ സാധിക്കാതെ വരുന്നുണ്ട്. വീട്ടിൽ ഒതുങ്ങി പോവുന്ന അവസരങ്ങളിൽ അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് ഒന്നനുമാനിച്ചാൽ ആത്മഹത്യയുടെ ചില കാരണങ്ങളിലേക്ക് എങ്കിലും കടന്നു ചെല്ലാം. എന്ന് മാത്രമല്ല അത് പലപ്പോഴും സാമാന്യമായി കരുതുന്നവ യിൽ നിന്നും തികച്ചും വ്യത്യസ്തമാണ് താനും.
കേരളത്തിലെ കുടുംബങ്ങൾ ജാതി,മത ,സാമ്പത്തിക വ്യത്യാസം ഇല്ലാതെ വളരെ കൃത്യമായ ഹൈറാർക്കി നിലനിർത്തുന്നതാണ്. മാതാപിതാക്കളുടെ ഭരണത്തിൽ ആശ്രിതരുടെ സ്ഥാനം മാത്രമാണ് പലപ്പോഴും കുട്ടികൾക്കുള്ളത്. പ്രത്യേകിച്ച് ടീനേജ് കുട്ടികൾ. അവർ മുതിർന്നു സാമ്പത്തിക സ്രോതസ്സ് ആകുമ്പോഴാണ് അവരുടെ അഭിപ്രായങ്ങൾക്ക് കേരളീയ കുടുംബങ്ങളിൽ സാമാന്യ രീതിയിൽ വില ഉണ്ടാക്കുന്നത്. അവരുടെ അഭിപ്രായങ്ങൾക്ക് കുടുംബത്തിൽ പ്രസക്തി ഉണ്ടാകുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ആശ്രിത അവസ്ഥയിൽ ഉള്ളവരുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് അവർ തമ്മിൽ ഐക്യപ്പെടലും ഒരേ അവസ്ഥ ഒരുമിച്ച് സഹിക്കുന്നവർ തമ്മിലുള്ള അടുപ്പവും നിലനിന്നിരുന്നു. എന്നാൽ ഇന്ന് അണു വ്യവസ്ഥിതിയിൽ മാതാപിതാക്കളുടെ നോട്ടത്തിന് നേരിട്ട് കീഴിലാണ് കുട്ടികളുടെ സ്ഥാനം. പക്ഷേ ഇതിലെ വിരോധാഭാസം എന്തെന്നാൽ കുട്ടികളുടെ ബാഹ്യമായ ഓരോ പ്രവർത്തിയും നിരീക്ഷണത്തിന് വിധേയമാക്കുന്ന മാതാപിതാക്കൾ പലപ്പോഴും അവരുടെ ആന്തരികമായ സംഘർഷങ്ങൾ കാണുന്നില്ല എന്നത് തന്നെയാണ്.
ജോലിസംബന്ധമായ, സാമ്പത്തിക സംബന്ധമായ സംഘർഷങ്ങളിൽ പെട്ടുഴലുന്ന മുതിർന്നവർക്ക് പലപ്പോഴും ഒരു സാമാന്യ നോട്ടത്തിന് അപ്പുറം ചിരിക്കുന്ന മുഖങ്ങളുടെ പുറകിലുള്ള ദുഃഖങ്ങൾ മനസ്സിലാക്കാൻ വളരെ വേഗതയേറിയ ജീവിതശൈലിയിൽ സാധിക്കുന്നില്ല എന്നു തന്നെ കരുതണം. ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങൾക്ക് വിധേയമാവുന്ന പ്രായത്തിൽ സഹപാഠികളിൽ നിന്നകന്നു, ആശങ്കകൾ പങ്കുവെക്കാൻ ഇടങ്ങളില്ലാതെ ആവുന്നുണ്ട്. എതിർ ലിംഗക്കാരോടുള്ള ചങ്ങാത്തം ഇന്നും കേരളസമൂഹത്തിലെ സദാചാരസങ്കൽപ്പങ്ങൾക്ക് രുചിച്ചു തുടങ്ങിയിട്ടുമില്ല. അതോടൊപ്പം മറ്റു കുട്ടി കളുമായുള്ള താരതമ്യപ്പെടുത്തലും, പല കുട്ടികളുടെയും ബൗദ്ധിക കഴിവിനപ്പുറമുള്ള മാതാപിതാക്കളുടെ സ്വപ്നസാഫല്യത്തിനുള്ള നിലക്കാത്ത നിർബന്ധങ്ങളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ അപകടകരമാം വിധം നിലം പരിശാക്കുന്നു.
കൊവിഡ് കാലത്ത് എല്ലാ ഭേദങ്ങളെയും മറികടന്ന് പിയർ ഗ്രൂപ്പുമായി അടുത്തിടപ്പഴകുന്ന ഇടങ്ങളുടെ നഷ്ടമാണ് കുട്ടികൾക്ക് ഉണ്ടായത്. മാത്രമല്ല, അവർക്ക് ഇടപെടണ്ടി വരുന്നത് തങ്ങളേക്കാൾ മുതിർന്ന തലമുറയിലെ , അവരുടെ മാത്രം ലോകത്ത് ജീവിക്കുന്ന രക്ഷിതാക്കളുടെ സമൂഹത്തോട് മാത്രമായി ചുരുങ്ങി. ഇത്, ജനാധിപത്യപരമായിത്തീരാത്ത മലയാളി കുടുംബങ്ങളിലെ കുട്ടികളിൽ ആന്തരിക സംഘർഷം വർധിപ്പിച്ചിട്ടുണ്ട് എന്നാണ് അധ്യാപിക എന്ന നിലയിലും അമ്മ നിലയിലും കുട്ടികളുമായി സംസാരിക്കുമ്പോൾ മനസിലാകുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വന്തം വീടുകളാണ് സുരക്ഷിതമെന്ന രീതിയിൽ അകങ്ങളിൽ ഇരിക്കാൻ നിർബന്ധിതരാവുമ്പോഴാണ് സ്വന്തം വീടുകൾ പലപ്പോഴും സ്വന്തം ഇടങ്ങളല്ല എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. സാമ്പത്തിക സുരക്ഷിതത്വം നഷ്ടപ്പെട്ട, രോഗഭീതിയിൽ അകപ്പെട്ട വീടുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് പല കുട്ടികളും. ആത്മഹത്യ ചെയ്ത കൂട്ടികളിലെ നല്ല ശതമാനവും മാനസികമായ അസ്വസ്ഥതകൾ ഒന്നും പുറമേക്ക് പ്രകടിപ്പിച്ചിരുന്നില്ല എന്ന് പഠനത്തിൽ പറയുന്നു. അതിനർത്ഥം അസ്വസ്ഥതകൾ ഇല്ലായിരുന്നു എന്നല്ല, അത് വീട്ടുകാരിൽ എത്തിയില്ല അല്ലെങ്കിൽ അവരത് അറിഞ്ഞില്ല എന്നതാണ്.

മഹാമാരിയുടെ തൊട്ടു മുൻപും ലോക്ക് ഡൗൺ കാലഘട്ടം കഴിഞ്ഞു നടന്ന പരീക്ഷ ഫലങ്ങൾ ആത്മഹത്യയിലേക്ക് നയിക്കേണ്ടതായ ആഘാതം ഉണ്ടാക്കിയിട്ടില്ല എന്ന് വിജയശതമാനങ്ങളിൽ നിന്ന് മനസിലാക്കാം. പക്ഷേ, അപ്രതീക്ഷിതമായി ഉണ്ടായ ലോക്ക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, കളിക്കളങ്ങളെയും കുട്ടികളുടെ പരിധിക്ക് പുറത്താക്കിയതോടു കൂടി ടീനേജിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ ഒരു സപ്പോട്ട് സിസ്റ്റം തകരാറിലായി. കുട്ടികൾക്ക്, പ്രത്യേകിച്ച് കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം അനുഭവപ്പെടുന്നത് സമപ്രായക്കാരുമൊത്തു സമയം ചെലവിടുന്ന സ്ഥലങ്ങളും സന്ദർഭങ്ങളും ആണ്. മഹാമാരിയും അതിനോടനുബന്ധിച്ചു വന്ന ലോക്ഡൗണും അതിന് ശേഷം തുടരുന്ന നിയന്ത്രണങ്ങളും ശാരീരിക അകലം അനിവാര്യമാക്കിയപ്പോൾ തുറന്നത് ഡിജിറ്റൽ ലോകത്തിന്റെ വാതായനങ്ങളാണ്. അതിന്റെ കയറ്റിറക്കങ്ങൾ, ലഭ്യത സൃഷ്ടിക്കുന്ന പ്രതിസന്ധി, എന്നിവ സാധാരണ ജീവിതത്തിന്റെ താളക്രമത്തെയും, ദൈനംദിന പ്രവർത്തനങ്ങളെയും പുതിയ സാധാരണത്വത്തിൽ വിന്യസിച്ചു.
മൊബൈൽ ലോകം അനുഭവിക്കുന്ന കൗമാരക്കാരെ സംബന്ധിച്ചിട ത്തോളം രാവും പകലും ഏതാണ്ട് ഒരുപോലെ ആയിരുന്നു. വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആരംഭിക്കുന്നത് വരെയെങ്കിലും രാവിലെ എഴുന്നേറ്റിട്ട് എന്തിനാണ് എന്ന ചോദ്യം കുട്ടികൾ അവനവനോടും മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരുന്നതായി അറിയാം. തികച്ചും ഹൈറാർക്കിക്കലായി, കൃത്യമായ വ്യവസ്ഥയിൽ റൂട്ടിൻ പിന്തുടരുന്ന ഒരു സമൂഹമാണ് കേരളം. ഉണരാനും ഉറങ്ങാനും കുളിക്കാനും പഠിക്കാനും എല്ലാം സമയബന്ധിതമായി കുട്ടികൾ നിർബന്ധിതരാവുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിലുണ്ട്. വ്യത്യസ്തമായി ചിന്തിക്കുന്നവർ ഉണ്ടായേക്കാം. പക്ഷെ പൊതു സ്ഥിതി ഇതായിരിക്കെ, അതിൽ നിന്നു മാറുന്നവനെ അല്ലെങ്കിൽ അവളെ ഫ്രീക്ക് എന്ന രീതിയിലാണ് അടയാളപ്പെടുത്തുന്നത്. എന്ന് മാത്രമല്ല, അനുസരണ, മുതിർന്നവരോടുള്ള ബഹുമാനം ' കാണിക്കൽ ' എന്നിവ പലപ്പോഴും 'നല്ല'കുട്ടികളുടെ ലക്ഷണങ്ങളിൽ പെടുകയും ചെയ്യുന്നു.
വളരെ പാർശ്വവൽക്കരിക്കപ്പെട്ട സ്ഥാനമാണ് കുട്ടികളുടേത്. അതേ സമയം അച്ഛനും അമ്മയും കുട്ടിയും ഉൾപ്പെടുന്ന "സ്കൂട്ടർ ഫാമിലി"യിൽ കുട്ടികളുടെ ഓരോ ചലനവും ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. അമിതമായി സ്നേഹിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോൾ തന്നെ അവരുടെ വ്യക്തിത്വം പലപ്പോഴും അംഗീകരിക്കപ്പെടാറുമില്ല എന്നതൊരു നിഷേധിക്കാനാവാത്ത വസ്തുതയാണ്. മാതാപിതാക്കളുടെ പൂവണിയാത്ത സ്വപ്നങ്ങളുടെ തുടർച്ചയാണ് പലപ്പോഴും കുഞ്ഞു ജീവിതങ്ങൾ. ഇവ യഥാർഥ്യമാക്കുന്നതിനുള്ള തിരക്ക് പലപ്പോഴും മറ്റുള്ളവരുമായുള്ള അനാവശ്യ താരതമ്യങ്ങളിലേക്കും അനാരോഗ്യകരമായ മത്സരങ്ങളിലേക്കും നയിക്കുന്നതായി കണ്ടുവരാറുണ്ട്. അതിനാൽ പരാജയം, മിടുക്കില്ലായ്മ എന്നീ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കുട്ടികളെ അരക്ഷിതത്വത്തിലേക്ക് തള്ളി വിടുന്നു. രക്ഷിതാക്കളുടെ സ്വപ്നത്തിന് അനുസരിച്ച് ജീവിതവിജയം നേടിയില്ലെങ്കിൽ, അത് മനോവീര്യം കെടുത്തുകയും പലപ്പോഴും സ്വയം നശിപ്പിക്കലിൽ കലാശിക്കുകയും ചെയ്യും. ചെറിയ കാര്യങ്ങളിൽ പോലും നിരാശ,തോൽവി, നഷ്ടബോധം എന്നിവ അനുഭവിക്കാൻ അവസരം കിട്ടാത്തത് കൊണ്ട്, ജീവിതത്തിലെ അത്തരം സന്ദർഭങ്ങളിൽ മാനസികമായി നേരിടാൻ സാധിക്കാതെ എളുപ്പമാർഗം സ്വീകരിക്കുന്ന കുട്ടികളും ഉണ്ട്.
സാമ്പത്തിക സുരക്ഷയും കുടുംബസമാധാനവും തമ്മിലുള്ള ബന്ധവും സങ്കീർണ്ണമാണ്. സാമ്പത്തികമായി പ്രശ്നങ്ങളില്ലാത്തപ്പോൾ പോലും കുടുംബങ്ങളിൽ തലമുറകളുടെ വിടവ് മൂലമുണ്ടാവുന്ന ആശയവിനിമയ പ്രശ്നങ്ങൾ ദൃശ്യമാവുന്നുണ്ട്. കൊവിഡ് മൂലം ജോലി, തൊഴിലിടങ്ങൾ എന്നിവ നഷ്ടപ്പെട്ട അവസ്ഥയിൽ സാമ്പത്തികപ്രതിസന്ധികൾ കൊണ്ടുള്ള അരക്ഷിതാവസ്ഥയും തന്മൂലമുണ്ടായ ആശങ്കകളും കുടുംബത്തിലെ കുട്ടികളെ വല്ലാത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.അത്
കൊവിഡ് മഹാമാരിക്ക് വളരെ മുൻപ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിസ് 2018 ൽ നടത്തിയ പഠനത്തിൽ 12 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ അഞ്ചിലൊന്ന് കുട്ടികൾ മാനസിക സമ്മർദം അനുഭവിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സമ്മർദമാണ് പലപ്പോഴും കൗമാരക്കാരെ മദ്യത്തിലും ലഹരിമരുന്നിലേക്കും എത്തിക്കുന്നത്. ഈ പഠനം ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുന്നു എന്ന് ചിന്തിക്കേണ്ടതാണ്.
പലപ്പോഴും സമാധാനപരമായി പരിഹരിക്കാവുന്ന വിഷയത്തിനാണ് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നത്. പുറം ലോകത്തിൽ നിന്ന് അകന്നു വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടപ്പോൾ സമപ്രായക്കാരുടെ സഹവാസമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയായി കൗമാരക്കാരുടേത്. ചിലർ മൊബൈലുകളിലൂടെ ഡിജിറ്റൽ ലോകത്തിന്റെ മായക്കാഴ്ചകളിലേക് നിർബാധം സഞ്ചരിച്ചു. സാധാരണ ജീവിതത്തിന്റെ നീക്കുപോക്കുകൾ അവരെ ബാധിച്ചതേയില്ല. ആ മായാലോകത്തിന്റെ തിരിച്ചിറങ്ങാനാവാത്ത ചതിക്കുഴികളിൽ വീണവരും അനേകം. മറ്റു ചിലർക്ക് ഈ ലോകവും അപ്രാപ്യം ആയി.
ഇങ്ങനെ കുട്ടികളുടെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ കാരണങ്ങൾ അനവധിയുണ്ട്. ഇത് കൂടാതെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയാണ് മറ്റൊരു കാരണം. പലപ്പോഴും കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതി മാതാപിതാക്കളുടെ കുത്തകയായാണ് കണക്കാക്കാറുള്ളത്. വളരെ മത്സരമുള്ള ഈ സമൂഹത്തിൽ, പ്രത്യേകിച്ച് വ്യവസ്ഥാപിത അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ കഴിവ് അളക്കുന്ന സാഹചര്യത്തിൽ,കുട്ടികളിൽ ഭീതിയും അരക്ഷിതാവസ്ഥയും സംജാതമാക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് നാം മറന്നുകൂടാ. മറ്റൊന്ന് മാനസിക സമ്മർദങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന വിഷാദരോഗം അഥവാ ഡിപ്രെഷൻ എന്ന അവസ്ഥയെക്കുറിച്ച് സമൂഹം പുലർത്തുന്ന നിസ്സംഗതയാണ്. ശാരീരിക അസ്വസ്ഥതകൾക്കു ചികിത്സ തേടുന്ന വേഗതയിൽ കുട്ടികളുടെ മാനസികമായ അസുഖങ്ങൾക്ക് പ്രതിവിധി തേടാൻ പലപ്പോഴും മാതാപിതാക്കൾ മടിക്കുന്നതായി കാണാം. സ്വന്തം കുട്ടികൾക്ക് വിഷാദരോഗം ഉണ്ടെന്ന് തിരിച്ചറിയാനോ തിരിച്ചറിഞ്ഞാൽ തന്നെ അതിനെ അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാനോ വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ പോലും തയ്യാറാവാത്ത സാഹചര്യവും കേരളത്തിലുണ്ട്. സൈക്കോളജിക്കൽ കൗൺസിലിങ് എന്ന താരതമ്യേനെ അടിസ്ഥാനപരമായ കാര്യം പോലും കളങ്കം എന്ന രീതിയിലാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
പഠനകാര്യങ്ങളോടുള്ള വിമുഖതയും കുടുംബങ്ങളിലെ നിശബ്ദതയും, പെട്ടെന്നുള്ള ദേഷ്യം, വിരസത എന്നിവയെല്ലാം പ്രായത്തിന്റെ ചാപല്യങ്ങൾ എന്ന നിലയിൽ നിസ്സാരവൽക്കരിക്കുന്നത് പതിവാണ്. അത് പതുങ്ങിയിരിക്കുന്ന വിഷാദരോഗത്തിന്റെ മറ്റൊരു മുഖമാകാം എന്ന് വളരെ വൈകി മാത്രമേ നാം മനസ്സിലാക്കുന്നുള്ളൂ. മാനസിക സംഘർഷങ്ങളെ പൊതുവെ ലഘുകരിച്ചു കാണുന്ന സമൂഹത്തിൽ ആശങ്കകളും ആധികളും പങ്കു വക്കാൻ ആളില്ലാതെ ഏകാന്തതയിൽ അഭയം പ്രാപിക്കുന്നവരും, അതല്ലാതെ ചുറ്റും ആൾക്കാരുണ്ടെങ്കിൽ പോലും ഒറ്റപ്പെടൽ അനുഭവിക്കുന്ന കൗമാരക്കാരുടെയും എണ്ണവും ചില്ലറയല്ല. കൂട്ടുകാർക്കിടയിലെ കളിയിലും ബഹളങ്ങളിലും അടയാളപ്പെടുത്തപ്പെടുന്ന കൗമാരക്കാരിലെ അന്തർമുഖത്വം പോലും അസ്വഭാവികമെന്നു പൊതു സമൂഹം വിശ്വസിക്കുമ്പോൾ സമൂഹത്തിന്റെ വിലയിരുത്തലുകളിൽ നട്ടം തിരിയുന്ന ഒരു കൂട്ടം കുട്ടികളെയാണ് നാം അഭിമുഖീകരിക്കുന്നത്.
സമപ്രായക്കാരിൽ നിന്നകന്ന് ഒറ്റയ്ക്കാവുമ്പോൾ മൊബൈൽ ഫോണിൽ അനാവൃതമാവുന്ന ലോകത്തിലേക്കു ആസക്തിയോടെ തിരിഞ്ഞു, അതിൽ യാഥാർഥ്യങ്ങളുടെ ദിനരാത്രങ്ങൾ ക്കപ്പുറം ജീവിച്ചു, ദിന ചര്യ കളുടെ താളം തെറ്റി തകരുന്നവരും ധാരാളം. പകൽ മുഴുവൻ ഉറങ്ങി രാത്രി പകലാക്കി ജീവിക്കുന്ന ഒരു പാട് കുട്ടികളുടെ അമ്മമാരെ പരിചയമുണ്ട്. കുട്ടികൾ എത്തിയിരിക്കുന്ന സൈബർ ലോകത്തെ പറ്റി ഭീതി പുലർത്തുന്നവർ. വളർത്തലിന്റെ ഏതു പടവിലാണ് താളം പിഴച്ചത് എന്നറിയാതെ പരിഭ്രമിക്കുന്ന മാതാപിതാക്കൾ. മാനസികമായി മാതാപിതാക്കളുമായി യാതൊരു അടുപ്പവും പുലർത്താത്ത കുഞ്ഞുങ്ങൾ. വിശ്വാസ്യത നഷ്ടപ്പെട്ട വ്യവസ്ഥകൾ. കുടുംബത്തിനുള്ളിലെ ആസക്തികളും ബന്ധങ്ങളിലെ വിള്ളലുകളും ഹോർമോൺ മാറ്റങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പ്രായക്കാരിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതം വലുതാണ്.

സമൂഹഘടനയെ തന്നെ തകർത്തു മുന്നേറുന്ന കൊവിഡ് കാലത്ത് ഇത്തരം സംഘർഷങ്ങളെല്ലാം വീടകങ്ങളിൽ അതിന്റെ പാരമ്യത്തിൽ സംവേദനം ചെയ്യപ്പെടുന്നു. ഇവ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ, വൈകാരികമായ തുറസുകൾ വീടിന്റെ അടഞ്ഞ ഇടങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിയുമ്പോഴാണ് അവ സ്വന്തം ഇടങ്ങളാകുന്നത്. കൗൺസിലിങ്, മാനസികരോഗവിദഗ്ധരുടെ സേവനം എന്നിവയെക്കുറിച്ചുള്ള മലയാളികളുടെ തെറ്റിദ്ധാരണകൾ മാറേണ്ടതുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, ഡോക്ടർമാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഇതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. കുട്ടികളുടെ മേൽ പൊലീസിങ് നടത്തി പ്രശ്നപരിഹാരം കണ്ടെത്താൻ സാധിക്കില്ല. കൗമാരക്കാരുടെ, യുവാക്കളുടെ മാനസിക വ്യാപാരങ്ങളെ മനസ്സിലാക്കാനും, അവരുടെ ആശങ്കകൾ അകറ്റാനും മുൻവിധികൾക്കപ്പുറം കാലഘട്ടത്തിന്റെ സങ്കീർണ്ണതകൾ ഉൾക്കൊണ്ട് കൊണ്ട് അവരുടെ വിശ്വാസം ആർജിക്കാനും സാധിക്കണം. അത് കഴിയാത്തപക്ഷം, നഷ്ടമാകുന്നത് കുട്ടികളെ മാത്രമല്ല, നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരെയും കൂടിയായിരിക്കും. ഈ തിരിച്ചറിവ് വീടകങ്ങൾ മുതൽ ഭരണകൂടത്തിലെ മുകൾ തട്ടിൽവരെ അധികാരം കൈയാളുന്നവർക്ക് ഉണ്ടാകേണ്ടതുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് കാലത്തെ ശരീരവും രാഷ്ട്രീയവും ദ്വന്ദങ്ങള്ക്കപ്പുറം