ജല്ലിക്കെട്ടിനപ്പുറത്ത് ഇങ്ങനെയൊക്കെയാണ് ലിജോ ജോസ്
സംവിധാനം എന്നത് പത്താംക്ലാസ് കഴിഞ്ഞതോടെ മനസിലേക്ക് കയറിയതാണ്. എന്നാല്‍ ഡിഗ്രിയൊക്കെ കഴിഞ്ഞിട്ട് സിനിമയിലേക്ക് പ്രവേശിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞത് അച്ഛനാണ്. ടോക്ക് ടോക്കില്‍ രേഖ മേനോനോടൊപ്പം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. അഭിമുഖം പൂര്‍ണരൂപം കാണാം.
അഴിച്ചുവിട്ട പോത്തിന്റെ പിന്നില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ത്രില്ലിങ് ആയിരുന്നെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ടിനപ്പുറത്തെ അതിലും ആവേശകരമായ ജീവിതം ഏഷ്യാവിൽ മലയാളവുമായി പങ്കുവെക്കുകയാണ് പെല്ലിശ്ശേരി.
അനിമല്‍ സെന്‍ട്രിക്ക് ഫിലിം ആണെന്നതാണ് ജല്ലിക്കട്ടിന്റെ വെല്ലുവിളിയും സാഹസികതയും. മലയാള സിനിമ ലോകത്ത് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു കഥ പറയുമ്പോള്‍ പല പരിമിതികളുമുണ്ട്. ബജറ്റ് മുതല്‍ നമുക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിഎഫ്എക്സ് കമ്പനികള്‍ വരെയുള്ളതിന് പരിമിതികളുണ്ട്, ലിജോ പറയുന്നു.
ഈ സിനിമയില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്സ് വളരെ കുറവാണ് ചെയ്തത്. പ്രത്യേകിച്ചും പോത്തുമായി ബന്ധപ്പെട്ട രംഗങ്ങളിൽ. പോത്തിനെ ഒരുക്കിയത് കലാസംവിധായകനായ ഗോകുല്‍ ദാസാണ്. അതിന് നന്നായി ചെയ്തതിന് അദ്ദേഹത്തോട് പ്രത്യേക നന്ദി പറയണം. അദ്ദേഹത്തിന്റെ ക്രിയേഷന് ആണത്. ചിത്രത്തിലെ മുഖ്യ കഥാപാത്രമായ പോത്ത് കാര്‍ട്ടൂണ്‍ പോലെ ആകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മള് അത് ഓള്‍ഡ് സ്കൂള്‍ ഫിലിമിങ് ടെക്നിക്കുകളാണ് ഉപയോഗിച്ചത്. പഴയകാലത്തെ പല സിനിമകളിലും എങ്ങനെയാണ് ചെയ്തത് എന്ന് വീണ്ടും പരിശോധിച്ചു. അതില്‍ ഷോട്ട് എടുത്തതും ഷോട്ട് ഡിവൈഡ് ചെയ്തതും ഒക്കെ നോക്കിയിട്ടുണ്ട്. അതില്‍ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
ജല്ലിക്കട്ട് സിനിമയെക്കുറിച്ച് ഇനി അധികം പറയാനില്ല. അതെല്ലാം ഇനി പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് അതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഇപ്പോള്‍ താന്‍ പുറത്ത് കടന്നു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സിനിമയുടെ വര്‍ക്കുകള്‍ കഴിഞ്ഞിരുന്നു. പിന്നെ നല്ല ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിന് സാധ്യതയുണ്ടെന്ന് കരുതി. അതിന് അയക്കാനായി ഹോള്‍ഡ് ചെയ്ത് വെച്ചിരുന്നതായിരുന്നു.
അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്ന് ഇത് എങ്ങനെ ക്രാക്ക് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതിനുളള വഴി തെളിഞ്ഞുവരുന്നത്. തന്റെ സിനിമകളില്‍ കൂടുതല്‍ സാറ്റിസ്ഫാക്ഷന് തന്നത് ഈമയൗ ആണ്. കാരണം അത് കുറെക്കൂടി ഇമോഷണലി അറ്റാച്ച്ഡാണ്. ഡാഡി മരിച്ചശേഷം ഫ്യൂണറല്‍ വരെ കടന്നുപോയ അവസ്ഥകളൊക്കെ സിനിമയുടെ ഇമോഷണല്‍ ലെയര്‍ ക്രിയേറ്റ് ചെയ്യാന്‍ സഹായിച്ചു.
സിനിമയിലെത്തുന്നതിന് മുമ്പ് ചെറിയൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം എടുത്താണ് അത് തീര്‍ത്തത്. കാരണം അന്ന് അത് തീര്‍ക്കാന്‍ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. പിന്നെ സംവിധാനം എന്നത് പത്താംക്ലാസ് കഴിഞ്ഞതോടെ മനസിലേക്ക് കയറിയതാണ്. എന്നാല്‍ ഡിഗ്രിയൊക്കെ കഴിഞ്ഞിട്ട് സിനിമയിലേക്ക് പ്രവേശിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞത് അച്ഛനാണ്.