ശിവശങ്കർ മെഡിക്കൽ കോളെജിലെ അസ്ഥിവിഭാഗം ഐസിയുവിൽ; ചികിത്സക്കായി മെഡിക്കൽ ബോർഡ്
ഇന്നലെ കസ്റ്റംസ് വാഹനത്തിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ശിവശങ്കറിനെ കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയോഗ്രാം അടക്കം നടത്തിയിരുന്നു. ഇവിടെ നിന്നും ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഐസിയുവിൽ. വിദഗ്ധ ചികിത്സ വേണമെന്ന നിർദേശത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശിവശങ്കറിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. കടുത്ത നടുവേദനയെന്ന് ശിവശങ്കർ ഡോക്ടർമാരെ അറിയിച്ചിരുന്നു. പരിശോധനയിൽ ഡിസ്കിന് തകരാർ കണ്ടെത്തി.
അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്നും രക്ത സമ്മർദ്ദം സാധാരണ നിലയിലാണെന്നുമാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിക്ക് പുറമെ മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന നടത്തണമെന്നും വിദഗ്ധ ചികിത്സ വേണമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ അടങ്ങുന്നതാണ് ഈ ടീം.
ഇന്നലെ കസ്റ്റംസ് വാഹനത്തിൽ വെച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ശിവശങ്കറിനെ കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയോഗ്രാം അടക്കം നടത്തിയിരുന്നു. ഇവിടെ നിന്നും ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയത്. സ്വകാര്യ ആശുപത്രിയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ഇവിടുത്തെ ജീവനക്കാർ ഇതിനിടെ മർദിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ എത്തി ഹാജരാകാൻ നോട്ടീസ് നൽകിയത്. കസ്റ്റംസിന്റെ വാഹനത്തിലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് യാത്രതിരിച്ചത്. കസ്റ്റംസ് നൽകിയ നോട്ടീസിൽ ക്രൈം നമ്പർ ഇല്ലാതിരുന്നത് ഇതിനിടെ ശിവശങ്കർ തന്റെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു. പിന്നീടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കസ്റ്റംസിന്റെ വാഹനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചതും.
തുടർന്ന് നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. ഐസിയുവിൽ തന്നെ ശിവശങ്കർ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. നേരത്തെ കസ്റ്റംസും എൻഫോഴ്സ്മെന്റും നിരവധി തവണ ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റിന്റെ മൂന്നാംവട്ട ചോദ്യം ചെയ്യൽ എട്ടുമണിക്കൂറോളം നീണ്ടിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!