എം ശിവശങ്കർ ഒരാഴ്ച ഇഡി കസ്റ്റഡിയിൽ; മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം, ചികിത്സ ഉറപ്പാക്കണമെന്ന് കോടതി
ശിവശങ്കറിന്റെ അഭിഭാഷകൻ കസ്റ്റഡിയിൽ വാങ്ങുന്നതിനെ എതിർത്തില്ല. പകരം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുൻനിർത്തിയുളള ഇളവുകൾ ആവശ്യപ്പെട്ടിരുന്നു.
മുതിർന്ന ഐഐഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ഏഴ് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഒരാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്.
അതേസമയം ശിവശങ്കറിന്റെ അഭിഭാഷകൻ കസ്റ്റഡിയിൽ വാങ്ങുന്നതിനെ എതിർത്തില്ല. പകരം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുൻനിർത്തിയുളള ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്, നടുവുവേദന ഉളളതിനാൽ കിടക്കാൻ അനുവദിക്കണം എന്നിങ്ങനെ ആയിരുന്നു ശിവശങ്കറിനായി അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അനുകൂല നടപടിയാണ് കോടതി സ്വീകരിച്ചത്. ശിവശങ്കറിനെ അടുപ്പിച്ച് മൂന്ന് മണിക്കൂർ മാത്രമെ ചോദ്യം ചെയ്യാവു. കൂടാതെ ഓരോ മൂന്ന് മണിക്കൂറിലും ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം, വൈകുന്നേരം ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യൽ പാടില്ല, ചികിത്സക്കായി കൊണ്ടുപോകാം, ബന്ധുക്കളെ കാണാൻ അനുവദിക്കണം എന്നിങ്ങനെയാണ് ഇഡിക്ക് മുന്നിൽ കോടതി വെച്ച നിർദേശങ്ങൾ.
ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് 11 മണിയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില് ഹാജരാക്കിയത്. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്നും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നുമായിരുന്നു റിപ്പോർട്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!