നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയെന്നും കീഴ്വഴക്കം ലംഘിച്ചതായും സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടു ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രോസിക്യൂഷൻ്റെ അടക്കം ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടി ഹർജി സമർപ്പിച്ചത്.
നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ മഞ്ജു വാരിയർ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിൽ വിചാരണക്കോടതി വീഴ്ച്ച വരുത്തിയതായി സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയെന്നും കീഴ്വഴക്കം ലംഘിച്ചതായും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിലെ പല രേഖകളും വിചാരണക്കോടതി പ്രോസിക്യൂഷന് നൽകിയിരുന്നില്ലെന്നും സർക്കാർ അറിയിച്ചു. അതേ സമയം, രേഖകൾ പ്രതിഭാഗത്തിന് നൽകിയിരുന്നതായും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യ വിചാരണയുടെ സമയത്ത് ഇരുപത് അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നതായും പ്രതിഭാഗം അഭിഭാഷകരുടെ അതിരുവിട്ട ചോദ്യം തടയാൻ വിചാരണക്കോടതി ശ്രമിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കി. വിചാരണ നിർത്തിവെക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ കീഴ്വഴക്കം ലംഘിച്ചു കോടതി തന്നെ തീരുമാനമെടുത്തതായും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.
വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് നേരത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ എം സുരേശൻ വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി ജഡ്ഡ് ഹണി എം വർഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉന്നയിച്ചിരുന്നത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!