'66ൽ നിന്ന് 69ൽ എത്തിയപ്പോഴും ഇങ്ങേര് ഇങ്ങനെ തന്നെ, ഇനി 96ൽ എത്തുമ്പോഴും ഇങ്ങനെയാകും', മമ്മൂട്ടിക്ക് ആശംസകളുമായി സലീംകുമാർ
പ്രിയപ്പെട്ട ഇച്ചാക്ക എന്ന കുറിപ്പോടെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഒരുമിച്ചുളള ചിത്രം പങ്കുവെച്ചാണ് നടൻ മോഹൻലാൽ ആശംസകൾ അറിയിച്ചത്.
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. താരലോകത്ത് നിന്നും അല്ലാതെയും നിരവധി ആശംസകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മോഹൻലാൽ, തമിഴ്താരം ശരത് കുമാർ, ഗായകൻ യേശുദാസ്, സലീംകുമാർ, രമേഷ് പിഷാരടി, നടി മൈഥിലി, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എന്നിങ്ങനെ ആശംസകൾ അർപ്പിക്കുന്നവരുടെ നീണ്ട നിരയാണ്. ഇതിൽ നടൻ സലിംകുമാർ തന്റെ സ്വതസിദ്ധമായ ഹാസ്യത്തിലാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്.
66- ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ 69, ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് 96 ഇങ്ങിനെയും 99 ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്. എന്നാണ് സലിംകുമാർ കുറിച്ചത്.
പ്രായമേറിയിട്ടും ആരോഗ്യ പരിപാലനത്തിലും ശരീര സംരക്ഷണത്തിലും മമ്മൂട്ടി നൽകുന്ന കരുതൽ താരലോകത്ത് തന്നെ ഏവർക്കും മാതൃകയാണ്. ഇപ്പോഴും ആ സൗന്ദര്യം നിലനിർത്തുന്നതിനെയാണ് സലിംകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്.
പ്രിയപ്പെട്ട ഇച്ചാക്ക എന്ന കുറിപ്പോടെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഒരുമിച്ചുളള ചിത്രം പങ്കുവെച്ചാണ് നടൻ മോഹൻലാൽ ആശംസകൾ അറിയിച്ചത്. മഴയെ ഇഷ്ടപ്പെടുന്നവർ പിന്നെയും പിന്നെയും മഴയിലിറങ്ങി കുളിരുന്നത് പോലെ, ഏറ്റവും പ്രിയങ്കരമായ പാട്ട് കൂടെ കൊണ്ടു നടന്ന് വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ, ഒരിക്കലും കൊടിയിറങ്ങാത്ത ഉത്സവം പോലെ, ആവർത്തിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ആനന്ദം നിറയ്ക്കുന്നൊരാൾ ജനിച്ച ദിവസമാണെന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഫേസ്ബുക്കിൽ കുറിച്ചത്.
തന്റെ ഉള്ളിലെ ഏറ്റവും മികച്ച കലാപ്രകടനം പുറത്തെടുക്കുവാനുള്ള ആത്മാനുരാഗത്താൽ ആയുസ് മുഴുവൻ കമ്പോടുകമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവമായ ഒറ്റമരക്കാടാണ് മമ്മൂട്ടി. ഒരു കാടിന്റെ ധർമ്മമത്രയും തനിയെ നിർവഹിക്കുന്ന, നവരസങ്ങളുടെ ഇല സമൃദ്ധിയാൽ തലയെടുപ്പുള്ള ഒറ്റ വൃക്ഷമാണ് മമ്മൂട്ടിയെന്നും ഫെഫ്ക പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!