'ആദ്യകിരണങ്ങൾ' എന്ന സിനിമയിൽ പി. ഭാസകരൻ കാൽപ്പനികതയെ വാക്കുകളിലാവാഹിച്ച വരികളാണ് "പതിവായി പൗർണമി തോറും" എന്ന പാട്ടിന്റേത്. കെ. രാഘവൻ ഈണം നൽകി പി. സുശീല പാടി മലയാളികളുടെ മനസ്സിലേറ്റിയ ആ പാട്ടിന്റെ പ്രത്യേകതകളാണ് ഇത്തവണത്തെ 'മധുരമീഗാന'ത്തിൽ
മലയാള സിനിമാ ഗാനരചയിതാക്കളിലെ പ്രതിഭാധനരെല്ലാം താന്താങ്ങളുടെ ഇടങ്ങളുടെ സ്വന്തം പ്രത്യേകതകൾ കൊണ്ട് അടയാളപ്പെടുത്തിയവരാണ്. അക്കൂട്ടത്തിൽ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന പ്രതിഭയാണ് പി. ഭാസ്കരൻ. ലളിതകോമളസുഭഗ പദങ്ങൾ കൊണ്ട് അദ്ദേഹം തീർത്ത സിനിമാപാട്ടുകൾ അത്യധികം ചാരുതയുള്ളവയാണ്. കാൽപ്പനികതയെ വിവിധങ്ങളായ അലങ്കാരങ്ങളിലൂടെ പാട്ടുകളുടെ വരികളിൽ വിന്യസിക്കുന്ന മാന്ത്രികവിദ്യ പി.ഭാസ്കരനെ പോലെ മറ്റൊരാളിൽ കാണാനാവില്ല.
'ആദ്യകിരണങ്ങൾ' എന്ന ചലച്ചിത്രത്തിൽ പി. ഭാസ്കരൻ രചിച്ച്, കെ. രാഘവൻ സംഗീത സംവിധാനം നിർവഹിച്ച് പി. സുശീല പാടി മനോഹരമാക്കിയ ഒരു ഗാനമാണ് ഇത്തവണത്തെ മധുരമീ ഗാനത്തിൽ
"പതിവായി പൗര്‍ണമി തോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ ...കനകനിലാവേ" എന്ന ഗാനം മലയാളത്തിലെ അപൂർവ്വ സുന്ദര പ്രണയഗാനങ്ങളിലൊന്നാണ്.
പ്രണയാർദ്രയായ നായിക തന്റെ ജനാലയ്ക്കരികിൽ നിന്നും പൂർണ ചന്ദ്രനെക്കാണുമ്പോൾ ഉള്ളിലുദിക്കുന്ന ഭാവനകളാണ് ഈ വരികളിൽ. പൗർണമിയിലെ ചന്ദ്രനെ കണിവെള്ളരിയായിക്കാണുന്ന രചനാപാടവം. അതുപോലെ "മഴവില്ലിന് പീലി ചുരുക്കി, പകലാകും പൊന്മയില് പോയാല്‍" എന്നവരികളിൽ വീണ്ടും പീലിവിടർത്തുന്ന ഭാവനയുടെ നിറങ്ങളാണ് തെളിയുന്നത്. "ഇരുളുന്ന മാനത്തിന്റെ,കരിനീലക്കാടുകള്‍ തോറും, കരയാമ്പൂ നുള്ളിനടക്കും" തുടങ്ങിയ പ്രയോഗങ്ങളും ഗാനരചയിതാവിന്റെ കവിത്വം എടുത്തുകാട്ടുന്നതാണ്.
വായിക്കാം: ഏഴ് സുന്ദരരാത്രികളിലെ ഇഴയടുപ്പം
പഹാഡി രാഗത്തിൽ കെ. രാഘവൻ നൽകിയ ഈണം ഈ വരികളോട് പുലർത്തുന്ന ചേർച്ച അനന്യസാധാരണമാണ്. പ്രിലൂഡിലെ ഫ്ലൂട്ടിന്റെ പീസ് അനുഷ്ഠിക്കുന്ന ഗാനവിളംബരം, ഇന്റർല്യൂഡിൽ ബാംസുരി കഴിഞ്ഞെത്തുന്ന സ്ട്രിങ് നോട്ടുളൊക്കെ വഹിക്കുന്ന ദൗത്യം അതീവ പ്രസന്നാത്മകവും ഉണർവ്വേകുന്നതുമാണ്. ചെറിയ ചെറിയ ലിങ്കുകൾ പോലും മിഴിവാർന്നവയാണ്.
പി.സുശീല തന്റെ അനുകരണീയ ശൈലിയിൽ പൂനിലാവ് പോലെ പാടിയൊഴുകുകയാണ് ഈ ഗാനം.
പ്രകൃതിയുടെ ലീലാവിലാസങ്ങൾക്കൊപ്പം ചേർന്നൊഴുകുന്ന പ്രണയ വിവശയായ കന്യകയുടെ അന്തരംഗ വിചാരങ്ങളാണീ മധുരഗാനം.