'വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് ചെയ്യുക, കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, ജനങ്ങൾ അനുഭവിക്കണം'; ഷാനിമോൾക്കെതിരെ വീണ്ടും മന്ത്രി സുധാകരൻ
അവിടുത്തെ ജനങ്ങള്‍ തന്നെ അനുഭവിക്കണം, അവരല്ലേ ഇത് ചെയ്തത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ വന്ന ഒരു ചെറുപ്പക്കാരനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. തോല്‍പ്പിച്ചില്ലേ.
വോട്ട് ചെയ്യുമ്പോൾ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ പിന്നെ കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് മന്ത്രി ജി സുധാകരൻ. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനെ ലക്ഷ്യമിട്ടാണ് മന്ത്രിയുടെ വാക്കുകൾ. ചേർത്തലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജി സുധാകരൻ. പെരുമ്പളം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യം വിശദീകരിക്കവെ ആയിരുന്നു മന്ത്രി.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
ഇവിടെ ഒരു എംഎല്എയില്ലേ, അരൂര്‍, എന്താണ് അവരുടെ ജോലി? അവരുടെ ജോലിയല്ലേ, സ്ഥലം വാങ്ങി കൊടുക്കുക എന്നത്. ഒരു പണിയും എടുക്കില്ല ഈ എംഎല്‍എ. ഒന്നും പണിയരുതെന്നാണ്. അങ്ങനെ അങ്ങ് പണിയണ്ടാ എന്നുളളതാണ് അവിടുത്തെ വികസനം ഇല്ലാതാക്കാന്‍, അവിടുത്തെ ജനങ്ങള്‍ തന്നെ അനുഭവിക്കണം, അവരല്ലേ ഇത് ചെയ്തത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ വന്ന ഒരു ചെറുപ്പക്കാരനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. തോല്‍പ്പിച്ചില്ലേ. എന്നുപറഞ്ഞാല്‍ പണിയെടുക്കാന്‍ വയ്യാ, ബുദ്ധിമുട്ടാന്‍ വയ്യ, വിയര്‍പ്പൊഴുക്കാന്‍ വയ്യാ. അതൊന്നും കഴിയാത്ത ആളുകളെ ജനപ്രതിനിധിയായിട്ട് അയക്കരുത്. കേരളം മൊത്തം പാലം പണിയുന്ന എനിക്ക് ഞാന്‍ ഉണ്ടാക്കിയ പെരുമ്പളം പാലം പണിയാതിരിക്കേണ്ട കാര്യമെന്താ. അതുകൊണ്ട് ഈ പാലം പണിക്കൊന്നും അവിടുത്തെ എംഎല്‍എ യാതൊരു താത്പര്യവും കാണിച്ചിട്ടില്ല. വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് ചെയ്യുക, കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഒരു സിംപതിയും ഉണ്ടാകില്ല. അതിന്റെ ശിക്ഷ അനുഭവിച്ചേ പറ്റു.
നേരത്തെ അരൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സുധാകരൻ ഷാനിമോൾക്കെതിരെ നടത്തിയ പൂതന പരാമർശം വലിയ വിവാദമായിരുന്നു. റോഡ് പണി തടസപ്പെടുത്തിയത് വഴി ഷാനിമോള്‍ ഉസ്മാന് വികസനത്തിന് എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്. അരൂര്‍ തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.
റോഡുമായുളള കാര്യങ്ങള്‍ വ്യക്തമാക്കിയ മന്ത്രി കളളംപറഞ്ഞും മുതലക്കണ്ണീരൊഴുക്കിയുമാണ് യുഡിഎഫ് പ്രചാരണമെന്ന് വിശദമാക്കി. കളളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുളളതല്ല തിരഞ്ഞെടുപ്പെന്നായിരുന്നു തുടര്‍ന്നുളള പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളിലൂടെ പൂതന പരാമര്‍ശം വിവാദമായതോടെ ചൂടേറിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലും യുഡിഎഫ് ഇത് സമര്‍ത്ഥമായി ഉപയോഗിച്ചു. മന്ത്രിയുടെ പരാമര്‍ശം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ നേരിട്ട് വ്യക്തമാക്കി.
സുധാകരനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും എതിരെ കേസെടുക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടു. ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നായിരുന്നു ഇതിനുളള സുധാകരന്റെ മറുപടി. ഒടുവില്‍ മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ കണ്ടെത്തി. ആരെയും പേരെടുത്ത് പറയാതെ നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്ന കാരണത്താല്‍ ക്ലീന്‍ചിറ്റും നല്കി. അപ്പോഴേയ്ക്കും പൂതന വിവാദം മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ അടക്കം ചര്‍ച്ചയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ എൽഡിഎഫിലെ മനു സി പുളിക്കലിനെ തോൽപ്പിച്ച് എംഎൽഎയാകുകയും ചെയ്തു. പൂതന വിവാദത്തിന് ശേഷം വീണ്ടും മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇനി ഉപദ്രവിക്കരുത്, സ്ഥാനം ഒഴിയാന്‍ 18 മാസം കൂടിയേ ഉളളുവെന്നും എന്തെങ്കിലും ചെയ്തിട്ടങ്ങ് പൊയ്ക്കോളാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!