എഫ് എ സി ടി (ഫാക്ട് ) എന്ന വ്യവസായ സ്ഥാപനത്തിന്റെ പര്യായമെന്ന പോലെയാണ് എം കെ ക നായർ എന്നപേര്. എഫ് എ സി ടിയുമായി ബന്ധപ്പെട്ട് മാത്രമല്ല, കേരളത്തിലെ കലാ കായിക രംഗമുൾപ്പടെ സാംസ്കാരികമായ ഇടപെടൽ നടത്തുകയും അവയ്ക്കെല്ലാം വളവും വെള്ളവും നൽകി പരിപോഷിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് എം കെ. കെയുടേത്. വിശാലമായ ഹൃദയത്തിനുടമായിരുന്ന എം കെ കെയുടെ ജന്മശതാബ്ദിയാണ് ഈ വർഷം. 1920 ഡിസംബർ 29 ന് തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ജനിച്ച എം കെ കെ1987 സെപ്തബർ 27 ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന പരേതനായ എൻ. ഗോപാലകൃഷ്ണൻ നായരുടെ മകനായ ലേഖകൻ എം. കെ കെ യെ ഓർമ്മിക്കുന്നു.
1966 ജൂൺ. എനിയ്ക്ക് അഞ്ച് വയസ്സ്. അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്വീകരണ മുറിയിൽ ഇരിക്കുന്നു. എന്നോടും എന്റെ ചേട്ടനോടുമായി അമ്മ പറഞ്ഞു, എം.ഡി. അങ്കിൾ എങ്ങനെയാ ചിരിയ്ക്കുന്നത്, ഒന്ന് കാണിച്ചേ. ചേട്ടൻ ഉടൻ സോഫയിൽ നിന്നും ചാടിയിറങ്ങി വയറു മുമ്പോട്ടു തള്ളി ഉറക്കെ ചിരിച്ചു, ആഹഹഹ. ഞാനും വിട്ടില്ല. ഞാനും ഇറങ്ങി വയർ മുമ്പോട്ടു തള്ളി കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചിരിച്ചു. ആഹഹഹഹഹ. അപ്പോൾ ഒരു മാറ്റൊലി പോലെ വീടിന്റെ ഉള്ളിൽ നിന്നും ഒരു അശരീരി. അതേ പോലെ തന്നെ ഉറക്കെ ചിരിച്ചു കൊണ്ട് ഒരാൾ മുറിയിലേക്ക് വന്നു. വെള്ള ഖദറിലുള്ള ഷർട്ടും പാന്റ്സും. സാമാന്യം വലിയ ഒരു കുട വയർ. മുഴു കഷണ്ടി. അദ്ദേഹത്തെ ആദ്യമായി കാണുന്ന ഓർമയാണത്. സ്വന്തം വീട്ടുകാരുടെ കൃഷ്ണൻകുട്ടിച്ചേട്ടൻ. ഔദ്യോഗിക രേഖകളിൽ എം.കെ.കെ. നായർ. നാട്ടുകാരുടെ എം.കെ.കെ. അന്നും ഇന്നും, ഞങ്ങളുടെ എം.ഡി. അങ്കിൾ.

അന്നത്തെ അവിഭക്ത കണ്ണൂർ ജില്ലയിൽ കലക്ടർ ആയിരുന്ന അച്ഛൻ സ്ഥലംമാറ്റം ആയി വീണ്ടുംഫാക്ടിൽ( FACT) ചേർന്നതിന് ശേഷം കുടുംബ സമേതം മാനേജിങ് ഡയറക്ടറുടെ വീട്ടിൽ നടത്തിയ ആദ്യ സന്ദർശനം ആയിരുന്നു അത്. അതിനു ശേഷം എവിടെയെല്ലാം എത്രയോ പ്രാവശ്യം അദ്ദേഹത്തെ കണ്ടിരിക്കുന്നു: ഉദ്യോഗമണ്ഡൽ, അമ്പലമേട്, എറണാകുളത്തെ കരയ്ക്കാമുറി റോഡിലെ വസതി, തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്, ഞങ്ങളുടെ വീട്ടിൽ, കല്യാണങ്ങൾ, കച്ചേരികൾ, കഥകളി ആട്ടം, സാഹിത്യ സദസ്സുകൾ, ശബരിമല സന്നിധാനം, എന്നിങ്ങനെ. എവിടെയും എപ്പോഴും നിറഞ്ഞു നിന്ന സാന്നിദ്ധ്യം.
1959 മുതൽ 1969 വരെ അദ്ദേഹം ഫാക്ടിന്റെ എം.ഡി. ആയിരുന്നു. 1969 മുതൽ 1971 വരെയുള്ള ചെറിയൊരു കാലയളവ് സി എം ഡിയും . എങ്കിലും അദ്ദേഹം പടിയിറങ്ങി 50 വർഷങ്ങൾക്കിപ്പുറവും ഫാക്ടിന്റെ കാര്യം പറയുമ്പോൾ ഏവരുടെയും ഓർമയിൽ വരുന്ന പേര് ഒന്ന് മാത്രമാണ്. എല്ലാവരും അന്വേഷിക്കുന്നതും ഒരാളെക്കുറിച്ചു മാത്രമാണ് - എം.കെ.കെ. നായർ.
അമ്പത് ലക്ഷം രൂപ മാത്രം വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനിയെ 600 കോടിയിലെത്തിച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ അധികമൊന്നും തിരയേണ്ടി വന്നില്ല. പതിനെട്ടു മാസത്തെ റെക്കോർഡ് കാലയളവ് കൊണ്ട് പൂർത്തീകരിച്ച ഭിലായ് സ്റ്റീൽ പ്ലാന്റ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ച എം.കെ.കെ. യെയാണ് തിരഞ്ഞെടുത്തത്. അത്രയ്ക്ക് ബുദ്ധിമുട്ടുള്ള ഒരു യത്നത്തിന് പ്രഗത്ഭരായിരുന്ന ഉദ്യോഗസ്ഥരെ ആവശ്യമായിരുന്നു. എന്റെ അച്ഛന്റെ പ്രവർത്തനം അവലോകനം ചെയ്ത അന്നത്തെ ചീഫ് സെക്രട്ടറി എഴുതിയത് ഇദ്ദേഹം സ്വയം ഒന്നും ചെയ്യാതെ എല്ലാം മറ്റുള്ളവർക്ക് ഡെലിഗേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണെന്നാണ്. എന്നാൽ തനിക്കു വേണ്ടത് അതു പോലെ എല്ലാം സ്വയം ചെയ്യാതെ ഡെലിഗേറ്റ് ചെയ്തു മറ്റുള്ളവരെ കൂടെ കൊണ്ടുപോകാൻ കഴിവുള്ള ഒരാളാണെന്ന് അച്ഛനെക്കുറിച്ചു എഴുതിയ റിപ്പോർട്ട് വായിച്ച എം.കെ.കെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ വേറിട്ടുള്ള ചിന്താശൈലിയിലേക്കു ഈ ഉദാഹരണം വെളിച്ചം വീശുന്നു.

ഒരു വ്യാഴവട്ടക്കാലം പരസഹസ്രകോടികൾ കൈകാര്യം ചെയ്തു എഫ് എ സി ടിയുടെ യുടെ കീർത്തി അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തിയ എം.കെ.കെ.യെ ഒരു ദശാബ്ദത്തിലേറെയായി വേട്ടയാടിയാതു ഒടുവിൽ 3,000 രൂപയിൽ മാത്രം ഒതുങ്ങിയ ഒരു സിബിഐ കേസായിരുന്നു. ഏതാണ്ട് 1970-ൽ തുടങ്ങിയ കേസിൽ CBI-യുടെ വാദങ്ങൾ പൂർത്തിയാക്കാൻ തന്നെ അവർ പത്തു വർഷത്തോളം വെച്ചു നീട്ടി. 1978-ൽ വിരമിക്കേണ്ടിയിരുന്ന എം.കെ.കെ. യാതൊരു കാരണവശാലും സർവീസിൽ തിരിച്ചു വരരുത് എന്ന ദുരുദ്ദേശ്യം അങ്ങനെ ഫലം കണ്ടു. 1983-ലെ തന്റെ വിധിയിൽ ജസ്റ്റിസ് എലിസബത്ത് മത്തായി ഇടിക്കുള സി ബി ഐയെ നിശിതമായി വിമർശിച്ചു. ഈ വിധിയിലും 1984-ലെ മറ്റൊരു കേസിലുള്ള ജസ്റ്റിസ് വി. കെ. ഭാസ്കരന്റെ വിധിയിലും സിബിഐ രേഖകൾ കെട്ടിച്ചമച്ചതിനെയും കേസിന് സാരവും നിർണായകവും ആയ വിവരങ്ങൾ മറച്ചുവെച്ചതിനെതിരെയും അതിശക്തമായ ഭാഷയിൽ അവരുടെ വിമർശനം രേഖപ്പെടുത്തി. സാമാന്യ ഗതിയിൽ, കാബിനറ്റ് സെക്രട്ടറി ആയി വിരമിക്കേണ്ടിയിരുന്ന ഒരു പ്രഗത്ഭനായ ഉദ്യോഗസ്ഥനെ ശത്രുക്കളും അസൂയാലുക്കളും കഴിവുകെട്ടവരും നിന്ദ്യരുമായ ചില ചെറിയ മനുഷ്യർ മാത്രം വിചാരിച്ചാൽ നമ്മുടെ വ്യവസ്ഥയിൽ എങ്ങനെ അനായാസം താഴെ ഇറക്കാം എന്ന് ആ കേസ് നമ്മളെ കാണിച്ചു തന്നു. പക്ഷേ അദ്ദേഹം അത് കൊണ്ടൊന്നും പതറിയില്ല. കേസ് നടക്കുന്ന കാലത്ത് എറണാകുളത്തെ വസതിയിൽ കാണുമ്പോളൊക്കെ അതി സന്തോഷവാനും എന്റെ പഠിത്തത്തെക്കുറിച്ചും ഞാൻ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും എപ്പോഴും അന്വേഷിച്ചിരുന്ന എം.കെ.കെ. യെ ആണ് ഓർമ്മ വരുന്നത്.
കേസ് ജയിച്ചതിനു ശേഷവും മുൻകാല പ്രാബല്യത്തോടെ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുവാൻ ശത്രുക്കൾ പരിശ്രമിച്ചു. അത് ഫലവും കണ്ടു. എന്നിട്ടും അദ്ദേഹം കുലുങ്ങിയില്ല. അതിമാരകമായ ഒരു കാറപകടത്തിൽനിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. എന്നാൽ അപകടത്തെ തുടർന്ന് മാസങ്ങളോളം നീണ്ട ആശുപത്രി വാസം. പക്ഷേ, അതിനും അദ്ദേഹത്തിന്റെ ചിരിയെയോ ഉത്സാഹത്തിനെയോ ഒട്ടും മങ്ങലേൽപ്പിക്കു വാൻ കഴിഞ്ഞില്ല. താൻ തന്നെ പാല് കൊടുത്തു വളർത്തിയ ഒരു ഭിഷഗ്വരൻ കുഴിച്ച കുഴിയിൽ മകന്റെ പേരിൽ ഒരു മാർക്ക് ലിസ്റ്റ് കേസ്. സ്വയം രക്ഷപ്പെടണമെങ്കിൽ സ്വന്തം മകനെ ഒറ്റികൊടുക്കണമെന്നു ആരും ആഗ്രഹിക്കാത്ത ഒരു ധർമ്മസങ്കടത്തിൽപെട്ട അച്ഛന്റെ അവസ്ഥ. എന്റെ അച്ഛന്റെ വാക്കുകളിൽ ആ കേസ് ആയിരുന്നു അദ്ദേഹത്തെ വല്ലാതെ തളർത്തിയത്. പക്ഷേ, ആ വിഷമങ്ങളൊന്നും മുഖത്തു പ്രതിഫലിക്കാത്ത രീതിയിൽ അദ്ദേഹം തരണം ചെയ്തു.
ഒടുവിൽ അടിയറവു പറയേണ്ടി വന്നതു പാൻക്രിയാസിനെ ബാധിച്ച കാൻസറും അതുമൂലം വന്നുചേർന്ന obstructive jaundice എന്ന മഹാവ്യാധിയുമാണ്. അതിലും വേദനാജനകമായ വേറൊരു അസുഖമില്ലെന്നു പറയപ്പെടുന്നു. ഞാൻ എന്റെ അച്ഛന്റെ കൂടെ ഏറ്റവും ഒടുവിൽ കാണുമ്പോൾ മെലിഞ്ഞു ശോഷിച്ചു വളരെ അവശനായിരുന്നു. മുഖത്തെ പുഞ്ചിരി ഇല്ല. ഞാൻ അദ്ദേഹത്തെ അങ്ങനെ കാണേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം തന്നെ ആഗ്രഹിച്ച പോലെ തോന്നി.

എന്തൊക്കെയാണ് അദ്ദേഹത്തെ കുറിച്ചുള്ള മായാത്ത ചിത്രങ്ങൾ, മറ്റ് അറിവുകൾ? മദിരാശിയിൽ പഠിക്കുന്ന കാലത്തു 1940-ൽ ഇറങ്ങിയ 'ജ്ഞാനാംബിക' എന്ന സിനിമയിൽ ചില നിമിഷങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ മകളെ വിവാഹം ചെയ്തുകൊടുക്കുവാൻ വിസമ്മതിച്ച അമ്മാവനെ ധിക്കരിച്ചു സൗദാമിനിയെ വിളിച്ചിറക്കികൊണ്ടു പോയ ധൈര്യശാലി. ദൂരെ ഭിലായിയിൽ ജോലി ചെയ്യുമ്പോഴും മലയാളികൾക്ക് അവസരം ഉണ്ടാക്കികൊടുത്ത ദേശസ്നേഹി. എഫ് എ സി ടിയുടെ കർമ്മമണ്ഡലത്തിൽ ഒതുങ്ങാതെ കലാ കായിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ പ്രഗത്ഭനായ വ്യക്തിത്വത്തിന്റെ ഉടമ. കഥകളി വേഷങ്ങൾ വിദേശികളായ അതിഥികൾക്ക് കാണിച്ചു വിവരിക്കുന്ന എം.കെ.കെ. തന്റെ ബുദ്ധിമുട്ടുകളുടെ മൂർദ്ധന്യത്തിലും ജോലി തേടിയും മറ്റു നാനാവിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടിയും വരുന്നവരെ പുഞ്ചിരിയോടെ സൽക്കരിച്ചിരുത്തി പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കി പരിഹരിക്കുന്ന എം.കെ.കെ. (എറണാകുളത്തുള്ള വീട്ടിൽ ഞാനും ഇരിക്കുമ്പോഴാണ് എം.ബി.ബി.എസ്. കഴിഞ്ഞ അറുപതുകളിലെ പ്രഗത്ഭ ബാഡ്മിന്റൺ കളിക്കാരി തനിക്കും തന്റെ ഭർത്താവിനും എം.ഡി. അഡ്മിഷന് വേണ്ടി എം.കെ.കെ. യെ സമീപിക്കുന്നത്.) ശബരിമല സന്നിധാനത്തിൽ ശയന പ്രദക്ഷിണം ചെയ്യുന്ന എം.കെ.കെ. എന്നെ എപ്പോഴും ചെസ്സിൽ തോൽപ്പിച്ചിരുന്ന എം.കെ.കെ. സംഗീതവും കഥകളിയും ആഴത്തിൽ ആസ്വദിച്ചിരുന്ന് അവയുടെ സങ്കീർണമായ ഉൾക്കാഴ്ചകൾ പങ്കുവെയ്ക്കുന്ന എം.കെ.കെ. സംഭവകഥകളുടെ കലവറ ആയിരുന്ന എം.കെ.കെ. ജെ.ആർ.ഡി. ടാറ്റ തുടങ്ങി ഏതൊരു വ്യവസായ പ്രമുഖനുമായും ഒപ്പത്തിനൊപ്പം ആത്മവിശ്വാസത്തോടെ ഇടപഴകുന്ന എം.കെ.കെ. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള എന്റെ അനിയൻ വരച്ച അദ്ദേഹത്തിന്റെ ഛായാ ചിത്രം, അതിൽ വലിയ ഒരു കുടവയറും അതിന്റെ അറ്റത്തു ചെറിയ ഒരു തലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് കണ്ടാസ്വദിച്ചു, ഫ്രെയിം ചെയ്തു തന്റെ കിടപ്പറയ്ക്കുള്ളിൽ തൂക്കിയ വലിയ ഹൃദയമുള്ള മനുഷ്യൻ. ഒരിക്കൽ അദ്ദേഹം വീട്ടിൽ വന്നപ്പോൾ അനിയന്റെ പരീക്ഷ അടുത്തിരുന്നു. പാഠപുസ്തകം കാണാനില്ല എന്നതായിരുന്നു വീട്ടിലെ പ്രശ്നം. അത് ഏതെങ്കിലും പാവപ്പെട്ട സഹപാഠിക്ക് കൊടുത്തതായിരിക്കും എന്ന് പറഞ്ഞു അനിയന് വേണ്ടി വാദിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയായ എം.കെ.കെ. അങ്ങനെ എത്ര എത്ര ...

ചെറുപ്പത്തിൽ വളരെ പരുക്കാനായിരുന്ന എന്റെ അച്ഛനെ ഒരു പൂർണതയുള്ള മനുഷ്യനും നാനാവിധത്തിലുള്ള അഭിരുചികളും വളർത്തിയത് എം.കെ.കെ. ആയിരുന്നു എന്ന് എന്റെ അമ്മ വിശ്വസിച്ചിരുന്നു. അച്ഛൻ എപ്പോഴും നേതൃത്വഗുണത്തിന്റെ ഉദാഹരണമായി പറയുവാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഉദ്ധരണിയാണ് അമേരിക്കൻ ഉരുക്കുവ്യവസായത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ആൻഡ്രൂ കാർണഗിയുടെ സ്മാരകക്കുറിപ്പ്. അതിൽ എന്തെഴുതണം എന്ന് അദ്ദേഹത്തോട് മുൻകൂട്ടി ചോദിച്ചപ്പോൾ അദ്ദേഹം ഉടൻ മറുപടി പറഞ്ഞു: "Here lies the man who was able to surround himself with men far cleverer than himself." ഈ വാക്കുകൾ എം.കെ.കെ. യുടെ കാര്യത്തിൽ എത്ര അന്വർത്ഥമാണ്.
തന്റെ കീഴിൽ നാനാ മേഖലകളിൽ നിന്നുമുള്ള എത്രയോ പ്രഗത്ഭരാണ് ജോലി ചെയ്തത്: കഥകളി ആചാര്യന്മാരായിരുന്ന കുടമാളൂർ കരുണാകരൻ നായരും കലാമണ്ഡലം കരുണാകരനും, കഥകളി പാട്ടുകാരായ ഹൈദരാലിയും ശങ്കരൻ എമ്പ്രാന്തിരിയും, ചെണ്ട വിദ്വാനായിരുന്ന കലാമണ്ഡലം കേശവൻ, അവർ പരിശീലിപ്പിച്ചെടുത്ത ഫാക്ട് മോഹനൻ, പദ്മനാഭൻ, ജയദേവ വർമ്മ, ഭാസ്കരൻ. ഇന്ത്യൻ ക്രിക്കറ്റിൽ 16-അംഗ ടീമിൽ ആദ്യമായി സ്ഥാനം പിടിച്ച മലയാളി ബാലൻ പണ്ഡിറ്റ്, പ്രശസ്ത കലാകാരനായ എം.വി. ദേവൻ, കഥയുടെ കുലപതി ടി. പത്മനാഭൻ, അമ്പലമേട് ഹൗസിന്റെ നിർമ്മാണത്തിന് വേണ്ടി വിളിച്ചു വരുത്തിയ പിന്നീട് വളരെ പ്രശസ്തനായിത്തീർന്ന ചാൾസ് കൊറിയ. ഡൂൺ സ്കൂളിൽ നിന്നുമുള്ള അധ്യാപകർ. പത്തു വർഷം കേരള ടേബിൾ ടെന്നീസ് ചാമ്പ്യൻ ആയിരുന്ന എസ്. രാമാനുജൻ, വോളിബോൾ താരം ടി. ഡി. ജോസഫ് (പപ്പൻ), ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് (ഫുട്ബോൾ), വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ നീന്തൽ കോച്ചായ കേശവൻ നായർ, നോറീൻ പാദുവ, ജെസ്സി ഫിലിപ്പ് തുടങ്ങി കണക്കിലൊതുങ്ങാത്ത അനവധി ബാഡ്മിന്റൺ താരങ്ങൾക്ക് ജന്മം നൽകിയഅടിസ്ഥാന സൗകര്യങ്ങളും കോച്ചുകളും, അങ്ങനെ പോകുന്നു...

ഇതിനൊന്നും തിരിച്ചു ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല എം.കെ.കെ. യുടെ ചെയ്തികൾ. അതുകൊണ്ടു തന്നെയാണല്ലോ അച്ഛനെപ്പോലുള്ളവർ ഉപദേശിച്ചിട്ടുകൂടി തന്റെ ഔദ്യോഗികജീവിതത്തിന് ഹാനികരമെന്ന് അറിഞ്ഞിട്ടുകൂടി തിരിച്ചു ഡൽഹിയിലേക്ക് പോകാതെ 12 വർഷം കേരളത്തിൽ എഫ് എ സി ടിയിൽ സേവനം അനുഷ്ഠിച്ചത്. പൊതുമേഖലയിൽ അടിയുറച്ച വിശ്വാസം പുലർത്തിയിരുന്നതു കൊണ്ടുമാണ് ടാറ്റ കെമിക്കൽസ് തുടങ്ങി പല പ്രശസ്ത സ്വകാര്യ സ്ഥാപങ്ങളിൽ നിന്നുമുള്ള ക്ഷണം നിരസിച്ചതും.
കഥകളിക്ക് വേണ്ടി വള്ളത്തോൾ 20-ആം നൂറ്റാണ്ടിന്റെ ആദ്യ കാലതത് എത്രത്തോളം സംഭാവന ചെയ്തുവോ അത്രത്തോളം തന്നെ അല്ലെങ്കിൽ ഒരു പക്ഷേ അതിലും കൂടുതൽ എം.കെ.കെ. പിന്നീടുള്ള ദശകങ്ങളിൽ ചെയ്തിരുന്നു എന്ന് എന്റെ അച്ഛൻ വിശ്വസിച്ചിരുന്നു. പ്രശസ്തി മാത്രമല്ല, അതിലുമുപരി ആത്മാഭിമാനം നേടിക്കൊടുത്തതും എം.കെ.കെ. ആയിരുന്നു. ഡോക്ടറും കഥകളി ഭ്രാന്തനുമായിരുന്ന എന്റെ അപ്പൂപ്പൻ മുഖേന പല കഥകളി ആചാര്യന്മാരെയും നേരിട്ട് അറിയാമായിരുന്ന അച്ഛൻ, ആളറിഞ്ഞേ സഹായിക്കാവൂ എന്ന് എം.കെ.കെ. യെ ഉപദേശിച്ചിരുന്നു. അതൊന്നും എം.കെ.കെ. ചെവിക്കൊണ്ടില്ല. അതുകൊണ്ട് തന്നെ, തന്നെ ലോകപ്രശസ്തിയിലേക്കു ഉയർത്തുവാൻ ഏറ്റവും കൂടുതൽ അഹോരാത്രം പ്രയത്നിച്ച എം.കെ.കെ. യുടെ നിര്യാണ സമയത്തു തിരുവനന്തപുരത്തു ഉണ്ടായിരുന്നിട്ട് കൂടി മൃതദേഹം കാണുവാൻ പോലും കൂട്ടാക്കാതിരുന്ന ഒരു കഥകളി ആചാര്യനെക്കുറിച്ച് അച്ഛന് ഒട്ടും തന്നെ അദ്ഭുതം തോന്നിയില്ല.
എം.കെ.കെ. വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു വി.കെ.കൃഷ്ണ മേനോൻ അദ്ദേഹം 1974-ൽ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് എം.കെ.കെ. ഡൽഹിയിലുള്ള വസതിയിൽ ചെന്ന് അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അതിനെപ്പറ്റി "ആരോടും പരിഭവമില്ലാതെ" എന്ന തന്റെ ആത്മകഥയിൽ എം.കെ.കെ. എഴുതിയിട്ടുണ്ട്. എം.കെ.കെ. യുടെ കേസുകളെപ്പറ്റി അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. എം.കെ.കെ. യുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൃഷ്ണമേനോൻ പറഞ്ഞു: "‘From the time of Ramayana, our country’s tradition has been to reject the most faithful." ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ അടിത്തറ പാകിയ കൃഷ്ണമേനോന് വന്നു ചേർന്ന ദുര്യോഗം ഓർത്താൽ മാത്രം മതി ആ വാക്കുകൾ എത്ര അർത്ഥവത്താണെന്ന്.
എം.കെ.കെ. യുടെ ആത്മാവ് എവിടെയാണെങ്കിലും അത് സന്തുഷ്ടമാണ്. പറ്റുമെങ്കിൽ അവസരങ്ങളിൽ തന്നെ സന്തോഷിപ്പിച്ചവരെയും ദുഃഖിപ്പിച്ചവരെയും നോക്കി, യാതൊരു പരിഭവവുമില്ലാതെ, ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും, കഴിഞ്ഞകാലങ്ങൾ ഓർത്ത് ഊറിയൂറി ചിരിക്കുന്നുണ്ടാകും, അഹഹഹ...
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!