പ്രസവിക്കുന്നതിന് 10 മിനിറ്റ് മുൻപ് വരെ താൻ ഗർഭിണിയാണ് എന്ന് അറിയാതെ പോയി ഈ സ്ത്രീ. ഓസ്ട്രേലിയക്കാരിയായ ഈ പെൺകുട്ടി പ്രശസ്തയായ മോഡൽ കൂടിയാണ്.
ഈ കഴിഞ്ഞ നവംബർ മൂന്നാം തീയതി 23 വയസുള്ള ഓസ്ട്രേലിയൻ മോഡൽ എറിൻ ലാങ്മെയ്ഡ് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. പക്ഷെ കഥയിലെ ട്വിസ്റ്റ് അതല്ല, അവർ ഗർഭിണിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഗർഭത്തിന്റേതായ അസ്വസ്ഥകളോ, ക്ഷീണമോ, മറ്റ് ശാരീരിക മാറ്റങ്ങളോ എറിന് ഉണ്ടായിരുന്നില്ല. ഗർഭം ധരിക്കാതിരിക്കാനുള്ള ഗുളികകൾ എറിൻ കഴിക്കുന്നുമുണ്ടായിരുന്നു.
"പ്രസവിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് അവൾക്ക് അസ്വസ്ഥത തോന്നി. പത്ത് മിനിറ്റിന് ശേഷം ദാ അവളുടെ കയ്യിൽ 3.5 കിലോഗ്രാം ഭാരമുള്ള ഒരു പെൺകുഞ്ഞ്. ഇസ്ല എന്നാണ് കുഞ്ഞിന് പേരിട്ടത്," എറിന്റെ ബോയ്ഫ്രണ്ട് ഡാൻ കാർട്ട് പറഞ്ഞു. എറിൻ കുളിമുറിയിൽ നിലവിളിക്കുന്നത് കേട്ടിട്ടാണ് അയാൾ ഓടിച്ചെന്നത്, പക്ഷെ അപ്പോഴേയ്ക്കും എറിന്റെ കൈകളിൽ ഒരു കുഞ്ഞുണ്ടായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 20,000 ത്തിലധികം ഫോളോവേഴ്സുള്ള എറിൻ ഈ കാലയളവിൽ ഒട്ടേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൊന്നും ഗർഭത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. എറിന്റെ ഇൻസ്റ്റാഗ്രാമിൽ നിറയെ ഇപ്പോൾ കുഞ്ഞിന്റെ ചിത്രമാണ്. ഹെൽത്ത് ഡോട്ട് കോം നൽകുന്ന വിശദീകരണം അനുസരിച്ച് എറിന് ഉണ്ടായത് "ക്രിപ്റ്റിക് പ്രെഗ്നൻസി" ആണ്.
ക്രിപ്റ്റിക് ഗർഭാവസ്ഥയുടെ പ്രധാന പ്രശ്നം പ്രസവത്തിന് മുൻപ് കുഞ്ഞിന് കിട്ടേണ്ട പരിചരണത്തിന്റെ അഭാവമാണ്. അത് കുഞ്ഞിന് പിന്നീട് ദോഷം ചെയ്യും. അത് ഒരു വ്യക്തിക്ക് രക്ഷാകർതൃത്വത്തിനായി തയ്യാറാവാനുള്ള സാവകാശവും കൊടുക്കുന്നില്ലെന്നും സൈറ്റ് പറയുന്നു.