മോഹൻ ബഗാനും ഈസ്റ്റ്ബംഗാളും ഐഎസ്എല്ലിലേക്ക്? തിരിച്ചടിയാവുക എറ്റികെയ്ക്ക്
കടുത്ത ആരാധക പിന്തുണയുള്ള ക്ലബ്ബുകളാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും. രാജ്യത്തെമ്പാടും ഐഎസ്എൽ ഏറ്റവും ജനപിന്തുണയുള്ള ലീഗാവുമ്പോഴും കൊൽക്കത്തയിലെ സ്റ്റേഡിയം നിറയുന്നത് മോഹൻ ബഗാൻ - ഈസ്റ്റ് ബംഗാൾ മത്സരങ്ങളിലാണ്.
കൊൽക്കത്ത ഫുടബോളിലെ ഭീമന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാനുള്ള സാധ്യതതേടുന്നു. ഇതിന്റെ ഭാഗമായി ഇരു ക്ലബ്ബുകളുടെയും മാനേജ്മെന്റ് ഫുടബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി (എഫ്എസ്ഡിഎൽ) ചർച്ച നടത്തിയതായി ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നു. ഐഎസ്എല്ലിന്റെ സംഘാടകരാണ് എഫ്എസ്ഡിഎൽ.
ഏതാകും പ്രഥമ ലീഗ് ?
എഐഎഫ്എഫിന്റെ കൂടി അറിവോടെയാണ് ഐഎംജി റിലയൻസിന്റെ കീഴിലുള്ള എഫ്എസ്ഡിഎല്ലുമായി ഇരു ക്ലബ്ബുകളും ചർച്ച നടത്തിയത്. നിലവിൽ ഐ ലീഗിൽ മത്സരിക്കുന്ന ഇരു ക്ലബ്ബുകളും വരുന്ന സീസണോടെ ഐഎസ്എല്ലിലേക്ക് ചേക്കേറാനാണ് ആലോചിക്കുന്നത്. നേരത്തെ ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷൻ നേരിട്ട് നടത്തുന്ന ഐ ലീഗിനെ രാജ്യത്തെ പ്രഥമ ലീഗായി പരിഗണിക്കണം എന്ന് ആവിശ്യപ്പെട്ടിരുന്നവരാണ് ഇരുവരും.
ഐ ലീഗിനോടുള്ള എഐഎഫ്എഫിന്റെ സമീപനത്തിൽ ഇരുവരും നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരൊറ്റ രാജ്യം ഒരൊറ്റ ലീഗ് എന്നതായിരുന്നു ഐ ലീഗ് ക്ലബ്ബുകൾ ഉയർത്തിയ പ്രധാന ആവശ്യം. കാലാകാലങ്ങളായി എഐഎഫ്എഫ് നേരിട്ട് നടത്തുന്ന ഐ ലീഗിനെ സ്വകാര്യ ലീഗിന് വേണ്ടി അട്ടിമറിക്കുകയാണ് എന്ന പരാതിയുമുണ്ടായി. എഐഎഫ്എഫ് നടത്തിയിരുന്ന ഫെഡറേഷൻ കപ്പ് കഴിഞ്ഞ രണ്ട് വർഷങ്ങളായി നടന്നിരുന്നില്ല. ഇതിന് പകരമായാണ് 2018ൽ ഇരു ലീഗുകളിലെയും ടീമുകളെ മത്സരിപ്പിക്കുന്ന സൂപ്പർ കപ്പ് ആരംഭിച്ചത്. എന്നാൽ ആറ് ഐ ലീഗ് ക്ലബ്ബുകൾ സംയുക്തമായി 2019ലെ സൂപ്പർകപ്പ് ബഹിഷ്കരിച്ചു.
ഇതിനിടയിലാണ് കൊൽക്കത്ത ഫുട്ബോളിലെ വമ്പന്മാർ ലീഗ് മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്. ഐ ലീഗിന്റെ വരുമാനത്തിൽ ഉള്ള നഷ്ടവും ഐഎസ്എൽ ക്ലബ്ബുകൾക്ക് ലഭിക്കുന്ന ദൃശ്യതയും ഇതിന് കാരണമായി എന്നുവേണം കരുതാൻ. എന്നാൽ ഐഎസ്എല്ലിൽ പ്രവേശിക്കാനുള്ള ഭീമൻ ഫീസ് തുകയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഐ ലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് ചേക്കേറിയ ഒരേയൊരു ക്ലബ് നിലവിൽ ബെംഗളൂരു എഫ്സി മാത്രമാണ്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും എത്തുകയാണ് എങ്കിൽ ഇന്ത്യയിലെ പ്രഥമ ലീഗാക്കി ഐഎസ്എല്ലിനെ മാറ്റുന്ന കാര്യം എളുപ്പമാകും.
തിരിച്ചടി എറ്റികെയ്ക്കോ ?
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മാതൃകയിൽ പ്രാദേശികമായി തരംതിരിച്ചാണ് ഐഎസ്എൽ ക്ലബ്ബുകളെ ഉണ്ടാക്കിയത്. രണ്ടുതവണ ചാമ്പ്യന്മാരായ എറ്റികെ കൊൽക്കത്തയെ പ്രതിനിധീകരിക്കുന്ന ക്ലബാണ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐഎസ്എല്ലിലേക്ക് വരികയാണെങ്കിൽ ഏറ്റവും തിരിച്ചടി നേരിടുക എറ്റികെയാവും.
ഇരുവരും ഐഎസ്എല്ലിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്ത് നിന്ന് മൂന്ന് ക്ലബ്ബുകളാവും. കടുത്ത ആരാധക പിന്തുണയുള്ള ക്ലബ്ബുകളാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും. രാജ്യത്തെമ്പാടും ഐഎസ്എൽ ഏറ്റവും ജനപിന്തുണയുള്ള ലീഗാവുമ്പോഴും കൊൽക്കത്തയിലെ സ്റ്റേഡിയം നിറയുന്നത് മോഹൻ ബഗാൻ - ഈസ്റ്റ് ബംഗാൾ മത്സരങ്ങളിലാണ്. എറ്റികെയുടെ ആരാധകർ വരെ രണ്ടായി പിരിയുന്നതിലേക്കും എറ്റികെയ്ക്ക് സാമ്പത്തിക നഷ്ടം വരുന്നതിലേക്കും കാര്യങ്ങളെത്തിയേക്കും.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ലീഗിലേക്ക് എത്തുന്നതിനോട് എറ്റികെയുടെ നിലപാട് നിർണായകമാകും. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് എറ്റികെ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!