നിയമലംഘനം: ജനുവരി മുതല്‍ ഏഴ് ദിവസത്തിനുളളില്‍ പിഴ അടക്കണം, വാഹനങ്ങള്‍ക്ക് റോഡില്‍ പിടിവീഴും
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ട്രാഫിക് നിയമലംഘിച്ച വാഹനത്തിന് പിഴ അടക്കാന്‍ നോട്ടീസ് ലഭിച്ചിട്ടും അടക്കാതെ മുങ്ങിനടക്കുകയാണോ, എന്നാല്‍ ഇനി അധികനാള്‍ പിഴയടക്കാതെ മുന്നോട്ട് പോകാനാകില്ല. ജനുവരി മുതല്‍ ഏഴ് ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ രാജ്യത്ത് എവിടെ വെച്ചും വാഹനങ്ങള്‍ക്ക് പിടിവീഴും.
നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാതെ നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെയും 10 മീറ്റര്‍ പരിധിയില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കും. പിടിയിലാകുന്നവര്‍ ഇ ചെലാന്‍ വഴി ഓണ്‍ലൈനില്‍ പിഴയടച്ചാല്‍ മാത്രമായിരിയ്ക്കും തുടര്‍ന്നുളള യാത്ര അനുവദിക്കുന്നത്.
വാഹനപരിശോധനയ്ക്കിടെ തന്നെ നിയമലംഘനങ്ങള്‍ക്കുളള പിഴ നേരിട്ടോ, ഓഫിസില്‍ എത്തിയോ, കോടതി മുഖേനയോ ആണ് സാധാരണ അടക്കാറുളളത്. ഇതിന് പുറമെ ഇപ്പോള്‍ ഓണ്‍ലൈനില്‍ പിഴ അടയ്ക്കുന്നതിനുളള സംവിധാനമാണ് നിലവില്‍ വരുന്നത്. പിഴയുമായി ബന്ധപ്പെട്ട് പരാതിയുളളവര്‍ ഏഴ് ദിവസത്തിനുളളില്‍ കോടതിയെ സമീപിക്കണം. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഇത് നടപ്പാക്കി കഴിഞ്ഞു. ജനുവരിയില്‍ കേരളത്തിലും ഇത് സജ്ജമാകും.
ടോള്‍പ്ലാസ കടക്കാനുളള ഫാസ്ടാഗ്, ജിപിഎസ്, കേന്ദ്രസര്‍ക്കാരിന്റെ വാഹന്‍ സാരഥി എന്നി സോഫ്റ്റ്വെയറുകള് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. വാഹന്സാരഥിയില് വാഹനത്തിന്റെ വിവരങ്ങള്‍ ചേര്‍ക്കുന്നത് ഈ മാസത്തോടെ പൂര്‍ത്തിയാകും. ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ ചുമത്തുന്നത് മുതല്‍ പിഴ അടക്കുന്നത് വരെയുളള വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ആകുന്ന തരത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുളളത്.