സാധാരണ മനുഷ്യരുടെ അസാധാരണ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദ്യമായ കഥകളാണ് വിവിധ സ്രോതസ്സുകളില്‍ നിന്നായി ഈ പരമ്പരയില്‍ പുനരാഖ്യാനം ചെയ്യുന്നത്. സൂഫി-സെന്‍ കഥാപാരമ്പര്യങ്ങളെ അപേക്ഷിച്ച് ആധുനിക പരിതഃസ്ഥിതികളില്‍ നിന്നുള്ള വിവേകാദായകമായ അനുഭവങ്ങളും കഥകളും ആണിവ. മലേഷ്യയിലെ കണ്‍സ്യൂമര്‍ അസോസിയേഷന് ഓഫ് പെനാങ് പ്രസിദ്ധീകരിച്ച 'ലവ് സ്റ്റോറീസ് ഓഫ് എ ഡിഫറന്റ് കൈന്‍ഡ് ' എന്ന പുസ്തകത്തോട് കടപ്പാട്. പുനരാഖ്യാനം: എം നൗഷാദ്. ചിത്രീകരണം: അനസുല്‍

'റഷ്യക്കാര്‍ ഭയങ്കര ക്രൂരന്മാരാണ്, നേരോ നെറിയോ തീണ്ടാത്തവര്, എന്തും ചെയ്തുകളയുന്നവര്, വൃത്തികെട്ട വര്‍ഗം, പൊതുവെ പറഞ്ഞാല്‍ പിശാചുക്കള്‍. ലോകത്തിലെ മിക്കവാറും കുഴപ്പങ്ങള്‍ക്കും കാരണം അവരാണ്. അവര്‍ ഒരിക്കലും നമ്മെപ്പോലെയല്ല...'
ഇതായിരുന്നു ശീതയുദ്ധകാലത്ത് അമേരിക്കന്‍ മാധ്യമങ്ങളും ഭരണകൂടവും റഷ്യക്കാരെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരുന്നതിന്റെ ആകെത്തുക. വാര്‍ത്തകളും ചിത്രങ്ങളും മറ്റുവിവരണങ്ങളും ഇപ്പറഞ്ഞതിനെ നിരന്തരം ഉറപ്പിച്ചുകൊണ്ടിരുന്നു. എല്ലാ കാലത്തും പലരൂപത്തില്‍ സംഭവിക്കാറുള്ള കാര്യം തന്നെ. ദേശീയതയുടെയോ വംശീയതയുടെയോ മതവിശ്വാസത്തിന്റെയോ ഒക്കെ പേരില്‍ ഒരുപറ്റം മനുഷ്യര്‍ മറ്റൊരു വിഭാഗം മനുഷ്യരോട് പുലര്‍ത്തിപ്പോരുന്ന മുന്‍വിധികളുടെയും അപരഭീതികളുടെയും തികഞ്ഞ ഉദാഹരണം. എന്നാലും, എല്ലാ മുന്‍വിധികളുടെയും കെട്ടുപൊട്ടിച്ച്, ഇരുമ്പുമറകള്‍ ഭേദിച്ച്, സത്യം പലപ്പോഴും പുറത്തുകടക്കുന്നു. കെട്ടിപ്പൊക്കിയ സംശയങ്ങളുടെയും ശത്രുതകളുടെയും വ്യാജനിര്മിതിക്കപ്പുറം നമ്മളെല്ലാം ഈ ഭൂമിയിലെ സഹയാത്രികരാണ് എന്ന സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യര്‍ എന്ന വേദനയില്‍ നാമെല്ലാം ഒറ്റക്കാണ് എന്ന സത്യം.
നിക്കോളായ് പെസ്ത്രെസ്തോവ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇതെല്ലാം ആലോചിക്കാന്‍ കാരണം. എനിക്കയാളെക്കുറിച്ച് അധികമൊന്നും അറിയില്ല. അയാളിപ്പോള്‍ എവിടെയാണ് എന്നുപോലും അറിയില്ല. അറിയുന്ന കാര്യങ്ങള്‍ പറയാം.
റഷ്യന്‍ സൈന്യത്തില്‍ സര്‍ജന്റ് മേജറായിരുന്നു നിക്കോളായ് പെസ്ത്രെസ്തോവ്. വയസ്സ് 36. ഈ സംഭവം നടക്കുമ്പോള്‍ സ്വദേശത്ത് നിന്നും വളരെ ദൂരെ അങ്കോളയിലായിരുന്നു അയാള്‍ക്ക് ജോലി. അയാളുടെ ഭാര്യ ഗലീന അക്കാലത്തൊരിക്കല്‍ നിക്കോളായിയെ കാണാന്‍ അങ്കോളയിലെത്തി.
പലതരം രാഷ്ട്രീയ സന്ദിഗ്ധതകളിലൂടെ കടന്നുപോവുകയായിരുന്നു അങ്കോള. അവിടെ രാഷ്ട്രീയാഭയം തേടിയിരുന്ന ബ്ളാക്ക് നാഷണലിസ്റ് ഗറില്ലകളെ തുരത്താന്‍ അങ്കോളയില്‍ കയറിയ ദക്ഷിണാഫ്രിക്കന്‍ സൈന്യം എന്ഗിവ ഗ്രാമത്തില്‍ ഒരു സൈനികനടപടി ആരംഭിച്ചു. റഷ്യന്‍ സൈന്യവും ആ ഏറ്റുമുട്ടലിന്റെ ഭാഗമായി.
രൂക്ഷമായ സൈനിക ഓപ്പറേഷനില്‍ റഷ്യക്കാരുടെ ഭാഗത്ത്, ഗലീന ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ഒരാള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. സര്‍ജന്റ് മേജര്‍ നിക്കോളായ് ആയിരുന്നു അത്. അദ്ദേഹം പിടിക്കപ്പെട്ടതിനെ ക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ സൈനിക സന്ദേശം ഇങ്ങനെ പ്രസ്താവിച്ചു. 'സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട തന്റെ ഭാര്യയുടെ മൃതദേഹത്തിനടുത്തുനിന്ന് മാറാന്‍ കൂട്ടാക്കാതിരുന്നതുകാരണം സെര്‍ജന്റ് മേജര്‍ നിക്കോളായ് പെസ്ത്രെസ്തോവ് പിടിയിലകപ്പെട്ടു.' ആ സന്ദേശം എഴുതിയ സൈനികഉദ്യോഗസ്ഥന്‍ അതില്‍ അവിശ്വസനീയത തോന്നിയതുകൊണ്ടാണോ ആവോ അയാള്‍ അക്കാര്യം വീണ്ടും ഊന്നിപ്പറഞ്ഞു: 'ആ സ്ത്രീ മരിച്ചു എന്നുറപ്പായിരുന്നിട്ടും നിക്കോളായ് അവിടേക്ക് പോവുകയും മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുമ്പോളും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു'.

എന്തൊരു വിചിത്രമായ കാര്യമാണ്! അയാള്‍ക്ക് തന്റെ സഹപ്രവര്‍ത്തകരുടെ കൂടെ ഓടി രക്ഷപ്പെടുകയും സ്വതന്ത്രനാവുകയും ചെയ്യാമായിരുന്നു. ഒരു വിദേശ രാഷ്ട്രത്തില്‍ അവരോട് സൗഹൃദത്തിലല്ലാത്ത മറ്റൊരു രാജ്യത്തിന്റെ സേനയാല്‍ പിടികൂടപ്പെടുകയും തടവിലകപ്പെടുകയും ചെയ്യുക എന്നതിലെ നയതന്ത്രസങ്കീര്ണതകള് ഒരു മുതിര്‍ന്ന പട്ടാളക്കാരന് അറിയാതെ പോകില്ലല്ലോ. എന്നിട്ടുമെന്തിനാണ് വെടിവെപ്പിനുശേഷമുള്ള അനിശ്ചിതത്വത്തിനിടയിലൂടെ അയാള്‍ തന്റെ ഭാര്യയുടെ ചേതനയറ്റ ശരീരത്തിനടുത്തേക്ക് ചെന്നത്? പിടികൂടപ്പെടും എന്ന് പൂര്‍ണമായും ഉറപ്പായിരിക്കെ എന്തിനയാള്‍ അങ്ങനെ ചെയ്തു? അയാളിനി അവളുമായി പ്രണയത്തിലായിരുന്നു എന്നുവരുമോ? അവസാനമായി ഒരുവട്ടം കൂടി അവളെ തന്റെ കൈകളില്‍ ചേര്‍ത്തുപിടിക്കണമെന്ന് അയാള്‍ക്ക് തോന്നിക്കാണുമോ? അവളുടെ തലയെടുത്ത് സ്വന്തം മടിയിലേക്കുവെച്ച് കരയണമെന്നോ മറ്റോ? ഒരുനിമിഷം യുദ്ധത്തിന്റെ അസംബന്ധവും അനര്‍ത്ഥവും അയാളെ കീഴ്മേല്‍ മറിച്ചുകാണുമോ? ഒരു യുദ്ധത്തിലും ഒരിക്കലും പങ്കെടുക്കാനിടയില്ലാത്ത തന്റെ പത്നി വിദേശത്തൊരു ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായതിലുള്ള വിധിവൈപരീത്യമോര്‍ത്ത് അയാളെ പൊടുന്നനെ വിഷാദം ബാധിച്ചിരിക്കുമോ? പിറന്നതോ പിറക്കാനിരിക്കുന്നതോ ആയ കുഞ്ഞുങ്ങളെപ്പറ്റി അയാള്‍ ഓര്ത്തതാകുമോ? തനിക്കിനി എന്തുപറ്റിയാലും കുഴപ്പമില്ലെന്ന് അയാള്‍ തീരുമാനിച്ചതാണോ?
എല്ലാം സാധ്യതകളാണ്. നമുക്കറിയില്ല. കാരണമെന്തെന്ന് ഉറപ്പു പറയാനാവില്ല. പക്ഷെ ഊഹിക്കാനാകും. അയാളുടെ പ്രവൃത്തിയില്‍ അതെല്ലാമുണ്ട്.
ദക്ഷിണാഫ്രിക്കയിലെ അജ്ഞാതമായ ഒരു തടവറയില്‍ നിക്കോളായ് കുറേകാലം ചെലവഴിച്ചു. റഷ്യന്‍, കമ്യൂണിസ്റ്റ്, പട്ടാളക്കാരന്, സര്‍ജന്റ് മേജര്‍, ശത്രു എന്നിങ്ങനെയുള്ള കുപ്പായങ്ങളൊന്നുമില്ലാതെ. വെറും മനുഷ്യനായി. ഹൃദയമുള്ള, തന്റെ ഭാര്യയോട് കനിവും അലിവും തോന്നിയ ഒരു സാധാരണ മനുഷ്യനായി.
എവിടെയായിരുന്നാലും, നിക്കോളായ്, നിങ്ങളുടെ ഹൃദയത്തില്‍ ഒരു വെളിച്ചം കത്തുന്നുണ്ടാവും. മനുഷ്യനെക്കുറിച്ചുള്ള പ്രത്യാശയുടെ ഒരു വിളക്ക്.
ആ പ്രചാരണങ്ങള്‍ വീണ്ടുമോര്ത്തുപോകുന്നു: 'റഷ്യക്കാര്‍ ഭയങ്കര ക്രൂരന്മാരാണ്, നേരോ നെറിയോ തീണ്ടാത്തവര്, എന്തും ചെയ്തുകളയുന്നവര്, വൃത്തികെട്ട വര്‍ഗം, പൊതുവെ പറഞ്ഞാല്‍ പിശാചുക്കള്‍. ലോകത്തിലെ മിക്കവാറും കുഴപ്പങ്ങള്‍ക്കും കാരണം അവരാണ്. - അവര്‍ ഒരിക്കലും നമ്മെപ്പോലെയല്ല.'
ശരിയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അസാധാരണ അധ്യാപിക | മുറിവേറ്റവര്‍ക്കുള്ള കഥകള്‍-04
ഏതോ ഒരാള്‍| മുറിവേറ്റവര്ക്കുളള കഥകള്‍-07
അജ്ഞാതന്‍| മുറിവേറ്റവര്‍ക്കുള്ള കഥകള്‍-08
ജീവന്റെ താളം | മുറിവേറ്റവര്‍ക്കുള്ള കഥകള്‍-09