മോക്ക് ഡ്രില്‍, നിരോധനാജ്ഞ, ഒഴിപ്പിക്കല്‍; മരട് ഫ്ളാറ്റ് പൊളിക്കുമ്പോള്‍ മുന്‍കരുതലുകള്‍ ഇങ്ങനെ
ജനുവരി 11ന് പതിനൊന്ന് മണിക്ക് ആദ്യം ഹോളിഫെയ്ത്ത് എച്ച്ടുഒയും രണ്ടാമത് 11.05ന് ആല്‍ഫ സെറീന് ഫ്ളാറ്റുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മരടില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിയ്ക്കും. നേരത്തെ അര മണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു നീക്കം. ജനുവരി 11ന് പതിനൊന്ന് മണിക്ക് ആദ്യം ഹോളിഫെയ്ത്ത് എച്ച്ടുഒയും രണ്ടാമത് 11.05ന് ആല്‍ഫ സെറീന് ഫ്ളാറ്റുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജനവാസം കുറഞ്ഞ മേഖലകളിലെ ഫ്ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്ന സമീപവാസികളുടെ ആവശ്യം ജില്ലാഭരണകൂടം തളളിയിരുന്നു. ജനുവരി 12നാണ് ജയിന് കോറല്‍ കേവ്, ഗോള്‍ഡന്‍ കായലോരവും പൊളിക്കുന്നത്. പൊളിക്കുന്നതിനായി വിശദമായ പദ്ധതി തയ്യാറായതായി കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.
കെട്ടിടങ്ങള്‍ പൊളിക്കുന്ന ദിവസങ്ങളില്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഈ മാസം 11, 12 എന്നീ തിയതികളില്‍ രാവിലെ 11 മുതല്‍ നിയന്ത്രിത സ്ഫോടനം കഴിഞ്ഞ് മാലിന്യം ശുചീകരിക്കുന്നത് വരെയായിരിക്കും സെക്ഷന്‍ 144 അനുസരിച്ച് നിരോധനാജ്ഞ നിലനില്ക്കുക. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ആയിരിയ്ക്കും നിരോധനാജ്ഞ ബാധകമാവുക.
ഫ്ളാറ്റുകള്‍ പൊളിക്കാനുളള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഫ്ളാറ്റുകളിലെ ദ്വാരങ്ങളില്‍ സ്ഫോടക വസ്തു നിറക്കുന്നത് തുടരുകയാണ്. എമല്‍ഷെന്‍ എക്സ്പ്ലോസിവ്സ് ആണ് ഫ്ളാറ്റുകളില്‍ ഉണ്ടാക്കിയ ദ്വാരങ്ങളില്‍ നിറക്കുന്നത്. തിങ്കളാഴ്ചയോടെ ജെയിന് കോറല്‍ കേവ്, അതിനുശേഷം ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലും സ്ഫോടക വസ്തു നിറക്കല്‍ നടത്തും.
സ്ഫോടനത്തിന് മുമ്പുളള മുന്നൊരുക്കങ്ങള്‍
- സ്ഫോടനം നടക്കുമ്പോള്‍ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
- തലേദിവസം മോക്ക് ഡ്രില്‍
- പ്രകമ്പനം പഠിക്കാനായി പ്രത്യേക സംഘം
- പരിസരത്തെ 200 പേരെ ഒഴിപ്പിക്കും, അവര്‍ക്കായി രണ്ട് കേന്ദ്രങ്ങള്‍
- പൊളിക്കുന്നതിന് മുമ്പ് എല്ലാ വീടുകളിലും ആളില്ലെന്ന് ഉറപ്പാക്കും
- പ്രദേശത്ത് 500 പൊലീസുകാരെ വിന്യസിക്കും
- നിയന്ത്രണത്തിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റും
- സ്ഫോടനം കാണാനായി പ്രത്യേകം സ്ഥലങ്ങള്‍
- പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികളെ അറിയിക്കാന്‍ സൈറണ്‍ മുഴക്കും
- നാട്ടുകാര്‍ക്ക് ബോധവത്കരണം തുടങ്ങി
- 200 മീറ്റര്‍ ചുറ്റളവിലുളള റോഡുകളില്‍ ഗതാഗത നിയന്ത്രണം.
കെട്ടിടങ്ങള്‍ പൊളിക്കുന്ന ദിവസം രാവിലെ ഒമ്പത് മുതലാണ് കുണ്ടന്നൂര്‍-തേവര പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ വരുന്നതിനാല്‍ കൊച്ചി ബൈപ്പാസിലും കുറച്ച് നേരത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടാകും. ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ ആഘാതം പഠിക്കാനായി പത്തിടങ്ങളിലാണ് ചെന്നൈ ഐഐടിയിലെ സംഘം ആക്സിലറോമീറ്റര്‍ സ്ഥാപിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!