ആറ് മാസമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം ഉണ്ടായില്ല; കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍
നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ നിലപാടുകള്‍ ഉറപ്പിച്ചുനിര്‍ത്താനും അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റ നീക്കത്തെ ലഘൂകരിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്ന നിരീക്ഷണങ്ങള്‍ ഉണ്ട്.
കഴിഞ്ഞ ആറ് മാസമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി മാറ്റുന്നതിന് ചൈന പലതവണ ശ്രമിച്ചു എന്ന് ഇന്ത്യ ആരോപിക്കുകയും ലഡാക്ക് അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ സംഘര്‍ഷവും ഉണ്ടായ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ വിശദീകരണം.
ബിജെപി എംപി അനില്‍ അഗര്‍വാള്‍ എഴുതി നല്കിയ ചോദ്യത്തിന് രാജ്യസഭയിലാണ് സര്‍ക്കാരിന്റെ മറുപടി. കഴിഞ്ഞ ആറ് മാസമായി അതിര്‍ത്തിയില്‍ പാകിസ്താനില്‍നിന്നും ചൈനയില്‍നിന്നും നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നതായും അത് തടയാന്‍ എന്ത് നടപടിയെടുത്തു എന്നുമായിരുന്നു ചോദ്യം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് ആണ് രാജ്യസഭയില്‍ ഇതിന് ഉത്തരം നല്‍കിയത്. പാകിസ്താന്റെ ഭാഗത്തുനിന്ന് ഏപ്രിലില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായി എന്ന് മറുപടിയില്‍ പറയുന്നു. എന്നാല്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറ് മാസത്തിനിടയില്‍ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ചൈന അനധികൃതമായി തുടരുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
'മെയ് പകുതിയോടെ, പടിഞ്ഞാറന്‍ ലഡാക്ക് മേഖലയുടെ മറ്റ് ഭാഗങ്ങളില്‍ യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിക്കാന്‍ ചൈനീസ് പക്ഷം നിരവധി ശ്രമങ്ങള്‍ നടത്തി. ഇതില്‍ കൊങ്കലാ, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കേകരയും ഉള്‍പ്പെടുന്നു. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ആരും സംശയിക്കേണ്ടതില്ല. പരസ്പര ബഹുമാനവും സമാധാനപരമായ ബന്ധങ്ങളുമാണ് ഇന്ത്യയുടെ താല്പരര്യം'-രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ലഡാക്കിലെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ വിവരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ ഒരിഞ്ച് ഭൂമിപോലും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. പിന്നീട് ചൈനീസ് സൈന്യം കടന്നുകയറിയ ഭാഗത്തുനിന്ന് പിന്മാറാന് തയ്യാറായി എന്ന് ഇന്ത്യ അവകാശപ്പെട്ടു.
കയ്യേറിയില്ലെന്ന് പറഞ്ഞതിന് ശേഷം പിന്മാറാന് തയ്യാറായി എന്ന വെളിപ്പെടുത്തലിലൂടെ സര്‍ക്കാരിന്റെ വിശദീകരണങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. അതിര്‍ത്തിയില്‍ നടക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ അന്നത്തെ പ്രതികരണം.
നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ നിലപാടുകള്‍ ഉറപ്പിച്ചുനിര്‍ത്താനും അതേസമയം ചൈനീസ് നുഴഞ്ഞുകയറ്റ നീക്കത്തെ ലഘൂകരിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്ന നിരീക്ഷണങ്ങള്‍ ഉണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!