അന്തരിച്ച എഴുത്തുകാരി ടോണി മോറിസണ്ണിന്റെ വാക്കുകളിലൂടെ...
അധ്യാപിക, നോവലിസ്റ്റ്, എഡിറ്റർ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ ടോണി മോറിസൺ എന്ന ആഫ്രോ-അമേരിക്കൻ എഴുത്തുകാരി. 1987 ലെ "പ്രിയപ്പെട്ടവൾ " എന്ന നോവലിന് പുലിറ്റ്സർ സമ്മാനം നേടി, 1993 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ കറുത്ത വനിതയായിരുന്നു, 88 ആം വയസ്സിൽ അന്തരിച്ച ടോണി മോറിസൺ.
സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ, എന്തിന് പ്രേതങ്ങളുടെയും മിത്തുകളുടെയും എല്ലാം സങ്കീർണമായ ലോകത്തെ അവരുടെ അനന്യസാധാരണമായ ഭാഷയിൽ തുന്നിയെടുത്ത് ലോകത്തിന് മുന്നിൽവച്ചു. 'ദ് ബ്ലൂവെസ്റ് ഐ' കൊണ്ട് ലോകത്തിന് മുന്നിൽ കാഴ്ചയുടെ പുതിയ ലോകം അവതരിപ്പിച്ചു കൊണ്ടാണ് ടോണി മോറിസൺ ലോകത്തെ തന്റെ ഭാവനാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
"അവർ ഞങ്ങളുടെ മനസാക്ഷിയായിരുന്നു. ഞങ്ങളുടെ ദാർശനിക, ഞങ്ങളുടെ സത്യം തുറന്നുപറഞ്ഞവർ," പ്രശസ്ത ടിവി താരം ഓപ്ര വിൻഫ്രി പറഞ്ഞു. "അവർ ഭാഷ കൊണ്ട് ജാലവിദ്യ കാണിച്ചവരാണ്, വാക്കുകളുടെ ശക്തി മനസ്സിലാക്കിതന്നവരാണ്. അവർ ഞങ്ങളെ ഉണർത്തി, ഞങ്ങളെ പഠിപ്പിച്ചു, ഞങ്ങളുടെ ആഴമേറിയ മുറിവുകളുമായി പൊരുത്തപ്പെടാനും അവയെ മനസ്സിലാക്കാനും സഹായിച്ചു."
പ്രധാന പുസ്തകങ്ങൾ: ദ് ബ്ലൂവെസ്റ് ഐ, സോങ് ഓഫ് സോളമൻ, ഡ്രീമിങ് എമ്മെറ്റ്
1931 ഫെബ്രുവരി 18 ന് ഒഹായോയിലെ ലോറൈനിൽ ആണ് ജനിച്ചത്. വാഷിംഗ്ടണിലെ ഹോവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അവർ, കോർനെൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 2012 ൽ മോറിസന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ബറാക് ഒബാമ നൽകിയിരുന്നു.
ടോണി മോറിസൺ ലോകത്തോട് പറഞ്ഞ ചില കാര്യങ്ങൾ:
**********************************************************************************
നീ വിലയില്ലാത്തവളാണെന്ന് അവൻ കരുതിയാൽ നീയും അത് തന്നെ വിശ്വസിക്കുന്നു. അവനു നിന്നെ വേണ്ടാതാകുമ്പോൾ അത് ശരിയായ തീരുമാനമാണെന്ന് നീയും കരുതുന്നു. നിന്നെ കുറിച്ചുള്ള അവന്റെ മുൻവിധികളും അഭിപ്രായവും ശരിയാണെന്ന് നീയും അംഗീകരിക്കുന്നു. അവൻ നിന്നെ ചവറ്റുകുട്ടയിലേക്കെറിയുമ്പോൾ നീയൊരു പാഴ് വസ്തുവാണെന്ന് സ്വയം കരുതുന്നു. നീ അവന്റേതാകാൻ ആഗ്രഹിക്കുന്നതുകൊണ്ട്, അവൻ നിന്റേതാണെന്ന് നീ തെറ്റിദ്ധരിക്കുന്നു. അരുത് അങ്ങനെ ചിന്തിക്കരുത്. 'അവകാശം' എന്നത് ഒരു മോശം വാക്കാണ്. പ്രത്യേകിച്ചും നിങ്ങൾ അത് പ്രണയത്തോട് കൂട്ടി ചേർക്കുമ്പോൾ. പ്രണയം അങ്ങനെയല്ല. മേഘങ്ങൾ പർവതത്തെ സ്നേഹിക്കുന്നത് നീ കണ്ടിട്ടുണ്ടോ? മേഘങ്ങൾ പർവ്വതങ്ങളെ പൊതിയുന്നു. ചിലപ്പോൾ മേഘങ്ങൾ മൂലം നിനക്ക് ആ പർവ്വതത്തെ കാണാൻ പോലും കഴിയില്ല. പക്ഷേ, ഒരു കാര്യം ഓർക്കണം? നീ മുകളിലേക്ക് കയറിചെന്നാൽ നിനക്ക് എന്താണ് എന്താണ് കാണാൻ കഴിയുക?നിനക്ക് പർവതത്തിന്റെ തല കാണാൻ സാധിക്കും. മേഘങ്ങൾ ഒരിക്കലും പർവതത്തിന്റെ തല മറയ്ക്കുന്നില്ല. ഒരിക്കലും അതിനെ പൂർണമായി അവർ പൊതിയുന്നില്ല. മറയ്ക്കാനോ ബന്ധിക്കാനോ ശ്രമം ഇല്ലാതെ, സ്വതന്ത്രമായി തല ഉയർത്തിപ്പിടിക്കാൻ ആ ബന്ധത്തിൽ അവർക്ക് സാധിക്കുന്നു. നമുക്ക് ഒരു മനുഷ്യനെ സ്വന്തമാക്കാൻ കഴിയില്ല. നിങ്ങൾക്ക് സ്വന്തമല്ലാത്തത് പിന്നെ നിങ്ങൾക്കെങ്ങനെ നഷ്ടമാകും. അവൻ നിന്റെ സ്വന്തമായി എന്ന് തന്നെ ഇരിക്കട്ടെ. നീ ഒപ്പം ഇല്ലാതെ, അസ്തിത്വം ഇല്ലാത്ത ഒരാളെ നിനക്ക് സ്നേഹിക്കാൻ കഴിയുമോ? നിനക്ക് അങ്ങനെ ഒരാളെ സ്നേഹിക്കണോ? നീ എല്ലാ൦ ഇട്ടെറിഞ്ഞിട്ടുപോയാൽ ആ നിമിഷം തകർന്നടിഞ്ഞു പോകുന്ന ഒരാളെ നിനക്ക് വേണോ? നിനക്ക് ഒരിക്കലും അങ്ങനെ ഒരു പുരുഷനെ സ്നേഹിക്കാൻ സാധിക്കില്ല. ഒരു പുരുഷനും അത് പോലെ സാധിക്കില്ല. നിന്റെ ജീവിതമാണ് അവന് അടിയറവു വെക്കുന്നത്. നിന്റെ വിലപ്പെട്ട ജീവിതം.നിനക്ക് അതിനെ ഒരു വിലയും ഇല്ലെങ്കിൽ, അത്ര എളുപ്പത്തിൽ അവനു വിട്ടുകൊടുക്കുമെങ്കിൽ, അവൻ പിന്നെ അതിനെ വിലമതിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ? നിനക്ക് നിന്നിൽ ഇല്ലാത്ത മതിപ്പ് അവൻ കാണിക്കുമോ?
***************************************************
ഞാൻ എന്റെ വിദ്യാർത്ഥികളോട് പറയാറുണ്ട്, 'നിങ്ങൾക്ക് നല്ല ജോലികൾ കിട്ടുമ്പോൾ ഒരു കാര്യം ഓർക്കണം, നിങ്ങളുടെ യഥാർത്ഥ ജോലി മറ്റൊന്നാണ്. നിങ്ങൾ സ്വതന്ത്രനാണെങ്കിൽ, നിങ്ങൾ മറ്റൊരാളെ മോചിപ്പിക്കണം. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ, മറ്റൊരാളെ ശാക്തീകരിക്കണം.
*********************************************************
നമ്മൾ പുറന്തള്ളിയതും, അവളിലേക്ക് വലിച്ചെറിയുകയും ചെയ്ത മാലിന്യങ്ങളെല്ലാം അവൾ ആഗിരണം ചെയ്തു. അവളുടെ സൗന്ദര്യം,നമുക്ക് നൽകി. അവളെ ഉപയോഗിച്ച് സ്വയം വൃത്തിയായപ്പോൾ നമ്മൾ ആഹ്ളാദിച്ചു. വിരൂപയായിപോയ അവളോടൊപ്പം ചേർന്ന് നിന്നപ്പോൾ നമുക്ക് സൗന്ദര്യം ഉണ്ടെന്നു തോന്നി. അവളുടെ ലാളിത്യം നമ്മളെ അലങ്കരിച്ചു, അവളുടെ കുറ്റബോധം നമ്മളെ വിശുദ്ധീകരിച്ചു, അവളുടെ വേദനയിൽ നമ്മളുടെ ആരോഗ്യ൦ തിളങ്ങിനിന്നു. അവളുടെ പ്രതികരണമില്ലായ്മയിൽ നമുക്ക് നല്ല നർമ്മബോധം ഉണ്ടെന്ന് നമ്മൾ തെറ്റിദ്ധരിച്ചു. അവളുടെ നിശബ്ദതയിൽ നമ്മൾ വലിയ പ്രാസംഗികരാണെന്ന് സ്വയമേ വിശ്വസിച്ചു. അവളുടെ ദാരിദ്ര്യം നമ്മളെ സമ്പന്നരാക്കി. അവൾ ഉണർന്നിരുന്ന് കണ്ട സ്വപ്നങ്ങൾ - നമ്മുടെ പേടിസ്വപ്നങ്ങളെ നിശബ്ദമാക്കാൻ നമ്മൾ ഉപയോഗിച്ചു. അവൾ ഇതിനെല്ലാം അനുവദിച്ചപ്പോൾ നമ്മൾ അവളെ അവഹേളിച്ചു, പുച്ചിച്ചു. അവളുടെ മേൽ നമ്മൾ ആധിപത്യം സ്ഥാപിച്ചു, നമ്മുടെ മോശം സ്വഭാവങ്ങളെ അവളുടെ ദുർബലതകൊണ്ട് സംരക്ഷിച്ചു. സത്യമെന്തന്നറിയാതെ ശക്തരാണെന്ന് അഹങ്കരിച്ചു.
ഇതെല്ലം ഒരു ഫാന്റസി മാത്രമാണ്. നമ്മൾ ശക്തരല്ല, ആക്രമണകാരികളാണ്. നമ്മൾ സ്വതന്ത്രരല്ല, അതിനു അനുവാദം കിട്ടിയവർ മാത്രമാണ്. നമ്മൾ അനുകമ്പയുള്ളവരല്ല, മര്യാദ പ്രകടിപ്പിക്കുന്നവരാണ്. നമ്മൾ നല്ലവരല്ല, നന്നായി പെരുമാറുന്നവർ മാത്രമാണ്. നമ്മൾ ധൈര്യമുണ്ടെന്നു വരുത്താൻ മരണത്തോട് കളിച്ചു. ജീവിതത്തിൽ നിന്ന് കള്ളനെ പോലെ ഒളിച്ചുനിന്നു. ബുദ്ധിക്കു പകരം ഭാഷ പ്രാവീണ്യം പ്രയോഗിച്ചു, സ്വഭാവങ്ങൾ മാറ്റി നമ്മൾ പക്വതയുള്ളവരെന്ന് അഭിനയിച്ചു. നുണകളെ പുനഃക്രമീകരിച്ചു നമ്മൾ അതിനെ സത്യം ആക്കാൻ ശ്രമിച്ചു.
*************************************************************