24 മണിക്കൂറിൽ 83,883 പേർക്ക് കൊവിഡ്, 1043 മരണം; ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന ഇന്ത്യയിൽ; രോഗികൾ 38 ലക്ഷം കടന്നു
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മരണസംഖ്യ 25,000 കടന്നു.
ഇന്ത്യയിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 83,883 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പതിദിന നിരക്കാണിത്. 1043 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 38.53 ലക്ഷമായി ഉയർന്നു. ഇതിൽ 29.7 ലക്ഷം പേർ രോഗവിമുക്തി നേടി. നിലവിൽ 8.15 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് ബാധിച്ചു 67,376 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 292 പേരും കർണാടകത്തിൽ 113 പേരും പഞ്ചാബിൽ 106 പേരും ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 11.72 ലക്ഷം ടെസ്റ്റുകൾ നടത്തിയതായും ഇതുവരെ മൊത്തം 4.55 കോടി ടെസ്റ്റുകളാണ് നടത്തിയതെന്നും ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രണ്ട് ലക്ഷത്തിലേറെ പേരാണ് ചികിത്സയിൽ ഉള്ളത്. 5.98 ലക്ഷം പേർ രോഗവിമുക്തരായി. 25,195 പേർ മരിച്ചു. ആന്ധ്രാ പ്രദേശിൽ 1.03 ലക്ഷം, കർണാടകത്തിൽ 94478, ഉത്തർ പ്രദേശിൽ 56459 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ഡൽഹിയിൽ 4481 പേരും ആന്ധ്രാ പ്രദേശിൽ 4125 പേരും ഗുജറാത്തിൽ 3046 പേരും കർണാടകത്തിൽ 5950 പേരും തമിഴ്നാട്ടിൽ 7516 പേരും ഉത്തർ പ്രദേശിൽ 3616 പേരും മരിച്ചു.
ലോകമെമ്പാടും 2.61 കോടി ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1.84 കോടി പേർ രോഗവിമുക്തരായി. നിലവിൽ 68.69 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8.67 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലും പെറുവിലുമാണ് കൂടുതൽ രോഗബാധിതർ. അമേരിക്കയിൽ 62.9 ലക്ഷം പേർക്കും ബ്രസീലിൽ 40.01 ലക്ഷം പേർക്കും റഷ്യയിൽ പത്തു ലക്ഷത്തിലേറെ പേർക്കും രോഗമുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!